മുകേഷിനെതിരെ മീ ടൂ വിവാദത്തില്‍ പ്രതികരണവുമായി മേതില്‍ ദേവിക

Join our Whats App Group
Spread the love

മലയാളത്തിന്റെ പ്രിയ നായകനായ മുകേഷിനെ വിവാദത്തിലേക്ക് വലിച്ചിട്ട ടെസ് ജോസഫ് എന്ന യുവതിയുടെ മീ ടൂ വെളിപ്പെടുത്തലിനെക്കുറിച്ച് മേതില്‍ ദേവികയുടെ പ്രതികരണം എങ്ങനെയാണ് എന്ന ചിന്തയാണ് എല്ലാവരിലും ഉള്ളത്.
കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫാണ് അദ്ദേഹത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 19 വര്‍ഷം മുന്‍പ് കോടീശ്വരന്‍ പരിപാടിയുടെ സമയത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചാണ് അവര്‍ തുറന്നുപറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഈ സംഭവം വൈറലായി മാറിയത്.
സിനിമയിലും രാഷ്ട്രീയത്തിലും ടെലിവിഷനിലും സജീവമായ മുകേഷ് കൊല്ലംകാരുടെ എംഎല്‍എ കൂടിയാണ്. താരസംഘടനയായ എഎംഎംഎയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. തിരക്കുകളുമായി മുന്നേറുന്നതിനിടയിലാണ് അദ്ദേഹത്തെക്കുറിച്ച് ഇത്തരത്തിലൊരു ആരോപണമെത്തിയത്. സിനിമാലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയ സംഭവം കൂടിയായിരുന്നു. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും അങ്ങനെയൊരാളെ തനിക്കറിയില്ലെന്നും മുകേഷ് പറഞ്ഞിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണത്തില്‍ കഴമ്പുള്ളതായി വിശ്വസിക്കുന്നില്ലെന്ന് ഭാര്യയായ മേതില്‍ ദേവിക പറയുന്നു. ഒരു ന്യൂസ് ചാനലിന് നല്‍കിയ പ്രതികരണത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്
ഭാര്യയെന്ന നിലയില്‍ മുകേഷേട്ടനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ തനിക്ക് ആശങ്കയില്ലെന്ന് മേതില്‍ ദേവിക പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നുവെന്നാരോപിക്കുന്ന കാര്യങ്ങളില്‍ തനിക്ക് തെല്ലും ആശങ്കയില്ലെന്ന് താരപത്‌നി പറയുന്നു. ഒരു ന്യൂസ് ചാനലിനോട് സംസാരിക്കുന്നതിനിടയിലായിരുന്നു അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുകേഷേട്ടനുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അങ്ങനെയൊരു സംഭവം ഓര്‍മ്മയിലില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം തന്നോട് നുണ പറയില്ലെന്നാണ് വിശ്വാസമെന്നും ദേവിക പറയുന്നു.
സിനിമാമേഖലയിലെ തുറന്നുപറച്ചിലിന് വഴിയൊരുക്കിയ മീ ടൂ ക്യാംപയിനെ വ്യക്തിപരമായി പിന്തുണയ്ക്കുന്നുവെന്നും മേതില്‍ ദേവിക പറയുന്നു. നേരത്തെ മുകേഷും ഈ ക്യാംപയിനിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ നല്ലൊരു അവസരമാണ് ഇതെന്നും മീ ടൂ വന്നത് നന്നായെന്നും ദേവിക പറയുന്നു. എന്നാല്‍ അതേ സമയം തന്നെ പുരുഷന്‍മാര്‍ക്ക് പ്രകോപനപരമായ സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്കെതിരെയും ഇത്തരത്തിലൊരു ക്യാംപയിന്‍ വേണ്ടതല്ലേയെന്നും അവര്‍ ചോദിക്കുന്നു.
മുകേഷേട്ടന്റെ മൊബൈല്‍ പലപ്പോഴും താനാണ് കൈകാര്യം ചെയ്യാറുള്ളതെന്നും ഒരുപാട് സ്ത്രീകള്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ഭാര്യയെന്ന നിലയില്‍ മറ്റൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റായാണ് അതിനെ കാണുന്നത്. അതിനൊരു ക്യാംപയിനിങ്ങ് ആവശ്യമില്ലേയെന്നാണ് തന്റെ ചോദ്യമെന്നും മേതില്‍ ദേവിക പറയുന്നു.
