
ബോണക്കാട്ട് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കില്ലെന്ന് വനംവകുപ്പ് മന്ത്രി കെ.രാജു. കോടതി നിര്‍ദേശം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണവിധേയമായി ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ബോണക്കാട് പ്രശ്നത്തില്‍ നെയ്യാറ്റിന്‍കര രൂപത നാളെ മുതല്‍ നടത്താനിരുന്ന പ്രത്യക്ഷസമരം മാറ്റിവച്ചു. മന്ത്രി കെ.രാജുവുമായി ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ആരാധനസ്വാതന്ത്ര്യത്തിനായി മുഖ്യമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ.എം.സൂസപാക്യം പറഞ്ഞു. സമാധാനപരമായി പ്രശ്നം തീര്‍ക്കാനാണ് ശ്രമമെന്നും ഡോ.എം.സൂസപാക്യം വ്യക്തമാക്കി.
പൊലീസ് നടപടിയുണ്ടായ ബോണക്കാട്ട് ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രത്യക്ഷസമരത്തിനിറങ്ങാന്‍ നെയ്യാറ്റിന്‍കര രൂപത ഇന്നലെ ഇടയലേഖനത്തിലൂടെ ആഹ്വാനം നല്‍കിയിരുന്നു. സര്‍ക്കാര്‍ വര്‍ഗീയ ശക്തികള്‍ക്ക് കുട പിടിക്കുകയാണെന്ന് രാവിലെ രൂപതയിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രശ്നപരിഹാരത്തിന് ഇടപെടണമെന്നും നെയ്യാറ്റിന്‍കര ബിഷപ്പ് ഡോക്ടര്‍ വിന്‍സന്റ് സാമുവല്‍ ഇടയലേഖനത്തില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.