
ബസ് ചാര്‍ജ്ജ് വര്‍ധന ആവശ്യപ്പെട്ട് 30 മുതല്‍ സ്വകാര്യബസ് പണിമുടക്ക് പ്രഖ്യാപിച്ചു. ബസ് ചാര്‍ജ്ജ് വര്‍ധന ശുപാര്‍ശ ചെയ്ത ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫഡറേഷന്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതിന് മുന്നോടിയായി 22 ന് സെക്രട്ടറിയറ്റിന് മുന്നില്‍ സംഘടനാ ഭാരവാഹികള്‍ നിരാഹാരസമരം നടത്തുമെന്ന് കോണ്‍ഫെഡറേഷന്‍ ചെയര്മാന് ലോറസ് ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക, കിലോമീറ്റര്‍ ചാര്‍ജ്ജ് 80 പൈസയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയാക്കുക, റോഡ് നികുതി വര്‍ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഡീസല്‍വില വര്‍ധന, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ്, തൊഴിലാളികളുടെ വേതന വര്‍ധനവ് എന്നിവകാരണം സ്വകാര്യബസ് വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണ്.
2014 മെയ് 20 നാണ് അവസാനമായി ബസ് നിരക്ക് ഉയര്‍ത്തിയത്. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വിലയില്‍ 13 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 68 ശതമാനം വര്‍ധനവാണുണ്ടായത്. ഇതെല്ലാം പരിഗണിച്ച് നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കോണ്‍ഫെഡറേഷന്‍ അഭ്യര്‍ഥിച്ചു. കോണ്‍ഫെഡറേഷന്‍ കണ്‍വീനര്‍മാരായ എം ബി സത്യന്, ജോണ്സണ് പയ്യപ്പിള്ളി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.