ചെമ്മീൻ കൃഷി

Join our Whats App Group
Spread the love

മത്സ്യ കൃഷിയിലേക്ക് ഇന്ന് നമ്മുടെ നാട്ടിൽ പലരും കടന്ന് വരുന്നുണ്ട്. പ്രധാനമായും ഇതിന്റെ ലാഭ സാധ്യത തന്നെയാണ് കാരണം. അങ്ങനെ നോക്കിയാൽ മത്സ്യ കൃഷി രംഗത്തു ഏറ്റവും ലാഭകരമായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ചെമ്മീൻ കൃഷി. വളരെ ഉയർന്ന വിപണന മൂല്യം ആണ് ഇതിന്റെ പ്രധാന സവിശേഷത. പ്രാദേശിക കമ്പോളങ്ങളിൽ ആയാലും, കയറ്റുമതി ചെയ്യുമ്പോൾ ആയാലും ഉയർന്ന വരുമാനം ലഭിക്കും എന്നത് പലരെയും ചെമ്മീൻ കൃഷിയിലേക്ക് ആകർഷിക്കുന്നു. എന്നാൽ മറ്റു മത്സ്യ കൃഷികളെക്കാളും കൂടുതൽ ശ്രദ്ധയോടെയും, ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയും ഒക്കെ നടത്തുന്ന ഒരു കൃഷി രീതിയാണ് ചെമ്മീൻ കൃഷിക്ക് ഉള്ളത്. കേരളത്തിൽ പ്രധാനമായും രണ്ട് തരത്തിലുള്ള ചെമ്മീൻ കൃഷി ചെയ്യുന്നുണ്ട്. നാടൻ ഇനമായ “ടൈഗർ ചെമ്മീനും”, ലാറ്റിൻ അമേരിക്കൻ ഇനമായ “വനാമി ചെമ്മീനും”. സാധാരണയായി വലിയ കുളങ്ങളിലാണ് ചെമ്മീൻ കൃഷി ചെയ്യാറുള്ളത്. ഉപ്പിന്റെ അംശം കുറവുള്ള ജലത്തിൽ ‘വനാമി കൃഷി’ നടത്താൻ സാധിക്കാറുണ്ട്. കുളം ഒരുക്കി വിത്ത് ഇടുന്നത് മുതൽ, വിളവെടുക്കുന്നത് വരെ വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് ചെമ്മീൻ കൃഷി. 

 കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന കുളം വൃത്തിയാക്കൽ ആണ് ആദ്യ ഘട്ടം. കുളത്തിലെ ജലം മുഴുവൻ നീക്കം ചെയ്തതിനു ശേഷം, അതിനുള്ളിലെ ചെളിയും, മറ്റു അവശിഷ്ടങ്ങളും എല്ലാം മാറ്റി നല്ലതുപോലെ വൃത്തിയാക്കുക. കുറച്ചു ദിവസം ആ പ്രതലം നന്നായി ഉണക്കുക. ശേഷം കുമ്മായം ഉപയോഗിച്ച്  വൃത്തിയാക്കുക. ഒരു സെന്റിന് ഒരു കിലോഗ്രാം എന്ന കണക്കിൽ  കുമ്മായം വിതറി വൃത്തിയാക്കാം. ഇതിന് ശേഷം നന്നായി അരിച്ച ജലം കുളത്തിൽ നിറയ്ക്കാം. ഒന്ന് മുതൽ, ഒന്നര മീറ്ററോളം പൊക്കത്തിൽ കുളത്തിൽ ജലം നിറയ്ക്കാവുന്നതാണ്. ജലം നിറച്ചതിനു ശേഷം പി.എച്ച് ലായനി ഉപയോഗിച്ച്, പി.എച്ച് പരിശോധിക്കുക. 7 മുതൽ 8.5 വരെയാണ് ചെമ്മീൻ കൃഷിക്ക് അനുയോജ്യമായ പി.എച്ച്. അതിനു ശേഷം കുഞ്ഞുങ്ങളെ നിക്ഷേപിക്കാവുന്നതാണ്. 18 മുതൽ 22 ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് നിക്ഷേപിക്കാൻ അനുയോജ്യം. നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനമായ കാര്യം എന്തെന്നാൽ, രാവിലെ സൂര്യൻ ഉദിക്കുന്നതിനു മുൻപോ, വൈകുന്നേരം സൂര്യൻ അസ്തമിച്ചതിനു ശേഷമോ നിക്ഷേപിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. കുഞ്ഞുങ്ങളെ നിക്ഷേപിച്ചത് രാവിലെ ആണെങ്കിൽ തീറ്റ അന്ന് വൈകുന്നേരം കൊടുത്താൽ മതിയാകും. 

