അമ്മയുടെ സഹായത്തോടെ 82 പെൺകുട്ടികളെ കൊന്നു തള്ളിയ സൈക്കോ സീരിയൽ കില്ലർ. 


Spread the love

2018 ൽ തമിഴിൽ റിലീസ് ചെയ്ത രാക്ഷസൻ എന്ന സൈക്കോ ത്രില്ലെർ മൂവി നമ്മളെ ഏവരെയും മുൾമുനയിൽ നിർത്തിയതാണ്. വിഷ്ണു വിശാൽ മുഖ്യ കഥാപാത്രം ആയി എത്തുന്ന സിനിമയിൽ പെൺകുട്ടികളെ ക്രൂരമായി കൊന്നു തള്ളുന്ന ഒരു സൈക്കോയ്ക്ക് നേരെയുള്ള അന്വേഷണവും, ഇതിനിടയിൽ വരുന്ന കണ്ടെത്തലുകളും, ട്വിസ്റ്റ്‌കളും എല്ലാമായി പ്രേക്ഷകരെ ഏകദേശം രണ്ടേ മുക്കാൽ മണിക്കൂർ വൻ സസ്‌പെൻസുകളിൽ കൂടെയാണ് സിനിമ കൊണ്ട് പോയത്. ഒരു പക്ഷെ നായകനെക്കാളും ആ സിനിമയിൽ ശ്രദ്ധയാർജിച്ചത് അതിലെ വില്ലനായ ക്രിസ്റ്റഫർ ആയിരിക്കും. തന്റെ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഒരു മാനസികരോഗി ആകേണ്ടി വന്ന ഒരു കുട്ടി. ഒടുവിൽ അവൻ പെൺകുട്ടികളെ ക്രൂരമായി കൊന്നു കൊണ്ട് മനസുഖം കണ്ടെത്തുന്നു. മകനോടുള്ള അമിത വാത്സല്യം മൂലം ഈ കൊലയ്‌ക്കെല്ലാം അവനു കൂട്ട് നിൽക്കുന്ന ഒരു അമ്മ. ഇതായിരുന്നു രാക്ഷസൻ സിനിമയുടെ പ്രമേയം. ഒരു പക്ഷെ ഒട്ടുമിക്ക ഹൊറർ സിനിമകളെക്കാളും കാണികളെ അന്ന് ഭയപ്പെടുത്തിയത് ഈ ഒരു സിനിമ തന്നെ ആയിരുന്നു എന്ന് പറയണം.

               എന്നാൽ യഥാർത്ഥ ജീവിതത്തിൽ ക്രിസ്റ്റഫറിനെ പോലൊരു മനുഷ്യനെ നമുക്ക് സങ്കൽപ്പിക്കാൻ ആകുമോ. എന്നാൽ ആകണം. അതുപോലെ ഒരു വില്ലൻ യഥാർത്ഥ ജീവിതത്തിലും ഉണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റഫറിന്റെ സാഹചര്യങ്ങൾ ഒന്നും അല്ലായിരുന്നു അവന്. റഷ്യക്കാരൻ ആയിരുന്ന അലക്സാണ്ടർ സ്പെസിവിറ്റ്സേവ്. അതായിരുന്നു നമ്മുടെ യഥാർഥ ജീവിതത്തിലെ വില്ലൻ. തന്റെ അമ്മയുടെ സഹായത്തോടെ ഏകദേശം 82 പെൺകുട്ടികളെ ക്രൂരമായി കൊന്നു തള്ളിയവൻ. സൈബീരിയൻ റിപ്പർ, സൈബെരിൻ ക്യാനബെൽ എന്നൊക്കെ ആയിരുന്നു അവന്റെ വിളിപ്പേര്. 

