സൗമ്യയുടെ ഡയറിക്കുറിപ്പ് പോലീസിന് തലവേദനയാകും

Join our Whats App Group
Spread the love

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലില്‍ ജീവനൊടുക്കുന്നതിനു മുമ്പ് എഴുതിയ ഡയറിക്കുറിപ്പ് പുറത്തുവന്നു. താന്‍ നിരപരാധിയെന്നും അവനാണ് എല്ലാം ചെയ്തതെന്നും സൗമ്യ കുറിപ്പില്‍ എഴുതി. സൗമ്യയുടെ ഈ വെളിപ്പെടുത്തല്‍ പോലീസിന് തലവേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ‘അവന്‍’ എന്നു പറഞ്ഞ് ഒരു വ്യക്തിയെക്കുറിച്ച് ഡയറി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മൂത്ത മകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്താണ് കുറിപ്പ്. അതില്‍ പ്രധാന വരികള്‍ ഇങ്ങനെ: ‘കിങ്ങിണീ, കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നതുവരെ അമ്മയ്ക്കു ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ ‘അവനെ’ കൊല്ലും ഉറപ്പ്.
എന്നിട്ടു ശരിക്കും കൊലയാളിയായിട്ട് ജയിലിലേക്ക് തിരിച്ചുവരും. എന്റെ കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്കു പങ്കില്ല എന്നു തെളിയിക്കാന്‍ പറ്റുന്നതു വരെ എനിക്കു ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും’.
ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധിയോടു സൗമ്യ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഇതു തുറന്നു പറയാന്‍ തയാറാണെന്നും അറിയിച്ചിരുന്നു. പിന്നീടാണു സൗമ്യയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗമ്യ തനിച്ച് മൂന്നു കൊലപാതകങ്ങള്‍ നടത്തില്ലെന്നും മറ്റാര്‍ക്കോ പങ്കുണ്ടെന്നും നേരത്തേ മുതല്‍ പിണറായി പടന്നക്കരയിലെ നാട്ടുകാരും സൗമ്യയുടെ ബന്ധുക്കളും ആരോപിച്ചിരുന്നു. ഇതോടെ പിണറായി കൂട്ടക്കൊലപാതകം മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കണമെന്ന് ആവശ്യമുയരുകയാണ്.
അതേസമയം, കൂട്ടക്കൊല കേസില്‍ നേരത്തെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച സി.ഐയും മരണശേഷം കേസ് അന്വേഷിക്കുന്ന എസ്.ഐയും പറയുന്നത് ഇത്തരത്തിലുള്ള ഒരു കുറിപ്പ് ഇല്ലെന്നാണ്. എന്നാല്‍ ജയിലിലെത്തിയ ശേഷം സൗമ്യ ഒട്ടനവധി കുറിപ്പുകളും കവിതകളും എഴുതിയിട്ടുണ്ട്. സൗമ്യയുടെ സെല്ലില്‍ നിരവധി കുറിപ്പുകള്‍ ഉണ്ടെന്നും ഇത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. ജയില്‍ അധികൃതര്‍ അനുവദിച്ചതിന് പുറമെ നോട്ട്ബുക്കുകള്‍ സൗമ്യ പണം കൊടുത്ത് വാങ്ങിയിരുന്നു.
കുറിപ്പ് ശരിയാണെങ്കില്‍ പ്രതിക്കൂട്ടിലാകുന്നത് പോലീസായിരിക്കും. ആരെ സഹായിക്കാനാണ്, ആരുടെ നിര്‍ദേശപ്രകാരമാണ് പോലീസ് പ്രവര്‍ത്തിച്ചതെന്ന സത്യം പുറത്തുകൊണ്ടുവരേണ്ടിവരും. പോലീസ് എന്തിന് ഇക്കാര്യങ്ങള്‍ മറച്ചു വച്ചു എന്നതും സംശയത്തിന് ഇടയാക്കും. പ്രദേശത്തെ ഒരു മുന്‍ സി.പി.എം പ്രവര്‍ത്തകനായ ഇപ്പോള്‍ മത സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേരും മറ്റ് രണ്ട് പേരുകളും നേരത്തെ സൗമ്യയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു.
ഇവരെ ഉള്‍പ്പെടെ നിരവധി ആളുകളെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സൗമ്യ അന്ന് താന്‍ മാത്രമാണ് കുറ്റവാളിയെന്ന് പറയുകയും ചെയ്തിരുന്നു. പോലീസ് ഇതാണ് ശരിവച്ചത്. അങ്ങനെയെങ്കില്‍ ജയിലിലെത്തിയ സൗമ്യയുടെ മനംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാര് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. റിമാന്‍ഡിലായതിന് ശേഷം കോടതിയിലെത്തിക്കുമ്‌ബോള്‍ പോലും സൗമ്യയെ ആരും കാണാനോ സംസാരിക്കാനോ വരാറില്ലെന്നാണ് പോലീസ് പറയുന്നത്.
അതിനിടെ പിണറായിയില്‍ മകളെയും മാതാപിതാക്കളെയും വിഷംനല്കി കൊലപ്പെടുത്തിയ കേസിലെ ഏകപ്രതി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യ ജയില്‍ വളപ്പില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ജയില്‍ ഉത്തരമേഖല ഡി.ഐ.ജി എസ്. സന്തോഷ് വനിതാ ജയിലിലെത്തി അന്വേഷണം തുടങ്ങി. റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജയില്‍ സൂപ്രണ്ട് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് ഡി.ഐ.ജി കണ്ണൂരിലെത്തിയത്.
ജയില്‍ സൂപ്രണ്ട്, ജീവനക്കാര്‍, അന്തേവാസികള്‍ എന്നിവരുമായി ഡി.ഐ.ജി സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി. റിമാന്‍ഡ് പ്രതിയായ സൗമ്യ തൂങ്ങി മരിക്കാനിടയാക്കിയ സംഭവത്തില്‍ ജയില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നാണ് ഡി.ഐ.ജി പരിശോധിക്കുന്നത്. റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡി.ഐ.ജി പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close