പ്രൈവറ്റ് ബിരുദം പരയാകുന്നു….ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയില്‍ അഞ്ഞൂറിലധികം അധ്യാപകര്‍

Join our Whats App Group
Spread the love

തുല്യതാ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തില്‍ ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയില്‍ അഞ്ഞൂറിലധികം അധ്യാപകര്‍. ഇന്ത്യയില്‍ നിന്ന് പ്രൈവറ്റായോ പാര്‍ട്ട് ടൈമായോ ബിരുദം നേടിയ അധ്യാപകര്‍ക്ക് ഇനി ദുബൈയില്‍ ജോലി നേടാനുള്ള അവസരങ്ങള്‍ കുറയുന്നു. ജോലി ഭീഷണി നേരിടുന്നതില്‍ ഭൂരിഭാഗവും മലയാളികളാണ്. തുല്യതാ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ നിലവില്‍ ജോലി ചെയ്യുന്ന പലരുടെയും ശമ്പളവും അധികൃതര്‍ പിടിച്ചുവച്ചിരിക്കുകയാണ്.
അധ്യാപക ജോലിക്കായി നല്‍കേണ്ട തുല്യത സര്‍ട്ടിഫിക്കറ്റ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നു ലഭിക്കാന്‍ വിശ്വാസ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റില്‍ മോഡ് ഓഫ് സ്റ്റഡി ‘പ്രൈവറ്റ്’ എന്നു രേഖപ്പെടുത്തുന്നതാണ് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നത്.  പ്രൈവറ്റായി പഠിച്ച് ബിരുദം നേടിയവര്‍ ഈ പ്രശ്‌നം സര്‍വകലാശാലകളെയും ഇന്ത്യന്‍ സ്ഥാനപതികാര്യ മന്ത്രാലയത്തെയും ബോധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്രൈവറ്റായും റഗുലറായും പഠിക്കുന്നവര്‍ക്കുള്ള പരീക്ഷയും സര്‍വകലാശാലയില്‍നിന്നു ലഭിക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റും ഒന്നാണെങ്കിലും ബന്ധപ്പെട്ട ഫോമില്‍ ‘മോഡ് ഓഫ് സ്റ്റഡി’ എന്ന ഭാഗത്ത് ‘പ്രൈവറ്റ്’ എന്നു സര്‍വകലാശാലാ അധികൃതര്‍ രേഖപ്പെടുത്തുന്നതാണു പ്രശ്‌നം ഉണ്ടാക്കുന്നത്.
സര്‍വകലാശാല സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റില്‍ പ്രൈവറ്റ് എന്നു സൂചിപ്പിച്ചാണ് എംബസി, കോണ്‍സുലേറ്റ് അധികൃതര്‍ വിശ്വാസ്യസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പ്രൈവറ്റ് എന്നു രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നിരസിക്കുകയാണെന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു. കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ സീറ്റുകള്‍ കുറവായതിനാലാണു പ്രൈവറ്റായി പഠിക്കേണ്ട സാഹചര്യമുണ്ടായത്. സര്‍വകലാശാല നല്‍കുന്ന തുല്യതാസര്‍ട്ടിഫിക്കറ്റില്‍ മോഡ് ഓഫ് സ്റ്റഡി എന്ന ഭാഗത്തു റഗുലര്‍ എന്നു രേഖപ്പെടുത്തിയാല്‍ പ്രശ്‌നം തീരും.
പ്രൈവറ്റാണെങ്കിലും റഗുലറാണെങ്കിലും സര്‍വകലാശാല ഒരേ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സാഹചര്യത്തില്‍ ഇതു ന്യായീകരിക്കാമെന്നും അധ്യാപകര്‍ പറയുന്നു. യുഎഇ മന്ത്രാലയത്തില്‍നിന്നു ലഭിക്കുന്ന തുല്യതാസര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിക്കേണ്ട വിശ്വാസ്യത സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയമോ, കോണ്‍സുലേറ്റോ ആണ്. ഇതുസംബന്ധിച്ച് അധ്യാപകര്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനു നിവേദനം നല്‍കി.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close