കുഞ്ഞുങ്ങളെ നിക്ഷേപിച്ചതിനു ശേഷം ദിവസവും രാവിലെയും, വൈകുന്നേരവും ജലത്തിന്റെ പി.എച്ച് പരിശോധിക്കേണ്ടതാണ്. അതുപോലെ തന്നെ ഓരോ പത്തു ദിവസം കൂടുമ്പോഴും കൃത്യമായ ‘മോണിറ്റർ’ ചെയ്യേണ്ടതാണ്. വല വീശാൻ അറിയാവുന്ന ഒരാളുടെ സഹായത്താൽ വല വീശി, ഒരു വലയിൽ എത്ര ചെമ്മീൻ കൊള്ളുന്നു എന്ന നിരക്കിൽ ചെമ്മീനിന്റെ എണ്ണം തിട്ടപ്പെടുത്തേണ്ടതാണ്. ഇതിനോടൊപ്പം തന്നെ ഇവയ്ക്ക് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതും നന്നായിരിക്കും.  സാധാരണയായി ചെമ്മീനുകളിൽ കാണപ്പെടുന്ന ഒരു അസുഖം ആണ് “വൈറ്റ് സ്പോട്ട്” എന്ന വൈറസ് രോഗം. നിർഭാഗ്യവശാൽ ഇത് ബാധിക്കുകയാണെകിൽ ഏകദേശം 90% ഓളം കൃഷി നഷ്ടം ഒന്നിച്ചു സംഭവിക്കുന്നതാണ്. മത്സ്യ കൃഷിയ്ക്ക് ഇൻഷുറൻസ് ഉണ്ടെങ്കിലും പൊതുവെ നമ്മുടെ നാട്ടിലെ ചെറുകിട കർഷകർ അത് എടുക്കാറും ഇല്ല.  അതിനാൽ ഇവയ്ക്ക് വ്യക്തമായ ശ്രദ്ധയും, പരിപാലനവും നൽകേണ്ടത് അത്യാവിശ്യമാണ്. ചെമ്മീനുകൾക്ക് മറ്റു വൈറസ് രോഗങ്ങൾ വരാതിരിക്കുവാനായി “പ്രോ ബയോട്ടിക് വിറ്റാമിൻ” ഒക്കെ നൽകാവുന്നതാണ്.  

ചെമ്മീൻ കൃഷിയിൽ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് കൃത്യമായ ‘എയറേഷൻ’ നൽകാൻ ശ്രദ്ദിക്കേണ്ടത്. ജലത്തിലെ ഓക്സിജന്റെ അളവ് ഇടയ്ക്കിടയ്ക്ക് പരിശോധിക്കേണ്ടതാണ്. അതിനായി ഓക്സിജൻ കിറ്റുകൾ വാങ്ങാൻ ലഭിക്കുന്നതാണ്. ഹെക്ടർ കണക്കിന് സ്ഥലത്ത് കുളം നിർമിച്ചു കൃഷി നടത്തുന്നവർ, അത്രയും സ്ഥലത്തിന് അനുയോജ്യമായ ‘എയറേറ്റർ’ വാങ്ങി ഉപയോഗിക്കുക. ഓക്സിജന്റെ അളവ് കുറഞ്ഞാലും അത് കൃഷിയെ ബാധിക്കാറുണ്ട്.  അതുകൊണ്ട് ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

