
പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ഇത്തവണ നിയമസഭാ സമ്മേളനം ആരംഭിച്ചു. പ്രതിപക്ഷം പ്രതിഷേധ പ്ലക്കാര്‍ഡുകളുമായാണ് സഭയിലെത്തിയിരിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമായി. നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായി തങ്ങളുടെ പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ അറിയിക്കുകയും ചെയ്തു. നയപ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷത്തെ കേള്‍ക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം നിര്‍ത്തി. വിലക്കയറ്റം, ഭരണസ്തംഭനം, ക്രമസമാധാന തകര്‍ച്ച എന്നിവ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
മാനവവിഭവ ശേഷിയില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കേരളം അഴിമതിരഹിത സംസ്ഥാനമാണെന്ന വിലയിരുത്തലുണ്ട്. 100 ശതമാനം വൈദ്യുതീകരണം സ്വന്തമാക്കിയ സംസ്ഥാനമാണ് കേരളം. വെളിയിട വിസര്‍ജ്യ മുക്തമായ സംസ്ഥാനമാണ്. ട്രാന്സ്ജെന്റര് വിഭാഗത്തിന് നല്കിയ പരിഗണനയിലും ഒന്നാമതാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് ഭീഷണിയില്ല. അത്തരം പ്രചരണങ്ങള്‍ അപലപനീയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.