കേരള തീരത്തേക്ക് എത്തുന്ന പുതിയ അതിഥിയെ വരവേല്ക്കാന്‍ ശാസ്ത്രലോകം


Spread the love

മൈലുകള്‍ താണ്ടി കേരള തീരത്തേക്ക് എത്തുന്ന പുതിയ അതിഥിയെ വരവേല്ക്കാന്‍ കാത്തിരിക്കുകയാണ് ആലപ്പുഴ തീരവും ശാസ്ത്രലോകവും. ഒമാനില്‍ നിന്നും ഏറെ കിലോമീറ്ററുകള്‍ നീന്തി ഗോവന്‍ തീരവും കടന്ന് ഒരു സഞ്ചാരി യാത്ര നടത്തുന്നുണ്ട്.
ഒമാനിലെ ഉള്‍ക്കടലില്‍ നിന്നും യാത്ര തുടങ്ങിയ ‘ലുബന്‍’ എന്ന കൂനന്‍ തിമിംഗലം ആലപ്പുഴ ഭാഗത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കരയില്‍ നിന്നും 20 മുതല്‍ 30 കിലോ മീറ്റര്‍ അകലെ കൂടി സഞ്ചരിക്കുന്ന കൂറ്റന്‍ തിമിംഗലത്തെ രണ്ടു ദിവസത്തിനകം കൊല്ലം, തിരുവനന്തപുരം തീരങ്ങളില്‍ കാണാന്‍ സാധിക്കുമെന്ന കാത്തിരിപ്പിലാണ് ശാസ്ത്രലോകം.

ലുബാനൊപ്പം ഒരു കുഞ്ഞന്‍ തിമിംഗലം ഉണ്ടെന്നാണ് സൂചനകള്‍. പ്രതിവര്‍ഷം 25,000 കിലോമീറ്റര്‍ ദേശാടനം നടത്തുന്ന കൂനന്‍ തിമിംഗലങ്ങള്‍ ലോകത്തില്‍ ഏറ്റവും അധികം ദൂരം യാത്ര ചെയ്യുന്ന സസ്തനികള്‍ ആണ്.
അറബിയില്‍ ‘കുന്തിരിക്കം’ ചെടിയുടെ പേരാണ് ലുബാന്‍. വാലിലെ ചെടിയുടെ മാതൃകയാണ് ഈ പേരിടാന്‍ കാരണം. 16 മീറ്ററിലേറെയാണ് വലിപ്പം. കറുപ്പിലും ചാരനിറത്തിലുമുള്ള ശരീരത്തിന്റെ കീഴ്ഭാഗം വെള്ള നിറമാണ്.

ഇക്കഴിഞ്ഞ ഡിസംബര്‍ 12 നാണ് ലുബാന്‍ ഒമാനില്‍ നിന്നും യാത്ര തുടങ്ങുന്നത്. ഇതിനോടകം തന്നെ 1500 ഓളം കിലോമീറ്ററുകള്‍ താണ്ടിയാണ് ആദ്യം കൊച്ചി തീരത്തും പിന്നീട് ആലപ്പുഴ തീരത്തേയ്ക്കും നീങ്ങുന്നത്. എന്‍വയോണ്‍മെന്റ് സൊസൈറ്റി ഓഫ് ഒമാന്‍ ഉപഗ്രഹ സഹായത്തോടെ ടാഗ് ചെയ്ത 14 കൂനന്‍ തിമിംഗലങ്ങളില്‍ ഒന്നാണ് ലുബാന്‍. കഴിഞ്ഞ നവംബറില്‍ മാസിറ ഉള്‍ക്കടലിലാണ് ഈ പെണ്‍തിമിംഗലത്തെ കണ്ടെത്തിയത്.
അറബിക്കടയില്‍ കാണുന്ന, ജനിതകമായി ഏറെ വ്യത്യസ്തമായ കൂനന്‍ തിമിംഗലങ്ങള്‍ ദേശാടനം നടത്തുന്നവ അല്ലെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍, ഒമാനില്‍ നിന്നും യാത്ര തുടങ്ങില ലുബാന്‍ 1500 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഡിസംബര്‍ അവസാന വാരം ഗോവന്‍ തീരത്തെത്തിയത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close