കേക്കില്ലാതെ എന്താഘോഷം….കേക്ക് വന്ന വഴി?


Spread the love

കേക്കില്ലാതെ എന്ത് ആഘോഷം എന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. സാധാരണ പിറന്നാള്‍ ആഘോഷിക്കുമ്പോഴായിരുന്നു കേക്ക് മുറിക്കല്‍ നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ ആഘോഷങ്ങള്‍ക്കും കേക്ക് നിര്‍ബന്ധമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ കേക്ക് ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ഓരോ ആഘോഷങ്ങള്‍ക്കും നമ്മള്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ക്രിസ്മസിന് കേക്ക് വാങ്ങാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഈ കേക്കില്ലായിരുന്നെങ്കില്‍ ക്രിസ്മസ് എങ്ങനെ ആഘോഷിക്കുമായിരുന്നു എന്നും ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെ നാം ചിന്തിക്കുമ്പോഴാണ് കേക്ക് എങ്ങനെ ഉണ്ടായി എന്ന് നമ്മള്‍ ആലോചിക്കുന്നത്. കേക്ക് വിദേശിയാണ്. എന്നാല്‍ ഇന്ത്യയില്‍ തന്നെ കേക്കിന്റെ ജനനം തലശ്ശേരിയിലാണ്. തലശ്ശേരിക്കാരനായ മാമ്പള്ളി ബാപ്പുവാണ് ഇന്ത്യയില്‍ ആദ്യമായി കേക്കുണ്ടാക്കിയത്. എന്നാല്‍ അദ്ദേഹം കേക്കുണ്ടാക്കാന്‍ കാരണം ഒരു സായിപ്പാണ്. 1880ലാണ് തലശ്ശേരിക്കാരനായ മമ്പള്ളി ബാപ്പു തലശ്ശേരിയില്‍ മമ്പള്ളി റോയല്‍ ബിസ്‌കറ്റ്‌സ് ഫാക്ടറി സ്ഥാപിച്ചത്. ഈ ബേക്കറിയാണ് കേക്കിന്റെ ഇന്ത്യന്‍ ചരിത്രത്തിന് പിന്നീട് തുടക്കം കുറിച്ചത്. മമ്പള്ളി ബേക്കറിയെ ഇതിലേക്ക് നയിച്ചത് അഞ്ചരക്കണ്ടിയില്‍ തോട്ടമുണ്ടായിരുന്ന ബ്രൗണ്‍ സായിപ്പാണ്. 1883ലെ ഒരു ദിവസം മമ്പള്ളിയുടെ തലശ്ശേരിയിലെ ബേക്കറിയിലെത്തിയ അദ്ദേഹം നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഒരു കഷണം കേക്ക് നല്‍കി അതുപോലെ ഒരു ക്രിസ്മസ് കേക്ക് ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. സായിപ്പ് നല്‍കിയപ്പോഴാണ് മമ്പള്ളി ബാപ്പു ആദ്യമായി കേക്ക് കാണുന്നത് തന്നെ. സായിപ്പ് തന്നെ കേക്ക് ഉണ്ടാക്കുന്നവിധം ബാപ്പുവിന് പറഞ്ഞു കൊടുത്തു. പിന്നീട് ബേക്കറിക്ക് മുന്നിലെത്തിയ ബ്രൗണ്‍ സായിപ്പിനോട് മമ്പള്ളി ബാപ്പു നെഞ്ചുവിരിച്ചു നിന്ന് ”കേക്ക് റെഡി സായിപ്പേ” എന്ന് പറഞ്ഞത് ഒരു വെല്ലുവിളിയുടെ മറുപടിയെന്നോണമായിരുന്നു. ഉടന്‍ ബേക്കറിയില്‍ കയറിയ സായിപ്പ് കേക്ക് രുചിച്ചുനോക്കി. ”എക്‌സലന്റ്” എന്നായിരുന്നു സായിപ്പിന്റെ മറുപടി. അങ്ങനെ 1883 ഡിസംബര്‍ 23ന് ബാപ്പു ഇന്ത്യയില്‍ ആദ്യമായി തലശ്ശേരിയില്‍ ക്രിസ്മസ് കേക്കുണ്ടാക്കി. ഇത് നന്നായി ഇഷ്ടപ്പെട്ട സായിപ്പ് വേറെ ഒരു ഡസന്‍ കേക്കിന് കൂടി ഓര്‍ഡര്‍ നല്‍കിയെന്നതും തലശ്ശേരിയുടെ കേക്ക് ചരിത്രം.

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close