
കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ലാലുവിനൊപ്പം കുറ്റക്കാരായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയ 15 പേര്‍ക്കും ഇതേ ശിക്ഷയാണ് വിധിച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നു തവണ ശിക്ഷാ പ്രഖ്യാപനം മാറ്റിവച്ച ശേഷമാണ് ഇന്നു വിധി പറഞ്ഞത്. കേസില്‍ 21 വര്‍ഷത്തിനുശേഷമാണു വിധി വന്നിരിക്കുന്നത്.
ആകെ 38 പ്രതികളുള്ള കേസില്‍ 11 പേര് മരിച്ചു. മൂന്നുപേര്‍ മാപ്പുസാക്ഷികളായി. രണ്ടുപേര്‍ കുറ്റമേറ്റ് ശിക്ഷ വാങ്ങി. ബാക്കിയുള്ള 22 പ്രതികളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 16 പേരുടെ ശിക്ഷയാണ് ഇന്ന് വിധിച്ചത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.
ജാര്‍ഖണ്ഡിലെ ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ നല്കി 89.27 ലക്ഷം രൂപ തട്ടിയെന്നാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുവിനെതിരായ രണ്ടാം കേസ്. കേസില്‍ ലാലു കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി, 1990നുശേഷം ലാലു സമ്പാദിച്ച മുഴുവന്‍ സ്വത്തും കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരുന്നു.
അതേസമയം, ശിക്ഷ വിധിച്ച റാഞ്ചിയിലെ കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല. ഇതോടെ ജാമ്യത്തിനായി ഇവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. കോടതി അവരുടെ ദൗത്യമാണ് ചെയ്തതെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും വിധിക്കുപിന്നാലെ ലാലുവിന്റെ മകന് തേജസ്വി യാദവ് വ്യക്തമാക്കി. ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മറ്റൊരു മകനായ തേജ് പ്രതാപും പറഞ്ഞു.