
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. വിജിലന്‍സിന്റെ ത്വരിത അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സിന്റെ ശുപാര്‍ശകള്‍ കോടതി അംഗീകരിച്ചു. തണ്ണീര്‍ത്തട സംരക്ഷണ നിയമ ലംഘനം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി. വരുന്ന 18നു കേസ് വീണ്ടും പരിഗണിക്കും.
ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിനു സമീപത്തുകൂടെ വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും മുന്‍ മന്ത്രി തോമസ് ചാണ്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് വിജിലന്‍സിന്റെ ശുപാര്‍ശ.
റോഡ് നിര്‍മാണത്തിന് എംപി ഫണ്ടില്‍ നിന്നു പണം അനുവദിച്ച രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്, മുന്‍ എംപി കെ.ഇ.ഇസ്മായില്‍ എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും വിജിലന്‍സ് റേഞ്ച് എസ്പി: എം.ജോണ്സണ് ജോസഫ്, വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയ്ക്കു നല്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ആലപ്പുഴ സ്വദേശി നല്കിയ പരാതിയില്‍ നവംബര്‍ നാലിനാണു തോമസ് ചാണ്ടിക്കെതിരെ പ്രാഥമിക അന്വേഷണത്തിനു കോടതി ഉത്തരവിട്ടത്.