ഗപ്പി വളർത്തലിലൂടെ വരുമാനം

Join our Whats App Group
Spread the love

“കൊതുക് നിർമ്മാർജനം” എന്ന ലക്ഷ്യത്തോടെ സമൂഹത്തിലേക്ക് വന്ന ഗപ്പികൾ ഇന്ന് ഏറെ വിപണന മൂല്യമുള്ള സംരംഭമായി മാറിയിരിക്കുകയാണ്. “ആയിരങ്ങളുടെ മത്സ്യം” എന്നറിയപ്പെടുന്ന ഇവയുടെ വളർത്തലും പ്രജനനവും ഏറെ ആദായകരമായ ഒരു സംരംഭമാണ്. പുതിയ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ചൊരു സ്വയം തൊഴിലാണ് ഗപ്പിവളർത്തൽ. താല്പര്യവും സമയവുമുണ്ടെങ്കിൽ അധികം മുതൽ മുടക്ക് ഒന്നുമില്ലാതെ തന്നെ ഈ മേഖലയിലേക്ക് കടന്നുവരാം. എണ്ണിയാൽ തീരാത്ത അത്രയും ഇനം ഗപ്പികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സാരീഗപ്പി എന്ന ഒറ്റയിനം ഗപ്പികളെ മാത്രം കണ്ട് പരിചിതരായിരുന്ന മലയാളികൾ, ഇന്ന് വിദേശയിനം ഗപ്പികളെ അടക്കം ബ്രീഡ് ചെയ്തു വിപണിയിൽ എത്തിക്കുന്നുണ്ട്. മറ്റനേകം അലങ്കാര മത്സ്യങ്ങൾ വിപണിയിലുണ്ടെങ്കിലും, ഗപ്പികൾക്ക് എന്നും ആവശ്യക്കാരേറെയാണ്. ‘ആൽബിനോ റിബ്ബൺ വെറൈറ്റി’കൾക്കാണ് നമ്മുടെ നാട്ടിൽ കൂടുതൽ പ്രിയം.

ആദ്യമായി, ഗപ്പി വളർത്തുവാൻ ആവശ്യമായ ടാങ്കുകൾ മട്ടുപ്പാവിലോ മറ്റോ സജ്ജമാക്കണം. ഇതിനായി ചിലവേറിയ സിമന്റ്‌ ടാങ്കുകൾ നിർമ്മിക്കേണ്ടതില്ല പകരം, മീനുകളുടെ എണ്ണത്തിനനുസരിച്ച് ഫ്രിഡ്ജ് ബോക്സുകൾ വാങ്ങിയാൽ മതിയാകും. ആക്രി വിൽക്കുന്ന കടകളിൽ നിന്നും ഇവ തുച്ഛമായ വിലയ്‌ക്ക് ലഭിക്കുന്നു, ശേഷം എം-സീൽ ഉപയോഗിച്ച് ഇവയിലെ സുഷിരങ്ങൾ അടക്കണം. ഇതിലൂടെ ടാങ്ക് നിർമ്മാണം എന്ന വലിയൊരു ചിലവ് ഒഴിവാകും. എല്ലാ ടാങ്കുകളിലും എയറേറ്റർ സൗകര്യം ഉറപ്പാക്കുക. സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ വിശ്വാസമുള്ള കർഷകരിൽ നിന്നോ മാത്രം ഗപ്പികളെ വാങ്ങുക. കാഴ്ചയിൽ കൂടുതൽ ഭംഗി ആൺമത്സ്യങ്ങൾക്കാണ്, എന്നാൽ ബ്രീഡിങിനായി ഗപ്പികളെ വാങ്ങുമ്പോൾ 2 പെൺമത്സ്യങ്ങൾക്ക്  1ആൺമത്സ്യം എന്ന അനുപാതത്തിൽ വാങ്ങുക. തുടക്കത്തിൽ തന്നെ വലിയ വിലയുള്ള ജോടികൾ വാങ്ങാതെ, 500 രൂപയിൽ താഴെ വിലയുള്ളവ വാങ്ങുവാൻ ശ്രദ്ധിക്കുക.