               1970 മാർച്ച്‌ 1ന് റഷ്യയിലെ സൈബീരിയയിൽ ലിയൂഡ്മിലയുടെ മകൻ ആയി ആയിരുന്നു അലക്സാണ്ടറിന്റെ ജനനം. ജനനസമയത്ത് തന്നെ മറ്റു കുട്ടികളെ അപേക്ഷിച്ചു വളരെ അധികം ഭാരക്കുറവ് ഉള്ള ഒരു കുട്ടി ആയിരുന്നു അവൻ. അത് കൊണ്ട് തന്നെ അതുമൂലം ഉള്ള പ്രശ്നങ്ങൾ അവനെ വേട്ടയാടിയിരുന്നു. കുട്ടിക്കാലം മുതലേ അവൻ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തൻ ആയിരുന്നു. സുഹൃത്തുക്കൾ ആരും തന്നെ ഇല്ല എന്ന് പറയാം അവന്. അവന്റെ ബാല്യകാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അമിത മദ്യപാനി ആയ അച്ഛന്റെ പീഡനങ്ങൾ അവനും അമ്മയ്ക്കും നിരന്തരം നേരിടേണ്ടി വന്നിരുന്നു. ഇതിൽ നിന്നും എല്ലാം അവൻ ആശ്വാസം കണ്ടെത്തുന്നത് ഒരേ ഒരു കാര്യത്തിലൂടെ മാത്രം ആയിരുന്നു. മൃതശരീരങ്ങളുടെ ചിത്രങ്ങൾ കാണുന്നത്. അത് അവനു വലിയ രീതിയിൽ ഉള്ള ആനന്ദം നല്കിയിരുന്നു. അവന്റെ ഈ സ്വഭാവം മനസ്സിലാക്കിയ അമ്മ അവനെ കൂടുതൽ സന്തോഷിപ്പിക്കാൻ വേണ്ടി ഈ വക ചിത്രങ്ങൾ അവനു നിരന്തരം കാണിച്ചുകൊണ്ടിരുന്നു. ഒരു പക്ഷെ മകനോടുള്ള അമിത വാത്സല്യം ആകാം അവരെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്. 

               കൗമാരകാലത്തിൽ അവനു ഒരു പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു. വളരെ കുറച്ചു കാലം മാത്രം നല്ല രീതിയിൽ പോയ ആ ബന്ധത്തിൽ പിന്നീട് വിള്ളലുകൾ വീഴുകയും ഒടുവിൽ ആ പെൺകുട്ടി ബന്ധം വേണ്ടെന്ന് വെക്കുകയും ചെയ്തു. ഇത് അലക്സാണ്ടറിന് താങ്ങാൻ ആകുന്നതിലും അപ്പുറമായിരുന്നു. അവന്റെ ഉള്ളിൽ കുമിഞ്ഞു കൂടിയ പകയുടെ അവസാനം അവൻ ആ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയും ഏകദേശം ഒരു മാസത്തോളം അവളെ അതിക്രൂരമായി പീഡിപ്പിക്കുകയും ശേഷം മരണത്തിനു വിട്ടു കൊടുക്കുകയും ചെയ്തു. അങ്ങനെ തന്റെ പതിനെട്ടാം വയസ്സിൽ അലക്സാണ്ടറിന്റെ കരങ്ങളിൽ രക്തക്കറ പുരണ്ടു. ശേഷം പോലീസ് അറസ്റ്റ് ചെയ്ത അലക്സാണ്ടറിനെ മാനസികരോഗി എന്ന പരിഗണനയിൽ 3 വർഷം ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ താമസിപ്പിച്ചു. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ അലക്സാണ്ടർ തന്റെ പ്രിയപ്പെട്ട നായ ആയ ഡോബർമാനോടൊപ്പം അമ്മ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് എത്തി. ഈ കാലയളവിന് ഇടയിൽ തന്നെ തെരുവിൽ കഴിയുന്നവരോട് അടക്കാനാവാത്ത ഒരു പ്രതികാര മനോഭാവം അവനിൽ ഉടലെടുത്തിരുന്നു. തെരുവോരങ്ങളിൽ താമസിക്കുന്നവർ റഷ്യയ്ക്ക് ഒരു ഭാരം ആണെന്ന് അവൻ വിശ്വസിച്ചിരുന്നു. 

