കൊറോണ പൂട്ടിയ ഹോട്ടലുകാർക്ക്‌ വഴികളിനിയുമുണ്ട്…

Join our Group
Spread the love

കൊറോണ മൂലം സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന ഒരുപാട് മേഖലകളിൽ ഒന്നാണ് റെസ്റ്റോറന്റ് മേഖലയും. ചെറുകിട ഹോട്ടലുകാരും ഭക്ഷണ വിപണന വ്യവസായികളും  ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയമാണ്. ദിവസം മൂവായിരം രൂപയാണ് ഒരു ചെറുകിട ഹോട്ടലുകാരന്റെ ഒരു ദിവസത്തെ നഷ്ടം. സർക്കാർ ലോക്ക് ഡൗൺ  ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും സാധാരണ ഹോട്ടലുടമക്ക് ആശ്വാസകരമല്ല. ക്‌ളീനിംഗ് മുതൽ പാചകം വരെ അന്യ സംസ്ഥാന തൊഴിലാളികൾ ചെയ്തു കൊണ്ടിരുന്നിരുന്ന ഹോട്ടലുകളിൽ അവരുടെ പലായനം തൊഴിലാളി ക്ഷാമം സൃഷ്ടിച്ചു. സാമൂഹ്യ അകലം പാലിക്കാൻ ഒരു മേശയിൽ 2 പേർ മാത്രമേ പാടുള്ളൂ എന്ന് പറഞ്ഞതും ജീവനക്കാരുടെ എണ്ണം കുറക്കാൻ പറഞ്ഞതും പാർസൽ കൌണ്ടർ പ്രോത്സാഹിപ്പിക്കാൻ പറഞ്ഞതും വീണ്ടും ഹോട്ടലുകൾ തുറക്കുന്നതിൽ നിന്നും ഉടമകളെ പിന്നോട്ട് വലിക്കുന്നുണ്ട്. തങ്ങളുടെ ബിസിനസിനെ നഷ്ടമില്ലാതെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാമെന്ന ആലോചനയിലാണ് മിക്ക ഹോട്ടൽ ഉടമകളും.

 

സാമൂഹ്യ അകലവും ലോക്‌ഡൗണും  തുടർകഥയാകുന്ന ഈ സാഹചര്യത്തിൽ സർക്കാർ തന്നെ ഓൺലൈൻ സെർവീസിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഹോട്ടലുകൾക്കും ഇത് പിന്തുടരാവുന്നതാണ്. ഭക്ഷണം ഉണ്ടാക്കി വീടുകളിൽ ആവശ്യപ്രകാരം എത്തിച്ചു കൊടുക്കാം. ഓർഡർ എടുക്കാൻ തദ്ദേശ വാസികളായ ചെറുപ്പക്കാരുടെ സഹായം ആവശ്യപ്പെടാം.മൊബൈൽ ആപ്പ് സൃഷ്ടിക്കാം.ഒരു വലിയ പ്രദേശത്തെ ചെറുകിട ഹോട്ടൽ, ഭക്ഷ്യവിപണന ശാലകൾ ഏകോപിപ്പിച്ച് ഒരു മൊബൈൽ ആപ്പ് തയാറാക്കാം. അവിടുത്തെ എല്ലാ ഹോട്ടലുകളും  ലഭ്യമാകുന്ന വിഭവങ്ങളുടെ വിവരം  അന്നന്നു  ഈ ആപ്പിൽ രെജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഓർഡർ ചെയുമ്പോൾ ഏറ്റവും അടുത്തുള്ള ഹോട്ടലിൽ നിന്നും കാല താമസം ഇല്ലാതെ ഉപഭോക്താവിന് വീട്ടിൽ ഭക്ഷണം എത്തിക്കാൻ കഴിയും. ഇത് വഴി മിക്കവാറും എല്ലാ ഹോട്ടലുകൾക്കും ചുരുങ്ങിയ ഓർഡർ ലഭിക്കുകയും നഷ്ടങ്ങൾ ഇല്ലാതെ മുന്നോട്ട് പോകുകയും ചെയ്യാം.