19 വര്‍ഷം മുന്‍പ് കോടീശ്വരന്‍ ടെലിവിഷന്‍ പരിപാടിക്കിടയില്‍ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ടെസ് ജോസഫ് പറഞ്ഞത്. അദ്ദേഹം നിരന്തരം തന്നെ വിളിച്ച് തന്റെ അടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു. ഫോണ്‍വിളികള്‍ കൂടിയപ്പോള്‍ തന്റെ മേധാവിയായ ഡെറിക്ക് ഒബ്രയാനോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. അന്ന് ഇത്തരത്തിലൊരു സംഭവം തുറന്നുപറയാന്‍ ധൈര്യമില്ലായിരുന്നുവെന്നും മീ ടൂ തരംഗമായി മാറിയപ്പോഴാണ് താന്‍ ഇക്കാര്യം തുറന്നുപറയാന്‍ തീരുമാനിച്ചതെന്നും ടെസ് പറഞ്ഞിരുന്നു.
മുകേഷിന്റെ പ്രതികരണം അത്തരത്തില്‍ ഒരു സംഭവം തന്റെ ഓര്‍മ്മയിലില്ലെന്നും ഈ പെണ്‍കുട്ടിയെ തനിക്കറിയില്ലെന്നുമായിരുന്നു മുകേഷ് പറഞ്ഞത്. താനങ്ങനെ ഫോണില്‍ വിളിച്ച് ആരെയും ശല്യം ചെയ്തിട്ടില്ലെന്നും രാഷ്ട്രീയത്തിലും സിനിമയിലും സജീവമായതിനാല്‍ ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഡെറിക്ക് ഒബ്രയാന്‍ തന്റെ അടുത്ത സുഹൃത്താണെന്നും ഇത്തരത്തില്‍ വല്ല സംഭവവും ഉണ്ടായിന്നെങ്കില്‍ അന്നേ അദ്ദേഹം തന്നോട് സൂചിപ്പിച്ചേനെയെന്നും മുകേഷ് പറഞ്ഞിരുന്നു.
മുകേഷിന്റെ മുന്‍ഭാര്യയായ സരിതയുടെ വാക്കുകളും ഇതുമായി ബന്ധപ്പെട്ട് വൈറലായി മാറിയിരുന്നു. സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത ആളാണ് മുകേഷെന്നും അദ്ദേഹത്തില്‍ നിന്നും വിവാഹ മോചനം നേടിയതിന് പിന്നിലെ കാരണത്തെക്കുറിച്ചുമൊക്കെ ഇവര്‍ നേരത്തെ തന്നെ തുറന്നടിച്ചിരുന്നു. മീ ടൂ വെളിപ്പെടുത്തല്‍ വൈറലായി മാറിയതോടെയാണ് സരിതയുടെ തുറന്നുപറച്ചിലും വീണ്ടും ചര്‍ച്ചയായത്.
പ്രണയിച്ച് വിവാഹിതരായവരാണ് മേതില്‍ ദേവികയും മുകേഷും. തന്റെ എല്ലാ കാര്യങ്ങള്‍ക്കും ശക്തമായ പിന്തുണ നല്‍കുന്ന ഭാര്യയെക്കുറിച്ച് താരം നേരത്തെ വാചാലനായിരുന്നു. വിവാഹത്തിന് ശേഷവും നൃത്തപരിപാടികളുമായി ദേവികയും സജീവാണ്. വിവാഹത്തിന് മുന്‍പ് തന്നെ തങ്ങളെക്കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നുവെന്നും അച്ഛനും അമ്മയ്ക്കും അത് താങ്ങാന്‍ കഴിയുമോയെന്ന ആശങ്കയായിരുന്നു അന്ന് തന്നെ അലട്ടിയിരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷവും വിവാദങ്ങള്‍ തേടി വരുന്നതിനാല്‍ ഇപ്പോള്‍ അത് പുതുമയുള്ള കാര്യമല്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close