അത് പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് കൃത്യമായ തീറ്റ നൽകുന്നത്. സാധാരണ ഗതിയിൽ പെല്ലറ്റ് തീറ്റകൾ നൽകാവുന്നതാണ്. ദിവസേന 4 നേരം എന്ന രീതിയിലാണ് തീറ്റ നൽകേണ്ടത്. രാവിലെ 6 മണി, 11 മണി, വൈകിട്ട് 5 മണി, സന്ധ്യക്ക് 7-8 മണി എന്ന സമയ ക്രമത്തിൽ തീറ്റ നൽകുന്നതാണ് ഉചിതം. എന്നാൽ കുഞ്ഞുങ്ങൾ വളർന്നു 90 ദിവസം ഒക്കെ പിന്നിടുമ്പോൾ 4 നേരം എന്നത് മാറ്റി തീറ്റ 5 നേരം ആക്കിയാൽ വളർച്ച കൂടാറുണ്ട്. പെല്ലറ്റുകൾക്ക് പുറമെ സ്വന്തമായി തീറ്റ നമുക്ക് നിർമ്മിക്കാൻ സാധിക്കും. അതിനായി ചെയ്യാവുന്നത്,  50 ഗ്രാം വെളുത്തുള്ളിയും, 250 ഗ്രാം പഞ്ചസാരയും, 40 ഗ്രാം ‘അഗ്രോമാക്സ് പൊടി ‘ എന്നിവ ചേർത്ത് മിക്സിയിൽ ഇട്ട് അടിച്ചു മിശ്രിത രൂപത്തിൽ ആക്കുക. ഈ മിശ്രിതം 3 കിലോഗ്രാം തീറ്റ എടുത്ത് അതിൽ മിക്സ്‌ ചെയ്യുക. ശേഷം ഏകദേശം ഒന്ന് -ഒന്നര മണിക്കൂർ ഇത് ഉണക്കുക. ഒരിക്കലും വെയിലത്തു വെച്ച് ഉണക്കരുത്. മറിച്ച് മുറിയിലോ മറ്റോ വെച്ച് ഉണക്കി എടുത്തിട്ട് തീറ്റ ആയി നൽകാവുന്നതാണ്. തീറ്റ നൽകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം, കുളത്തിന്റെ എല്ലാ വശത്തും തീറ്റ എത്തിക്കുക എന്നതാണ്. വളരെ വലിയ കുളം ആണെങ്കിൽ ഒരു വഞ്ചി ഉപയോഗിച്ച് തീറ്റ എല്ലായിടത്തും എത്തിക്കാവുന്നതാണ്. നല്ല രീതിയിൽ തീറ്റ ലഭിച്ചാൽ കുഞ്ഞുങ്ങൾക്ക് നല്ല വലിപ്പവും ഉണ്ടാകുന്നതാണ്. സാധാരണ നിലയിൽ നാടൻ ഇനമായ “ടൈഗർ ചെമ്മീൻ” കൃഷി ചെയ്യുന്നത് അല്പം ഉപ്പ് രസം ഉള്ള വെള്ളത്തിലാണ്. എന്നാൽ  1990 കാലഘട്ടം മുതൽ “ടൈഗർ ചെമ്മീനുകൾക്ക് ” ‘വൈറ്റ് സ്പോട്ട്’ എന്നൊരു അസുഖം ബാധിച്ചു തുടങ്ങി. അത് മൂലം ലാറ്റിൻ അമേരിക്കൻ ഇനമായ “വനാമി ചെമ്മീനുകളെ” ഇന്ത്യയിലേക്ക് എത്തിച്ചു. ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിൽ “വനാമി ചെമ്മീൻ” നല്ല രീതിയിൽ കൃഷി ചെയ്ത് വരുന്നുണ്ട്. ഉയർന്ന പ്രതിരോധ ശേഷി ആണ് ഇതിന്റെ പ്രത്യേകത. പ്രധാനമായും ജലത്തിന്റെ ഉപരിതലത്തിൽ ആണ് ഇവ വസിക്കുന്നത്. അതിനാൽ ചതുരശ്ര മീറ്ററിൽ 60 എണ്ണം വരെ നിക്ഷേപിക്കാനാകും. സാധാരണയായി നിക്ഷേപിക്കുന്ന സമയത്ത് 10 ലക്ഷം കുഞ്ഞുങ്ങൾക്ക് 2 കിലോഗ്രാം തീറ്റ നൽകണം. പിന്നീട് തീറ്റയുടെ അളവ് 400 ഗ്രാം വച്ച് കൂടുതൽ നൽകണം. കൃത്യമായി ജലത്തിന്റെ പി.എച്ചും, ജലത്തിലെ ഓക്സിജന്റെ അളവും പരിശോധിക്കുകയും വേണം. നമ്മുടെ നാട്ടിൽ വനാമി കുഞ്ഞുങ്ങളെ ലഭിക്കാറില്ല. പ്രധാനമായും പുതുച്ചേരിയിൽ നിന്നാണ് ഇവ കേരളത്തിലേക്ക് എത്തിക്കാറുള്ളത്. വനാമി ചെമ്മീനിനു ഒരുപാട് ആവശ്യക്കാർ ഉണ്ട്. പ്രധാനമായും പ്രാദേശിക ചന്തകളിലും, കയറ്റി അയക്കാനുമൊക്കെ വനാമി ചെമ്മീനിനു വൻ ഡിമാൻഡ് ആണ്. കൂടാതെ നല്ല വിലയും ലഭിക്കാറുണ്ട്. 

