
അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയേറി. ഇന്ന് രാവിലെ 9.30ന് വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ ഐ.എ.എസ് ആണ് കൊടിയുയര്‍ത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കാളവണ്ടിയില്‍ പെരുമ്പറ കൊട്ടി വിളംബര ഘോഷയാത്ര എത്തുന്നതോടെ, സാംസ്കാരിക നഗരി കലോത്സവത്തിന്റെ ആവേശത്തിലേക്ക് കടക്കും.
നാളെ രാവിലെ ഉദ്ഘാടന ചടങ്ങിന് ശേഷം അഞ്ച് ദിനരാത്രങ്ങള്‍ നീളുന്ന കലോത്സവത്തിന് തുടക്കമാകും. ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി നാളെ രാവിലെ 8.45 മുതല്‍ 9.30 വരെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ അവതരിപ്പിക്കും. പ്രധാന വേദിക്കു മുമ്പില്‍ ആയിരം കുട്ടികളുടെ മെഗാതിരുവാതിര അരങ്ങേറും.
നാളെ രാവിലെ പത്തിനു മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്വര്ണകപ്പിന് ഇന്നലെ വേദിയില്‍ സ്വീകരണം നല്കി. ഓരോ ജില്ലകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ കലോത്സവ നഗരിയിലേക്ക് എത്തി കഴിഞ്ഞു. കഴിഞ്ഞ തവണത്തെ കിരീട ജേതാക്കളായ കോഴിക്കോട് ടീമാണ് ആദ്യം തൃശ്ശൂരില്‍ എത്തിയത്.