 

ഹോട്ടൽ ജീവനക്കാർക്കു ചെയ്യാവുന്ന മറ്റൊരു പ്രയോജനകരമായ കാര്യമാണ് കുടിൽ വ്യവസായ വിഭവങ്ങൾ ശേഖരിക്കുക എന്നത്. വീട്ടിൽ നിർമിക്കുന്ന അച്ചാർ, പലഹാരങ്ങൾ തുടങ്ങിയവ ശേഖരിക്കാം.  അത് ആവശ്യമുള്ളവരിലേക്കു എത്തിക്കാം. ചെറിയൊരു ലാഭവിഹിതം നിർമാതാവിന് നൽകിയാൽ മതിയാകും. ഇത് വഴി എല്ലാ ആവശ്യക്കാർക്കും ഭക്ഷണം കൂടാതെ തന്നെയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ എത്തിക്കാൻ കഴിയും. ഹോട്ടലുകളിൽ ജോലിക്കാർ ഇല്ലാത്തത് മൂലം കഷ്ടപ്പെടുന്ന ഉടമകൾക്ക് വീടുകളിൽ പാചകം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങി വില്പന നടത്താം. തൊഴിൽ നഷ്ടമായ പ്രവാസികൾ, പാചകം അറിയാവുന്ന വീട്ടമ്മമാർ, തുടങ്ങിയവർക്കും ഇതൊരു വരുമാന മാർഗ്ഗമാകും. സർക്കാരിന്റെയും വ്യാപാരി വ്യവസായ ഏകോപന സമിതിയുടെയും സഹായത്തോടെ ഒരു മൊബൈൽ ആപ്പ് കൂടി സൃഷ്ടിച്ച്‌ ഹോട്ടൽ ഉടമകൾക്ക് ഇപ്പോഴത്തെ ഈ  പ്രതിസന്ധി മറി കടക്കാം.

 

ഇതിനോടൊപ്പം ഏറെ പ്രാധാന്യം നൽകേണ്ട വിഷയമാണ് കൊറോണ പ്രതിരോധത്തിന് വിഘാതം സൃഷ്ടിക്കാതെ ബിസിനെസ്സ് മുന്നോട്ട് കൊണ്ട് പോകുക എന്നത്. ഉപഭോക്താക്കളിൽ പലരും കൊറോണ വ്യാപനം പേടിച്ച് ആദ്യമൊക്കെ ഈ സംരംഭത്തെ നിരാകരിച്ചേക്കാം. എന്നാൽ സ്വയം കരുതലോടെ സുരക്ഷ മുന്നൊരുക്കങ്ങളോടെ ഈ പ്രശ്നത്തെ അതിജീവിക്കാൻ കഴിയും. ഹോട്ടലുകളുടെ അടുക്കളയും പരിസരവും എപ്പോഴും ശുചിത്വമുള്ളതും അണുവിമുക്തമാകാനും ശ്രദ്ധിക്കണം. ജീവനക്കാർ എപ്പോഴും മാസ്ക്, ഗ്ലൗസ്, വൃത്തിയുള്ള ഏപ്രൺ ധരിച്ചിരിക്കണം. ഉപയോഗിക്കുന്ന പാത്രങ്ങൾ എപ്പോഴും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. ഭക്ഷണം നൽകുന്ന പാത്രങ്ങളും അനുബന്ധ സാമഗ്രികളും ഹോട്ട് എയർ ഓവൻ വഴി അണുവിമുക്തമാക്കാം. ഡെലിവറി ചെയ്യുന്ന ആളും മാസ്ക്, ഗ്ലൗസ് തുടങ്ങിയവ ധരിക്കുകയും പാർസൽ നല്‌കുന്നതിനു മുൻപും ശേഷവും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. ഭക്ഷണം വൃത്തിയായി പൊതിഞ്ഞു പ്രത്യേക കവറിങ് ചെയ്ത് നൽകുമ്പോൾ ഭക്ഷണ പാക്കറ്റ് അണുനശീകരണ ലായനിയിൽ നനച്ച ടിഷ്യു ഉപയോഗിച്ച് തുടച്ചു നൽകാം. ഇത് കസ്റ്റമറിന് പാർസൽ കൈപ്പറ്റാൻ കൂടുതൽ വിശ്വാസം നൽകും.

 

 

Ad Widget
Ad Widget

Recommended For You

About the Author: admin

Close