പ്രധാനമായും ‘കൗണ്ടുകൾ’ ആണ് ചെമ്മീൻ കൃഷിയുടെ ലാഭം നിശ്ചയിക്കുന്നത്. എന്ന് വെച്ചാൽ ഒരു കിലോഗ്രാം ചെമ്മീനിൽ എത്രയെണ്ണം തൂങ്ങുന്നു എന്നത്. അതിനാൽ ഏറ്റവും നല്ല ‘കൗണ്ട്’ ഉണ്ടാക്കുകയാണ് ഓരോ കർഷകനും ലക്ഷ്യം വെക്കേണ്ടത്. സാധാരണ നിലയിൽ 120 ദിവസമാണ്  ശരാശരി ടൈഗർ ചെമ്മീൻ വളർത്തുന്നത്. 190 ദിവസം മുതൽ വിളവെടുപ്പ് നടത്താം. ചെമീനുകളുടെ വളർച്ചയും, തൂക്കവും അനുസരിച്ചാണ് മാർക്കറ്റിൽ വില വരുന്നത്. സാധാരണ ഗതിയിൽ 10 മുതൽ 20 വരെ ഒരു കിലോയിൽ കൗണ്ട് വരാൻ സാധിച്ചാൽ നല്ല രീതിയിൽ ലാഭം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. മാർക്കറ്റിൽ ഏകദേശം 700 രൂപ വരെ കിലോഗ്രാമിന് ലഭിക്കാറുണ്ട്. നല്ല വളർച്ച ഉള്ളതിനെ കയറ്റുമതിയും ചെയ്യാം. കയറ്റുമതിയിലൂടെ വൻ സാമ്പത്തിക ലാഭം നേടാം. 

വളരെ ശ്രദ്ധയോടെയും, അർപ്പണബോധത്തോടെയും ചെയ്താൽ വളരെ വലിയ നേട്ടം കൈവരിക്കാൻ കഴിയുന്ന ഒരു സംരംഭമാണ് ചെമ്മീൻ കൃഷി. നമ്മുടെ നാട്ടിൽ ഒരുപാട് പേർ ഇത് വിജയകരമായി നടത്തി വരുന്നുണ്ട്. എന്നാൽ ഇതിനെ പറ്റി വളരെ വ്യക്തമായൊരു ധാരണ ഉണ്ടാക്കിയതിന് ശേഷം മാത്രം തുടങ്ങുന്നതായിരിക്കും കൂടുതൽ നല്ലത്. അതിനായി വർഷങ്ങളായി കൃഷി നടത്തി പരിചയം ഉള്ളവരുടെ സഹായം തേടുന്നതോ, അല്ലെങ്കിൽ ഫിഷറീസ് വകുപ്പ് ഇതിനോടനുബന്ധിച്ച് നടത്തുന്ന സെമിനാറുകളിൽ പങ്കെടുത്തു കൂടുതൽ അറിവ് നേടുന്നതോ നന്നായിരിക്കും. ഇതിനെ കുറിച്ചുള്ള ക്ലാസ്സുകളിൽ പങ്കെടുക്കാൻ അവർ നിങ്ങളെ സഹായിക്കുന്നതായിരിക്കും. മാത്രമല്ല ഇതിനെ പറ്റി കൂടുതൽ അറിയുവാനും, കൂടുതൽ ആഴത്തിൽ പഠിക്കുവാനും വേണ്ടി കൊച്ചി വില്ലിംഗ്ടൺ ഐലന്റിൽ കേന്ദ്ര സർക്കാരിന് കീഴിൽ ഉള്ള ‘സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി’ (ICAR) സ്ഥിതി ചെയ്യുന്നുമുണ്ട്. അത് കൂടാതെ തന്നെ പല “അക്വാ കൾച്ചർ” ഇൻസ്റ്റിറ്റ്യൂട്ടുകളും ഇന്ന് കേരളത്തിൽ നിലവിലുണ്ട്. കുറച്ചൊന്നു കഷ്ടപ്പെട്ടാൽ തീർച്ചയായും നല്ല രീതിയിൽ തന്നെ ലാഭം ഉണ്ടാക്കാൻ കഴിയുന്ന ഒരു സംരംഭം തന്നെയാണ് ചെമ്മീൻ കൃഷി. 

Read also : തിലാപ്പിയ കൃഷി

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close