
എസ്എസ്എൽസി പരീക്ഷ ഈ മാസം 26 നു പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കെ ലോക്ക് ഡൗണിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് ആശ്വാസ വാർത്ത. വിദ്യാർത്ഥികൾ ഇപ്പോൾ ഏതു ജില്ലയിലാണോ നിൽക്കുന്നത് ആ ജില്ലയിലെ പരീക്ഷ കേന്ദ്രങ്ങളിൽ അവർക്കു പരീക്ഷ എഴുതാമെന്ന് മന്ത്രി അറിയിച്ചു. ഇതര ജില്ലകളിലും ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഉള്ളവർക്കും ഇത് ആശ്വാസം നൽകുന്ന വാർത്തയായി. വിദ്യാർത്ഥികൾക്ക് സ്വയം പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. എന്നാൽ അതെ ജില്ലയിൽ തന്നെ ഉള്ളവർക്കു സെന്റർ മാറ്റാൻ സാധ്യമല്ല. ഈ മാസം 21 നു വൈകിട്ട് 5 മണി വരെ ഓൺലൈനായി ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കാം. സർക്കാർ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. സ്കൂളിന്റെ ലഭ്യത അനുസരിച്ചു മറ്റുള്ളവരെ പരിഗണിക്കും. ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും ഈ അവസരം വിനിയോഗിക്കാം. ഗൾഫിലും ലക്ഷ്വദീപിലും ഒരേ ദിവസം തന്നെ പരീക്ഷ നടത്തും. ഇതര സംസ്ഥാനത്തുള്ള പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വേണ്ടി പിന്നീട് സേ മോഡൽ പരീക്ഷ നടത്താനും ആലോചനയുണ്ട്. 23 നു സ്കൂൾ മാറ്റം സംബന്ധിച്ചുള്ളവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
എന്നാൽ സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകൾ മാറ്റി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദ്യം പരീക്ഷ നടത്തുന്ന സംസ്ഥാനം എന്ന പേരെടുക്കാനാണ് മുഖ്യമന്ത്രി തിരക്കിട്ടു ഈ നടപടി സ്വീകരിക്കുന്നതെന്നും 13 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ ജീവൻ പന്താടാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷം അറിയിച്ചു. എന്നാൽ എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയാണ് പരീക്ഷ നടത്തുന്നത് എന്ന് മുഖ്യമന്ത്രി അറിയിച്ചു. സാമൂഹ്യ അകലം പാലിച്ചു ആവശ്യത്തിന് പരീക്ഷ സെന്ററുകളുടെ എണ്ണം കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഗതാഗത സൗകര്യം ഒരുക്കി നൽകാൻ എല്ലാ സ്കൂൾ പി ടി എ കമ്മിറ്റികളോടും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ കെഎസ്ആർടിസി ബസ് സർവീസ് ആവശ്യപ്പെടാം എന്നും അദ്ദേഹം അറിയിച്ചു