3 മാസം പ്രായമായ ഗപ്പികളെയാണ് പ്രജനനത്തിനായി തിരഞ്ഞെടുക്കേണ്ടത്. ജലത്തിലെ പി.എച്ച് മൂല്യം (pH) എപ്പോഴും 6.8-7.8 നും ഇടയിൽ നിലനിർത്തുന്നത് അവയ്ക്ക് രോഗം വരാതിരിക്കാൻ സഹായിക്കുന്നു. വളരെ എളുപ്പമാണ് ഗപ്പികളുടെ പ്രജനനമെങ്കിലും, ഏറെ സൂക്ഷ്മതയോടെ വേണം ഇത് കൈകാര്യം ചെയ്യാൻ, കാരണം ചെറിയ പിഴവുകൾ പോലും പുതിയ തലമുറയുടെ വംശ ശുദ്ധിയും ഗുണനിലവാരവും ഇല്ലാതാക്കിയേക്കും. ഗുണനിലവാരത്തെ ഏറെ സ്വാധീനിക്കുന്നത് അവയുടെ ഭക്ഷണ ക്രമമാണ്, അതുകൊണ്ട് തന്നെ പ്രജനന കാലയളവിൽ പോഷകസമ്പന്നമായ ഭക്ഷണം നൽകുവാൻ ശ്രദ്ധിക്കുക. പ്രജനനത്തിന് പാകമായ ആൺ, പെൺ മത്സ്യങ്ങൾക്ക്  ഇണ ചേരുവാനുള്ള അവസരം നൽകുക. ഇത്തരത്തിൽ ഇണ ചേർന്ന പെൺമത്സ്യം പുംബീജം ശരീരത്തിൽ ശേഖരിച്ചു വയ്ക്കുകയും തുടർന്നുള്ള 3-4 തവണകളിലെ പ്രത്യുത്പാദനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ഗപ്പികൾ കുഞ്ഞുങ്ങളെ ഭക്ഷിക്കുന്ന സ്വഭാവം ഉള്ളവയാണ്, അതിനാൽ തന്നെ വളരെയധികം ശ്രദ്ധയോടെ വേണം ഇവയുടെ ബ്രീഡിങ് ചെയ്യേണ്ടത്. പ്രസവസമയം അടുക്കാറായോ എന്നത് പെൺമത്സ്യത്തിന്റെ വയറിന്റെ വലിപ്പം കൂടുന്നതും, ചെകിളക്ക് താഴെയുള്ള ഗ്രാവിറ്റ് സ്പോട്ട് വ്യക്തമാകുന്നതും വഴി മനസ്സിലാക്കാം. ഇത്തരത്തിലുള്ള പെൺ മത്സ്യങ്ങളെ വളർത്തൽ ടാങ്കിൽ നിന്നും മാറ്റി ബ്രീഡിങ് കേജിൽ ഇടണം, പ്രസവിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഇവയെ റീയറിങ് ടാങ്കിൽ തിരികെ ഇടാനും മറക്കരുത്. ആദ്യ 20 ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് അർട്ടീമിയ വിരിയിച്ചത് മാത്രമേ നൽകുവാൻ  പാടുള്ളു. 20 ദിവസങ്ങൾക്കു ശേഷം മൊയ്‌ന, ഫ്രോസൺ ആർട്ടീമിയ, ടെട്രാഫീഡ് തുടങ്ങിയവ നൽകി തുടങ്ങാം. ലൈവ് ഫുഡ്‌ നൽകുന്നത് ചിലവ് കുറയ്ക്കും. 45 ദിവസം പ്രായമാകുമ്പോൾ ആൺ, പെൺ മത്സ്യങ്ങളെ തിരിച്ചറിയുവാൻ സാധിക്കും. ആദ്യ ബ്രീഡിങ് കഴിഞ്ഞു 25-28 ദിവസങ്ങൾക്കുള്ളിൽ ഇവ വീണ്ടും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. അതിനാൽ തന്നെ, കൃത്യമായി ദിനങ്ങൾ കുറിച്ചുവയ്ക്കേണ്ടത് ആവശ്യമാണ്, അല്ലാത്ത പക്ഷം അടുത്ത ബ്രീഡിങ്‌ അറിയാതെ പോവുകയും കുഞ്ഞുങ്ങളെ മുഴുവനായും നഷ്ടപ്പെടുകയും ചെയ്യും. ആദ്യ ബ്രീഡിങ്ങിൽ 10-15 കുഞ്ഞുങ്ങളെ മാത്രം ലഭിക്കുന്നത് പിന്നീട് ഉയർന്നു നൂറിലധികം കുഞ്ഞുങ്ങളെ ലഭിക്കുന്നു. ഇത്തരത്തിൽ ലഭിക്കുന്ന കുഞ്ഞുങ്ങളെ 3മാസം പ്രായമാകുമ്പോൾ തൊട്ട് ബ്രീഡിംഗ് നടത്താം, ഇങ്ങനെ കുറഞ്ഞ ചിലവിൽ മികച്ചയിനം മൽസ്യക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുവാൻ സാധിക്കും. കൃത്യമായ ഇടവേളകളിൽ ടാങ്ക് വൃത്തിയാക്കുവാൻ ശ്രദ്ധിക്കുക. ഗപ്പി വളർത്തലിൽ പരിചയ സമ്പന്നരായി കഴിഞ്ഞാൽ വ്യത്യസ്ത ഇനം ഗപ്പികളെ വാങ്ങി ബ്രീഡിങ് ആരംഭിക്കാം.

2 ½ മാസം പ്രായമായ ഗപ്പികുഞ്ഞുങ്ങളെ  വിപണിയിൽ എത്തിക്കാം. ഗുണനിലവാരത്തിന് അനുസരിച്ചു ഇവയ്ക്ക് വലിയ വില ലഭിക്കുന്നു. ഏറെ ആരാധകർ ഉള്ളത് കൊണ്ട് തന്നെ ഇവയെ വിൽക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല, അതിനാൽ തന്നെ കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം ഉണ്ടാക്കാവുന്ന ഒരു സംരംഭം തന്നെയാണ് “ഗപ്പി വളർത്തൽ”.

Read also: ആർട്ടീമിയ : കുഞ്ഞൻ മൽസ്യങ്ങളുടെ ഇഷ്ട ആഹാരം

ഈ വാർത്ത നിങ്ങൾക് പ്രയോജനപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. കൂടുതൽ അറിവുകൾക്കായി “എക്സ്പോസ് കേരള’യുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close