പട്ടിണിക്കിടില്ലെന്ന് ഉറപ്പ് നല്‍കി നെഞ്ചോട് ചേര്‍ത്തവളെ ഒറ്റയ്ക്കാക്കി ബാലഭാസ്‌കര്‍ യാത്രയായി

Spread the love

ആരാധകരുടെയും സുഹൃത്തുക്കളുടെയും ഉറ്റവരുടെയും പ്രാര്‍ത്ഥനകള്‍ നിഷ്ഫലമാക്കിക്കൊണ്ടാണ് വയലിന്‍ രാജകുമാരന്‍ ബാലഭാസ്‌കര്‍ വിട പറഞ്ഞത്. പ്രണയ വിവാഹമായിരുന്നു ബാലുവിന്റേതും, ലക്ഷ്മിയുടെയും. ആറ്റുനോറ്റ് കാത്തിരുന്നുണ്ടായ മകളും പതിനെട്ട് വര്‍ഷം കൂടെയുണ്ടായിരുന്ന ജീവന്റെ പാതിയും പോയതോടെ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഇതോടെ ഒറ്റയ്ക്കായി.
യൂണിവേഴ്‌സിറ്റി കോളേജിലെ കലാലയ ജീവിതത്തില്‍ മൊട്ടിട്ട പ്രണയം. ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നുള്ള വിവാഹം. പട്ടിണിക്കിടില്ലെന്ന് ഉറപ്പ് നല്‍കി നെഞ്ചോട് ചേര്‍ത്ത ആ പ്രണയത്തെക്കുറിച്ച് ബാലഭാസ്‌കര്‍ ഉള്ളു തുറന്നു പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ കണ്ണീരണിയിക്കുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാര്യ ലക്ഷ്മിയെക്കുറിച്ചും സംഭവബഹുലമായ വിവാഹത്തെക്കുറിച്ചും ബാലഭാസ്‌കര്‍ മനസ് തുറന്നത്.

ബാലഭാസ്‌കറിന്റെ വാക്കുകള്‍:

ക്രിസ്തുമസ് അവധി തുടങ്ങുകയാണ്. അവളുടെ കല്യാണം നിശ്ചയിച്ചു ആ സമയത്ത്. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്തവസ്ഥയായിരുന്നു. മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെ എന്റെ മുന്നില്‍ ഇല്ലായിരുന്നു. അവളോട് പറയാതെ ഞാനും എന്നെ ട്യൂഷന്‍ പഠിപ്പിക്കുന്ന വിജയ മോഹന്‍ സാറുമായി ലക്ഷ്മിയുടെ വീട്ടില്‍ പോയി. പെണ്ണ് ചോദിക്കാനായിരുന്നു പോക്ക്.
ബാലഭാസ്‌ക്കര്‍ എന്ന് പറയുന്ന ഏതോ ഒരു സിനിമാക്കാരന്‍ അവളുടെ പുറകെ നടപ്പുണ്ടെന്ന് അവര്‍ കേട്ടിരുന്നു. താടിയൊക്കെ വളര്‍ത്തിയ വലിയ ഒരാള്‍ എന്നായിരിക്കും അവര്‍ പ്രതീക്ഷിച്ചിരുന്നത്. അന്ന് ഇതിനെക്കാളും വൃത്തികെട്ട കോലമായിരുന്നു എന്റേത്. ഇപ്പോഴാണ് കാണാന്‍ ഒന്ന് ഭേദമായത്. വിജയ മോഹന്‍ സാറു കൂടി വരാമെന്ന് ഏറ്റതോടെ ഞങ്ങള്‍ അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. വീട്ടില്‍ ലക്ഷ്മിയുടെ അച്ഛന്‍ ഉണ്ടായിരുന്നു. ‘സാറ് കാര്യങ്ങള്‍ സംസാരിച്ചു. കുറച്ചുനാള്‍ കാത്തിരിക്കാം. ജോലിയൊക്കെയായിട്ട് പതുക്കെ മതിയെന്ന് സാറ് പറഞ്ഞു. വേറെ കല്ല്യാണം തീരുമാനിച്ചു വെച്ചിരിക്കുകയാണ്, ഇതെങ്ങനെ നടത്തിക്കൊടുക്കാന്‍ പറ്റുമെന്നൊക്കെയായിരുന്നു അവരുടെ പ്രതികരണം.


