ജനമൈത്രിയുടെ ഉത്തമ മാതൃകയായി കാഞ്ഞിരപ്പള്ളി പോലീസ്


Spread the love

കോടതി ഉത്തരവിനെത്തുടര്‍ന്ന് പോലീസെത്തി കുടിയൊഴിപ്പിച്ച കുടുംബത്തിന് പുതിയ വീടൊരുക്കി ജനമൈത്രി പോലീസ്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കിടപ്പാടം നഷ്ടമായ പൂതക്കുഴി തൈപ്പറമ്ബില്‍ ബബിതയ്ക്കും മകള്‍ സൈബയ്ക്കും വീടൊരുക്കിയാണ് കാഞ്ഞിരപ്പള്ളി പോലീസ് മാതൃകയായത്. എസ്‌ഐ. എഎസ് അന്‍സലിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മാണം പുരോഗമിക്കുന്നത്. വീടിന്റെ താക്കോല്‍ ഈ മാസം 26ന് ബബിതയ്ക്ക് നല്‍കും. മന്ത്രി എംഎം മണിയാണ് വീടിന്റെ താക്കോല്‍ കൈമാറുക.
മൂന്ന് വര്‍ഷം മുമ്ബ് ഭര്‍ത്താവ് മരിച്ച ബബിത മകളുടെ കൂടെ ഒറ്റമുറി കടയിലാണ് താമസിച്ചിരുന്നത്. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃസഹോദരന്‍ നല്‍കിയ കേസില്‍ കഴിഞ്ഞ മാര്‍ച്ച് 20ന് വിധി വന്നതോടെയാണ് ഇവര്‍ തെരുവിലായത്. രോഗിയായ ബബിതയെ പോലീസെത്തി കിടക്കയോടെയെടുത്താണ് ആശുപത്രിയിലേക്കു മാറ്റിയത്. കയറിക്കിടക്കുവാന്‍ വീടില്ലാതായതോടെ ജമാ അത്തിന്റെ നേതൃത്വത്തില്‍ പൂതക്കുഴിയില്‍ വീട് വാടകയ്‌ക്കെടുത്ത് നല്‍കി. വീട് നിര്‍മിക്കുന്നതിനായി സഹായങ്ങളെത്തിയിരുന്നെങ്കിലും സ്ഥലം വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും ആവശ്യമായ പണം തികയാതെ വന്നതോടെ കാഞ്ഞിരപ്പള്ളി പൊലീസ് സഹായത്തിനെത്തുകയായിരുന്നു.
പോലീസിന്റെ നേതൃത്വത്തില്‍ സമാഹരിച്ച തുകയ്ക്ക് കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് അഞ്ചു സെന്റ് സ്ഥലം വാങ്ങി വീട് നിര്‍മാണം ആരംഭിച്ചു. വീട് നിര്‍മാണത്തിന്റെ ഒരോ ഘട്ടത്തിലും പോലീസിനും ബിബിതക്കും കൂട്ടായി സുമനസ്സുകളെത്തി. എണ്ണൂറ് ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മാണത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പതിനൊന്ന് ലക്ഷത്തോളം രൂപ വീടുപണിക്കായി ഇത് വരെ ചെലവഴിച്ചുകഴിഞ്ഞു. കുടിയിറക്കിയ തങ്ങള്‍ക്കുതന്നെ സുരക്ഷിത ഭവനം ഒരുക്കി നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും. വീടെന്ന സ്വപ്നം പൂര്‍ത്തികരിക്കുവാനായി സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നുവെന്ന് ബബിത പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close