               റെയിൽവേ സ്റ്റേറ്റിനിൽ വെച്ച് പരിചയപ്പെട്ട ഹെലൻ എന്ന യുവതിയെ അലക്സാണ്ടർ തന്റെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ട് വരികയും മൃഗീയമായി പീഡിപ്പിച്ചു കൊല്ലുകയും ചെയ്തു. വീണ്ടും അവൻ അടുത്ത ഇരയെ കണ്ടെത്തി. അതും ഹെലൻ എന്ന് പേരുള്ള മറ്റൊരു പെൺകുട്ടി ആയിരുന്നു. പിന്നീട് അവൻ തെരുവോരങ്ങളിലെ പെൺകുട്ടികളിലേക്ക് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഓരോരോ കാരണങ്ങൾ പറഞ്ഞു പെൺകുട്ടികളെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ട് വന്നു അവരെ അതിക്രൂരമായി പീഡിപ്പിച്ചു കൊല്ലാൻ തുടങ്ങി. ഒരു ദിവസം തന്റെ മകന്റെ മുറിയിൽ നിന്നും ദുർഗന്ധം വമിക്കുന്നത് കണ്ട് മുറി പരിശോധിച്ച അവന്റെ അമ്മയ്ക്ക് മകന്റെ ക്രൂര വിനോദങ്ങളെ കുറിച്ച് മനസ്സിലായി. എന്നാൽ മകനോടുള്ള അമിതമായ സ്നേഹം മൂലം അവർ മകന് കൂട്ട് നിൽക്കാൻ ആയിരുന്നു തീരുമാനിച്ചത്. പിന്നീട് അവർ ഒരുമിച്ച് പ്രവർത്തിച്ചു തുടങ്ങി. അമ്മ മകനായി തെരുവോരങ്ങളിൽ ചെന്ന് പെൺകുട്ടികൾക്ക് ചെറിയ ജോലികൾ നൽകാം, ഭക്ഷണം നൽകാം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു വീട്ടിൽ കൊണ്ട് വന്ന് മകന്റെ ക്രൂര വിനോദങ്ങൾക്ക് ഇട്ടു കൊടുക്കും. ഒരു ഘട്ടത്തിൽ ഇരകളുടെ ശരീര ഭാഗങ്ങൾ മുറിച്ചു പാകം ചെയ്ത് അലക്സാണ്ടറും, അവന്റെ ഡോബർമാൻ നായയും ഭക്ഷിക്കാൻ തുടങ്ങി. ഭക്ഷണമാക്കാൻ പറ്റാത്ത ശരീര ഭാഗങ്ങൾ കവറിൽ പൊതിഞ്ഞു രാത്രി അടുത്തുള്ള നദിയിൽ കൊണ്ട് ചെന്ന് ഒഴുക്കി വിടും. അതായിരുന്നു അവരുടെ ശീലം. 

               തെരുവോരങ്ങളിൽ പെൺകുട്ടികൾ വ്യാപകമായി കാണാതാകുന്നു എന്ന് പരാതി ഉയർന്നെങ്കിലും പോലീസ് അതിനു വലിയ പ്രാധാന്യം ഒന്നും നൽകിയില്ല. മാത്രമല്ല അലക്സാണ്ടറിന്റെ അപ്പാർട്ട്മെന്റിൽ നിന്നും ദുർഗന്ധം വമിക്കുന്നു എന്ന് അയൽക്കാർ പരാതി പറഞ്ഞിട്ടും അതിനും നടപടി എടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. 1991 മുതൽ 1996 വരെ അലക്സാണ്ടറും അമ്മയും തങ്ങളുടെ കുറ്റകൃത്യങ്ങളിൽ വ്യാപകമായി മുഴുകിക്കൊണ്ടിരുന്നു. 1996 ൽ അപ്പാർട്ട്മെന്റിൽ പൈപ്പ് ബ്ലോക്ക്‌ ആയതിനെ തുടർന്ന് താമസക്കാർ ഒരു പ്ലംബറേ ഏർപ്പെടുത്തുകയും, അലക്സാണ്ടറിന്റെ അപ്പാർട്ട്മെന്റിലാണ് ബ്ലോക്കിന്റെ കാരണം എന്ന് മനസ്സിലാക്കിയ അവർ അവിടേക്ക് ചെന്ന് ഡോറിൽ മുട്ടുകയും, വാതിൽ തുറക്കാത്തതിൽ സംശയം തോന്നി പോലീസിനെ വിളിച്ചു ബലമായി വാതിൽ തുറക്കുകയും ചെയ്തു. ഞെട്ടിക്കുന്ന രഹസ്യങ്ങൾ ആയിരുന്നു അവരെയും കാത്ത് ആ മുറിയിൽ ഉണ്ടായിരുന്നത്. ചോരക്കറകൾ പുരണ്ട ഭിത്തി, അടുക്കളയിൽ ചിന്നിച്ചിതറിയ ശരീര ഭാഗങ്ങൾ, ബാത്ത് ടബ്ബിൽ തലയില്ലാത്ത ഒരു സ്ത്രീ ശരീരം, കൂടാതെ 82 രക്തക്കറ പുരണ്ട സ്ത്രീകളുടെ ഉടുപ്പുകളും. സോഫയിൽ വിവസ്ത്ര ആയി കിടന്ന അൽപജീവനുള്ള ഒരു കുട്ടി അവരുടെ ശ്രദ്ധയിൽ പെട്ടു. ആ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും, അവളുടെ മൊഴിയിലൂടെ അവിടെ നടന്നുകൊണ്ടിരുന്ന ക്രൂരതകളുടെ ചരുളഴിയുകയും ചെയ്തു. 

