പഗാനി സോണ്ട HP ബർച്ചേറ്റാ

Join our Group
Spread the love

സ്പോർട്സ് കാറുകളുടെ ഡിസൈനിൽ നിലനിർത്തിപ്പോകുന്ന വശ്യമായ സൗന്ദര്യം ഏതൊരു വാഹനപ്രേമിയെ സംബന്ധിച്ചും പ്രിയപ്പെട്ടതാണ്. അത്തരത്തിൽ സ്പോർട്സ് ശൈലിയിലുള്ള വശ്യസൗന്ദര്യവും ആഡംബരത്തിന്റെ പരിപൂർണതയും, അവയ്ക്കൊപ്പം കരുത്തുറ്റ ഡ്രൈവിംഗ് അനുഭവവും കൂടി ഒത്തിണക്കിയ പഗാനി സോണ്ട HP എന്ന 125 കോടി രൂപയോളം വില വരുന്ന സൂപ്പർ കാർ, ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ പഗാനി ഓട്ടോമൊബൈലി 2018ൽ ഇംഗ്ലണ്ടിലെ ഗുഡ് വുഡ് ഫെസ്റ്റിവലിലാണ് അവതരിപ്പിച്ചത്. ഗുഡ് വുഡ് ഫെസ്റ്റിവലിലെ രാജകീയ പ്രവേശത്തിലൂടെ പഗാനി സോണ്ട HP ബർച്ചേറ്റാ വിലപിടിപ്പുള്ള കാറുകളുടെ പട്ടികയിലെ പ്രമുഖ സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. 1992-ൽ ഹൊറാഷിയോ പഗാനി എന്ന വ്യവസായിയായ എൻജിനിയർ സ്ഥാപിച്ച പഗാനി ഓട്ടോമൊബൈലിക്ക് മറ്റ് വാഹന നിർമാണ കമ്പനികളെ അപേക്ഷിച്ച് താരതമ്യേന വാഹന നിർമാണ ശതമാനം കുറവാണ്. എന്നിരുന്നാലും ഓരോ വാഹനത്തിന്റെയും ഡിസൈൻ മുതൽ നിർമാണപൂർത്തീകരണം വരെയുള്ള കാര്യങ്ങളിലെ കൃത്യത പഗാനി ഓട്ടോമൊബൈലിയെ ആഡംബര സ്പോർട്സ് കാർ നിർമാണ മേഖലയിൽ വേറിട്ട് നിർത്തുന്നു. അത്തരത്തിൽ പഗാനി സോണ്ട HP ബർച്ചേറ്റാ എന്ന സൂപ്പർ കാറിലും അതേ കൃത്യത നിലനിർത്താൻ കമ്പനിയ്ക്ക് കഴിഞ്ഞു.

                           പഗാനിയുടെ രണ്ട് ഡോറുകളും അത്തരത്തിൽ തന്നെ സീറ്റുകളുമുള്ള കൂപ്പെ മോഡൽ കാർ ശ്രേണിയായ് 1999ൽ അവതരിപ്പിച്ചതാണ് സോണ്ട മോഡലിനെ. കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിച്ച പുറംഭാഗവും, മുകൾ ഭാഗം തുറസ്സായ തരത്തിലുമുള്ള സോണ്ട വാഹനങ്ങൾ പല മാറ്റങ്ങളോടെ വിവിധ വർഷങ്ങളിൽ കമ്പനി അതരിപ്പിച്ചു. അവയിൽ ചിലതാണ് മോഡിഫിക്കേഷൻ ചെയ്ത V12 എഞ്ചിനോടുകൂടിയ സോണ്ട C12 S, സോണ്ട C12 S 7.3, സോണ്ട റോഡ്‌സ്‌റ്റർ, സോണ്ട F, സോണ്ട സിങ്ക്യു റോഡ്‌സ്‌റ്റർ, സോണ്ട ട്രൈകളർ തുടങ്ങിയവ. ഇത്തരത്തിലുള്ള സോണ്ട ശ്രേണിയിലെ വാഹനങ്ങളിലെല്ലാം ആഡംബരത്വത്തിനൊപ്പം സ്പോർട്സ് ഘടനയും നൽകാൻ പഗാനി ഓട്ടോമൊബൈലി കമ്പനി ശ്രദ്ധിച്ചിരുന്നു. കൂടാതെ ഇവയിലെല്ലാം എണ്ണം പറഞ്ഞ കുറച്ച് മോഡലുകൾ മാത്രമാണ് കമ്പനി നിർമിച്ചത്. അത്രയ്ക്ക് വിലപ്പെട്ട മോഡലായിട്ടായിരുന്നു പഗാനി കമ്പനി ഓരോ സോണ്ട മോഡൽ വാഹനവും തയാറാക്കിയത്. അതേ വിലപ്പെട്ട ശ്രേണിയിൽ നിന്നും വാഹനലോകത്തേയ്ക്ക് എത്തപ്പെട്ട ഏറ്റവും പുതിയ അതിഥിയാണ് പഗാനി സോണ്ട HP ബർച്ചേറ്റാ.

