ട്രെയിനില്‍ നിന്ന് വീണ് അമ്മ മരിച്ചത് അറിയാതെ കുഞ്ഞുങ്ങള്‍ ഉറങ്ങി


Spread the love

കുട്ടികളുമായി യാത്രചെയ്യവെ വനിതാ ഡോക്ടര്‍ രാത്രി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാര(38)യാണ് മരിച്ചത്. കോന്നി കല്ലേലി ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് തുഷാര. ഒപ്പം ഉറങ്ങിയ അമ്മ മരിച്ചതറിയാതെ മൂന്നുകുഞ്ഞുങ്ങള്‍ യാത്രതുടര്‍ന്നു. രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മയെകാണാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ നിലവിളിച്ചപ്പോഴാണ് സംഭവം എല്ലാവരും അറിയുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്കു പോയ മലബാര്‍ എക്‌സ്പ്രസിലാണ് ദാരുണസംഭവം ഉണ്ടായത്. തൃശ്ശൂര്‍ കോലഴി പോട്ടോറിലാണ് ചൊവ്വാഴ്ച പകല്‍ റെയില്‍പ്പാളത്തില്‍ തുഷാരയുടെ മൃതദേഹം കണ്ടത്. കണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് മൂന്നു മക്കളെയും സഹായിയായ സ്ത്രീയെയും കൂട്ടി പോവുകയായിരുന്നു തുഷാര. ചെങ്ങന്നൂരില്‍നിന്ന് രാത്രി ഒമ്പതരയോടെ ഭര്‍ത്താവ് ഡോ. അനൂപാണ് തീവണ്ടി കയറ്റിവിട്ടത്. റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര. വൈകാതെ എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാവിലെ ഉണര്‍ന്നപ്പോഴാണ് അമ്മയെ കാണാനില്ലെന്ന വിവരം സ്‌കൂള്‍വിദ്യാര്‍ഥികളായ മക്കള്‍ കാളിദാസന്റെയും വൈദേഹിയുടെയും ശ്രദ്ധയില്‍പ്പെട്ടത്. ഇളയകുട്ടി വൈഷ്ണവിയ്ക്ക് രണ്ടുവയസ്സേയുള്ളൂ. അമ്മയെ തിരഞ്ഞിട്ടും കാണാതിരുന്നപ്പോള്‍ കുട്ടികള്‍ കരയാന്‍ തുടങ്ങി. ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. കുട്ടികളില്‍ നിന്നും കണ്ണൂരിലെ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങിയശേഷം സഹയാത്രികരിലൊരാള്‍ ബന്ധപ്പെട്ടു. കുട്ടികളെ സഹായിക്കൊപ്പം കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബന്ധുക്കളെ ഏല്‍പ്പിച്ചു. ബന്ധുക്കള്‍ റെയില്‍വേ പൊലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ശൗചാലയത്തില്‍ പോയപ്പോള്‍ അബദ്ധത്തില്‍ പുറത്തേക്ക് വീണതാകാമെന്നാണ് വിയ്യൂര്‍ പൊലീസിന്റെ നിഗമനം.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close