              ആ പെൺകുട്ടിയെ അടക്കം 3 പേരെ ആയിരുന്നു അലക്സാണ്ടറിന്റെ അമ്മ ചെറിയ ജോലി വാഗ്ദാനം ചെയ്ത് ആ അപ്പാർട്ട്മെന്റിലേക്ക് കൊണ്ട് വന്നിരുന്നത്. ആദ്യത്തെ പെൺകുട്ടിയെ അലക്സാണ്ടർ പീഡിപ്പിച്ചു കൊന്നു. ശേഷം മറ്റു രണ്ട് പെൺകുട്ടികളെയും കൊണ്ട് ബലമായി ശവ ശരീരം അറുത്തു മാറ്റിച്ചു. ഈ ഭാഗങ്ങൾ കൊണ്ട് അമ്മ അവർക്ക് വേണ്ട ഭക്ഷണം ഒരുക്കി. രണ്ടാമത്തെ പെൺകുട്ടിയെ അലക്സാണ്ടറിന്റെ നായ കടിച്ചു കൊന്നു. മൂന്നാമത്തെ ഇരയായ ഈ പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി ആസ്വദിച്ചുകൊണ്ടിരുന്ന സമയത്താണ് പ്ലംബർ വാതിലിൽ മുട്ടുന്നത്. ഈ സമയം പരിഭ്രാന്തനായ ഇയാൾ ബാൽക്കണി വഴി ചാടി രക്ഷപെട്ടു എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. എന്നാൽ മൊഴി കൊടുത്ത് ഏകദേശം 17 മണിക്കൂർ ആയപ്പോഴേക്കും ഈ പെൺകുട്ടിയും മരണമടഞ്ഞു. 

               കുറച്ചു നാളുകൾക്ക് ശേഷം മറ്റൊരു അപ്പാർട്ട്മെന്റിൽ വെച്ച് ഒരു സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടയിൽ തന്നെ അവന്റെ അമ്മയും അറസ്റ്റിൽ ആയിരുന്നു. ഏകദേശം 19 കൊലപാതകങ്ങൾക്കുള്ള തെളിവുകൾ പോലീസിന് കോടതിയിൽ നിരത്താനായി. എന്നാൽ അവന്റെ മുറിയിൽ നിന്ന് കിട്ടിയ പെൺകുട്ടികളുടെ ഉടുപ്പുകളുടെയും, ചെരുപ്പുകളുടെയും മറ്റും തെളിവ് വെച്ച് ഈ അഞ്ച് വർഷങ്ങൾക്കുള്ളിൽ ഏകദേശം 82 കൊലപാതകങ്ങൾ ഇവർ ചെയ്തിരുന്നു എന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. 

               മാനസിക രോഗി ആയത്കൊണ്ട് കോടതി അലക്സാണ്ടർ ജീവിത അവസാനം വരെ മാനസിക ആരോഗ്യ ആശുപത്രിയിൽ താമസിക്കണം എന്ന് വിധിച്ചു, മാത്രമല്ല അമ്മയെ 13 വർഷം കഠിന തടവിനും വിധിച്ചു. ശിക്ഷ കഴിഞ്ഞ് 2008 ൽ പുറത്തിറങ്ങിയ അമ്മ സൈബീരിയയ്ക്ക് പുറത്തും, അലക്സാണ്ടർ സൈബീരിയയിലെ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിലും ജീവനോടെ ഇപ്പോഴുമുണ്ട്. ഒരു പക്ഷെ ആ അമ്മ തന്റെ മകനെ തിരുത്താൻ ആദ്യമേ ശ്രമിച്ചിരുന്നു എങ്കിൽ ഇത്രയും പെൺകുട്ടികൾ മരണത്തിൽ നിന്നും രക്ഷപെട്ടേനെ. 

                 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

           

Ad Widget
Ad Widget

Recommended For You

About the Author: admin

Close