
കൊവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ട്രേസിംഗ് ആപ്ലിക്കേഷൻ ആരോഗ്യസേതുവിൽ കൂടുതൽ അപ്ഡേഷനുകൾ ഉൾപ്പെടുത്തിയതായി റിപ്പോർട്ട് . പുതിയ അപ്ഡേറ്റ് പ്രകാരം ഒരു ഉപയോക്താവിന് അക്കൗണ്ട് സ്ഥിരമായി ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനൊപ്പം തന്നെ ബ്ലൂടൂത്ത് ഉപയോഗിച്ച് കൊവിഡ് റിസ്ക് ലെവല്‍ അറിയാന്‍ സാധിക്കുന്ന രീതിയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യസേതു ഡെവലപ്പര്‍മാരുടെ അറിയിപ്പ് പ്രകാരം പുതിയ അപ്ഡേറ്റ് എല്ലാ ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. മാത്രമല്ല ഇനി ആപ്ലിക്കേഷനിൽ ശേഖരിക്കുന്ന വിവരങ്ങൾ ലഭ്യമാക്കണമെങ്കിൽ ഉപയോക്താവിന്റെ അനുവാദം വാങ്ങിക്കണം.
രാജ്യത്ത് കൊവിഡ് വ്യാപനം തടയുവാനും പൗരന്മാരുടെ സഞ്ചാരം തടസങ്ങളില്ലാതെ നടക്കുവാനും കേന്ദ്ര ഗവണ്മെന്റ് ഡെവലപ്പ് ചെയ്ത മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യസേതു. നമ്മുടെ തൊട്ടടുത്ത് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ കോവിഡ് സാധ്യത ഉള്ള അല്ലെങ്കിൽ കൊവിഡ് സ്ഥിതീകരിച്ച ഒരാൾ വന്നിട്ടുണ്ട് എങ്കിൽ നമുക്ക് സൂചന തരുന്നതാണ് ഈ ആപ്പ്. അപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുമ്പോൾ, പേര്, ഫോൺ നമ്പർ, പ്രായം, ലൈംഗികത, തൊഴിൽ, കഴിഞ്ഞ 30 ദിവസങ്ങളിൽ സന്ദർശിച്ച രാജ്യങ്ങൾ. എന്നീ വിവരങ്ങൾ ശേഖരിക്കുകയും ഇന്ത്യാ ഗവൺമെന്റ് നിയന്ത്രിക്കുന്ന ഒരു സെർവറിൽ സുരക്ഷിതമായി സംഭരിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ ഒരു യുണീക് ഐഡിയുമായി ബന്ധപ്പെടുത്തുന്നു. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും ഒരാളെ തിരിച്ചറിയാൻ ഈ ഐഡി പിന്നീട് ഉപയോഗിക്കും.
രജിസ്റ്റർ ചെയ്ത രണ്ട് ഉപയോക്താക്കൾ പരസ്പരം ബ്ലൂടൂത്ത് പരിധിയിൽ വരുമ്പോൾ, അവരുടെ അപ്ലിക്കേഷനുകൾ സ്വയമേവ ഈ ഐഡികൾ കൈമാറ്റം ചെയ്യുകയും കോൺടാക്റ്റ് നടന്ന സമയവും ജിപിഎസ് ലൊക്കേഷനും രേഖപ്പെടുത്തുകയും ചെയ്യും. ഈ വിവരങ്ങൾ ഉപയോക്താവിന്റെ മൊബൈൽ ഉപകരണത്തിൽ സുരക്ഷിതമായി സംഭരിക്കപ്പെടും, മാത്രമല്ല മറ്റ് ഉപയോക്താക്കൾക്ക് ഇത് ആക്സസ് ചെയ്യാൻ കഴിയില്ല. ഈ ഡാറ്റ നിങ്ങൾക്ക് കോവിഡ് സ്ഥിതീകരിക്കുന്ന അല്ലെങ്കിൽ സംശയിക്കുന്ന ഘട്ടം വരെ നിങ്ങളുടെ ഡിവൈസിൽ മാത്രമാവും ശേഖരിക്കപ്പെടുക. നിങ്ങൾക്ക് രോഗമുണ്ട് എന്ന് മനസ്സിലായാൽ നിങ്ങളുടെ കോണ്ടാക്റ്റിൽ വന്ന എല്ലാവരുടെയും ഐഡികൾ ആ രേഖയിൽ നിന്നും സെർവറിലേക്ക് അയക്കുകയും അത് വ്യക്തികളെ അലേർട്ട് ചെയ്യാനും നിങ്ങൾ 14 ദിവസം സഞ്ചരിച്ച സ്ഥലങ്ങൾ ട്രാക്ക് ചെയ്യാനും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നു.