തലസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംഘം സജീവം… വിമുക്തഭടന് നഷ്ടമായത് 89,000 രൂപ


Spread the love

തലസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംഘം സജീവമായതായി റിപ്പോര്‍ട്ട്. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ വിമുക്തഭടന് നഷ്ടമായത് 89,000 രൂപ. മംഗലപുരം ഇടവിളാകം മേലേവിളവീട്ടില്‍ ശശിധരന്റെ (64) പണമാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.46നും 4.19നും ഇടയിലാണ് ഇന്റര്‍നെറ്റ് ഫോണ്‍കോളിലൂടെ ശശിധരനെ ബന്ധപ്പെട്ട സംഘം പണം തട്ടിയെടുത്തത്. എസ്.ബി.ഐ യുടെ മുംബയ് ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍ നിന്നെന്ന വ്യാജേന ഒരു സ്ത്രീയാണ് ആദ്യം ശശിധരനുമായി ബന്ധപ്പെട്ടത്. ഇംഗ്‌ളീഷിലായിരുന്നു സംസാരത്തിന്റെ തുടക്കം. പിന്നീട് ഹിന്ദിയില്‍ സംഭാഷണം തുടര്‍ന്ന ഇവര്‍ ക്രെഡിറ്റ് കാര്‍ഡ് സംബന്ധമായി ശശിധരന്‍ ഫയല്‍ ചെയ്തിരുന്ന പരാതി സംബന്ധിച്ച വിവരം അറിയാനാണ് വിളിച്ചതെന്നാണ് അറിയിച്ചത്. ഇക്കഴിഞ്ഞ നവംബറില്‍ ശശിധരന് ലഭിച്ച ക്രെഡിറ്റ് കാര്‍ഡിന്റെ രഹസ്യ നമ്ബര്‍ രേഖപ്പെടുത്തിയിരുന്നത് വ്യക്തമല്ലാത്തതിരുന്നതിനാല്‍ ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് സംബന്ധിച്ച് ശശിധരന്‍ ബാങ്ക് മുഖാന്തിരം പരാതി അറിയിച്ചിരുന്നു. ഈ പരാതി ഏതാനും ആഴ്ച മുമ്ബ് മുംബയ് ഓഫീസില്‍ നിന്ന് ബന്ധപ്പെട്ട് പരിഹരിച്ചിരുന്നു. തുടര്‍ന്ന് ശശിധരന്‍ കാര്‍ഡ് ഉപയോഗിക്കുകയും ചെയ്തു. അതിനിടയിലാണ് തട്ടിപ്പ് നടന്നത്.
ശശിധരന്റെ വിലാസം, വയസ്, ജനനത്തീയതി,കാര്‍ഡ് നമ്ബര്‍, ഇവയെല്ലാം ഇങ്ങോട്ട് പറഞ്ഞുകൊടുത്ത സംഘം വിവരങ്ങള്‍ ശരിയാണോയെന്ന് അന്വേഷിച്ചു. ശരിയാണെന്ന് മറുപടി നല്‍കിയ ഉടന്‍ സ്ത്രീ ഓഫീസര്‍ക്കെന്ന പേരില്‍ ഒരു പുരുഷന് ഫോണ്‍ കൈമാറി. അയാള്‍ എന്‍ക്വയറി കഴിഞ്ഞതായും മൊബൈല്‍ ഫോണിലേക്ക് ഉടന്‍ ഒരു സന്ദേശമെത്തുമെന്നും അതിലുള്ള ഒ.ടി.പി നമ്ബര്‍ പിന്നീട് വിളിക്കുമ്‌ബോള്‍ പറഞ്ഞുതരണമെന്നും നിര്‍ദേശിച്ചു. യാത്രയിലായിരുന്ന ശശിധരന് അല്‍പ്പസമയത്തിനകം തന്നെ അതേ നമ്ബരില്‍ നിന്ന് അടുത്തകോളെത്തി. ഒ.ടി.പി നമ്ബര്‍ പറഞ്ഞുകൊടുത്തതോടെ എല്ലാം ശരിയായി എന്ന് പറഞ്ഞു. വീണ്ടും ഏതാനും തവണ കൂടി ഒ.ടി.പി നമ്ബര്‍ വെരിഫൈ ചെയ്യാനാണെന്ന് പറഞ്ഞും മറ്റും വിളിച്ചുകൊണ്ടിരുന്ന സംഘം പത്തുമിനിട്ടുകഴിഞ്ഞ് എ.ടി.എം നമ്ബരും ആധാര്‍കാര്‍ഡ് നമ്ബരും ആവശ്യപ്പെട്ടു. അത് ശശിധരന്‍ ചോദ്യം ചെയ്തു.
ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ ഇത് ലിങ്ക് ചെയ്യാനാണെന്ന് ഇവര്‍ മറുപടി പറഞ്ഞെങ്കിലും തുടരെയുള്ള ഫോണ്‍വിളികളില്‍ സംശയം തോന്നിയ ശശിധരന്‍ നമ്ബരുകള്‍ കൈമാറാന്‍ വിസമ്മതിച്ചു. ഈ സമയത്ത് മൊബൈല്‍ഫോണില്‍ തുടരെ സന്ദേശങ്ങള്‍ എത്തിക്കൊണ്ടിരുന്നെങ്കിലും ബൈക്കോടിച്ചുകൊണ്ടിരുന്നതിനാല്‍ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിഞ്ഞില്ല. അതിന് ശേഷം ഗുഡ്ഗാവിലെ ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍ നിന്ന് വിളിച്ചറിയിക്കുമ്‌ബോഴാണ് താന്‍ തട്ടിപ്പിനിരയായെന്ന വിവരം ശശിധരന് ബോദ്ധ്യപ്പെട്ടത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close