                              സോണ്ട ശ്രേണിയിലെ വാഹനങ്ങളുടെ 18 വർഷങ്ങൾ പൂർത്തിയാക്കിയ ആഘോഷവാർഷികം പ്രമാണിച്ചാണ് പഗാനി സോണ്ട HP ബർച്ചേറ്റാ എന്ന സോണ്ട ശ്രേണിയിലെ വ്യത്യസ്ത ഭാവങ്ങളോടുകൂടിയ മനോഹരമായ  ആഡംബര സ്പോർട്സ് കാർ പഗാനി ഓട്ടോമൊബൈലി അവതരിപ്പിച്ചത്. റേസ് കാറുകളെപ്പോലുള്ള മുൻവശവും പിൻവശവും വാഹനത്തെ സ്പെഷ്യലാക്കുന്നു. അവയ്ക്കൊപ്പം ഉള്ളിൽ ഡിസൈൻ ചെയ്ത തരത്തിലുള്ള നാല് ഹെഡ് ലാംബും, രണ്ടുതരം നിറങ്ങളിൽ ഡിസൈൻ ചെയ്ത അലോയ് വീലുകൾ, പതിഞ്ഞിരിക്കുന്ന തരത്തിലുള്ള സ്പ്ലിറ്റ് ലെഗ് മോഡൽ സീറ്റുകളും മനോഹരവും കൃത്യതയുമൊത്തിണങ്ങിയ സ്റ്റിയറിംഗ് വീൽ കൂടി ചേരുമ്പോൾ പഗാനി സോണ്ട HP ബർച്ചേറ്റാ സോണ്ട ശ്രേണിയിലെ ആകർഷണത്തിൽ മുന്നിൽ നിൽക്കുന്ന മോഡലായ് മാറുന്നു. വാഹനത്തിന്റെ സാങ്കേതികവശം പരിശോധിക്കുമ്പോൾ 789 bhp കരുത്തിൽ കുതിയ്ക്കാൻ കഴിയുന്ന 7.3 ലിറ്റർ  V12 എൻജിൻ, 6 സ്പീഡ് മാന്വൽ ഗിയർ ബോക്സ്‌ തുടങ്ങിയവയിലൂടെ സാങ്കേതികത്തികവിലും പഗാനി സോണ്ട HP ബർച്ചേറ്റാ മുന്നിൽ തന്നെ.

                       സ്പോർട്സ് രൂപഭംഗിയിൽ, ആഡംബരത്തിന്റെയും കരുത്തിന്റെയും പൂർണത കൈവരിച്ചിരിക്കുന്ന പഗാനി സോണ്ട HP ബർച്ചേറ്റാ എന്ന സൂപ്പർ കാറിന്റെ എൻജിൻ ശബ്ദവും റേസിംഗ് ട്രാക്കിലെ കാറുകളെ അനുസ്മരിപ്പിക്കുന്നു. ഇത്തരത്തിൽ അനേകം പ്രത്യേകതകളുള്ള പഗാനി സോണ്ട HP ബർച്ചേറ്റാ എന്ന സൂപ്പർ കാർ മോഡലിലെ മൂന്ന് വാഹനം മാത്രമാണ് കമ്പനി നിർമ്മിക്കുന്നത്. അത്രയും അമൂല്യ മോഡലായ് പഗാനി ഓട്ടോമൊബൈലി കമ്പനി  അവതരിപ്പിക്കുന്ന പഗാനി സോണ്ട HP ബർച്ചേറ്റാ 125 കോടി രൂപയോളം വില നൽകി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വാഹനക്കമ്പം ഏറിയ കോടീശ്വരന്മാരും കുറവല്ല എന്നതാണ് സത്യം.

Read also: “മഹീന്ദ്ര രക്ഷക്”

വാഹനങ്ങളെകുറിച്ചുള്ള അപ്ഡേറ്റുകൾ ലഭിക്കുവാനായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ചേരുക. അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യു  Motor Mechanics

Ad Widget
Ad Widget

Recommended For You

About the Author: admin

Close