എന്റെടുത്ത് ചോദിച്ചു, ഇയാളുടെ പേരെന്താണെന്ന്. എനിക്ക് ബാലഭാസ്‌കര്‍ എന്നു പറയാന്‍ പെട്ടെന്നൊരു പേടി. ഞാന്‍ പറഞ്ഞു, കൃഷ്ണകുമാര്‍ എന്നാണ് പേരെന്ന്. മലയാളത്തിലാണ് പഠിക്കുന്നതെന്നും പറഞ്ഞു. ഞങ്ങള്‍ പഠിക്കുന്ന അതേ കോളേജിലാണ് അവളുടെ അനുജനും പഠിക്കുന്നത്. അതു കൊണ്ട് തന്നെ അവന് എന്നെ അറിയാം. അവന്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ പ്രശ്‌നമാകുമോയെന്നായിരുന്നു പേടി.കാര്യം നടക്കില്ലെന്ന് ഏകദേശം മനസിലായപ്പോള്‍ സാറിനോട് നമുക്ക് തിരിച്ചുപോകാമെന്ന് പറഞ്ഞു. പക്ഷേ സാറ് വീണ്ടും എനിക്ക് വേണ്ടി അവരെ നിര്‍ബന്ധിക്കുകയായിരുന്നു. അവസാനം എങ്ങനെയോ വിടിന് പുറത്തിറങ്ങി കോളേജിലെത്തി.
കോളേജിലെത്തി ലക്ഷ്മിയോട് കാര്യങ്ങള്‍ പറഞ്ഞു. നിനക്കിന്ന് വീട്ടില്‍ പോകുകയാണെങ്കില്‍ പോകാം പക്ഷേ ഇനി നിനക്ക് തിരിച്ച് കോളേജിലേക്ക് വരാന്‍ സാധിക്കില്ല. അതുകൊണ്ട് രണ്ട് ചോയ്‌സ് നിനക്ക് മുന്നില്‍ ഉണ്ട്. ഒന്നുകില്‍ നിനക്ക് വീട്ടിലേക്ക് പോകാം, അല്ലെങ്കില്‍ എന്റെ കൂടെ വരാം. എന്റെ കൂടെ വരികയാണെന്നുണ്ടെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ ശ്രമിക്കാം. തുടക്കത്തില്‍ വിവാഹത്തിന് ലക്ഷ്മി തയ്യാറായിരുന്നില്ല. കാരണം എനിക്കും അവള്‍ക്കും ജോലിയില്ല, കയ്യില്‍ സര്‍ട്ടിഫിക്കറ്റൊന്നുമില്ല, വസ്ത്രം പോലുമില്ല. പക്ഷേ ഞാന്‍ പറഞ്ഞു, ഒരു കാര്യം ഞാന്‍ ഉറപ്പ് പറയാം നിന്നെ പട്ടിണിക്കിടില്ല, വയലിന്‍ ട്യൂഷന്‍ എടുത്തായാലും നമുക്ക് ജീവിക്കാം എന്ന്. ഏതൊരു കാമുകനും പറയുന്ന കാര്യം തന്നെയാണ് അത്. തന്റേടം കാണിക്കാന്‍ എടുത്ത തീരുമാനം ആയിരുന്നില്ല അത്. അങ്ങനെ ഒരു എസ്‌കേപിസം എനിക്ക് വേണ്ട സമയമായിരുന്നു. ഒരുപാട് കോമ്പഌക്കേറ്റഡ് ആയ കുട്ടിക്കാലത്ത് ജീവിച്ച ആളാണ് ഞാന്‍. എനിക്ക് ശരിക്കും പറഞ്ഞാല്‍ കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ പറ്റിയ, എല്ലാ പിന്തുണയും നല്‍കുന്ന നല്ലൊരു സുഹൃത്തായിരുന്നു ലക്ഷ്മി. എന്റെ അച്ഛന്‍ എപ്പോഴും പറയും നീ ശരിക്കും രക്ഷപെട്ടതാണെന്ന്. കാരണം അവിടുന്നാണ് ഞാന്‍ ശരിക്കും എന്റെ ജീവിതം തുടങ്ങുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Leave a Reply

Your email address will not be published. Required fields are marked *

Close