കെവിന്റേത് ദുരഭിമാനക്കൊല തന്നെ… ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി

Join our Group
Spread the love

പ്രണയ വിവാഹത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്‍ പി. ജോസഫിന്റേതു ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി നാലാണു സാഹചര്യങ്ങള്‍ പരിശോധിച്ചു ദുരഭിമാനക്കൊലയാണെന്നു വിധിച്ചത്. ഇത് സംബന്ധിച്ച പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.
ഇക്കഴിഞ്ഞ മേയ് 28നാണ് കോട്ടയം സ്വദേശിയായ കെവിനെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് ഷാനു ചാക്കോയെ മുഖ്യപ്രതിയാക്കി പ്രോസിക്യൂഷന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കെവിന്റെ ഭാര്യാപിതാവ് ചാക്കോയ്‌ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയ കുറ്റപത്രത്തില്‍ 12 പേര്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.
കെവിനും നീനുവുമായുള്ള പ്രണയത്തെ തുടര്‍ന്ന് വൈരാഗ്യം തോന്നിയ പ്രതികള്‍ കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു. കേസ് ദുരഭിമാനക്കൊലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
പോലീസും പ്രോസിക്യൂഷനും ദുരഭിമാനക്കൊലയാണെന്നു വാദിച്ചിരുന്നു. കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലെ വിരോധം മൂലം നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം കെവിനെയും ബന്ധുവിനെയും മേയ് 28നു തട്ടിക്കൊണ്ടു പോയി. ചാലിയക്കരയില്‍ വച്ചു കാറില്‍നിന്ന് ഇറങ്ങിയോടിയ കെവിന്‍ തൊട്ടടുത്ത തോട്ടില്‍ മുങ്ങി മരിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close