
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി തള്ളി. മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യമാണ് കോടതി തള്ളിയത്. കേസ് സുപ്രീം കോടതിയുടെ പഴയ ബെഞ്ച് തന്നെ പരിഗണിക്കും. ആര്.കെ അഗര്‍വാള്‍, എ.എം സപ്രേ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അഗര്‍വാളിന്റേയും സപ്രേയുടേയും ബെഞ്ചില്‍ നിന്നു ഹര്‍ജി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടിക്ക് വേണ്ടി അഭിഭാഷകന് വിവേക് തന്‍ഖ കോടതിയില്‍ കത്ത് നല്‍കിയിരുന്നു.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം, തന്റെ പേര് പരാമര്‍ശിക്കുന്ന കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായുള്ള തുടര്‍ നടപടികളും റദ്ദാക്കണം. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മന്ത്രിയെന്ന നിലയിലല്ല, വ്യക്തിയെന്ന നിലയിലാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്ന കാബിനറ്റ് തീരുമാനത്തെ ചോദ്യം ചെയ്താല്‍ മാത്രമേ അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനം ആകുകയുള്ളൂവെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.