
മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രവിവാദത്തില് വിശദീകരണവുമായി വിമാനക്കമ്പനി. ഹെലികോപ്ടര്‍ ബുക്ക് ചെയ്തത് ഡിജിപി ലോക്നാഥ് ബെഹ്റ ഇടപെട്ടാണെന്ന് ചിപ്സന്‍ ഏവിയേഷന്‍ വ്യക്തമാക്കി. ബംഗളൂരുവില്‍ നിന്ന് ഹെലികോപ്ടര്‍ കൊണ്ടുവരാനായിരുന്നു ധാരണ. 13 ലക്ഷമായിരുന്നു വാടക നിശ്ചയിച്ചത്. എന്നാല്‍ ഹെലികോപ്ടര്‍ മൈസൂരില്‍നിന്ന് എത്തിക്കാനായി. അതിനാല്‍ വാടക 8 ലക്ഷമായി കുറച്ചു എന്നും കമ്പനി വിശദീകരിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് ക്ലിയറന്‍സ് നല്‍കുക മാത്രമാണ് ചെയ്തതെന്ന് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു. സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തത്. മറ്റ് കാര്യങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ഡിജിപി പറഞ്ഞിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി യാത്ര നടത്തിയതെന്ന വിവരം പുറത്തുവരുന്നത്. തൃശൂരിലെ സിപിഐഎം സമ്മേളനവേദിയില്‍ നിന്നുള്ള യാത്രയ്ക്ക് എട്ടുലക്ഷം ചെലവ് വന്നെന്നാണ് കണക്കുകള്‍. ഓഖി കേന്ദ്രസംഘത്തെ കാണാനെന്നാണ് ഉത്തരവില്‍ പറയുന്ന വിശദീകരണം. ഹെലികോപ്ടര്‍ കമ്പനി ചോദിച്ചത് 13 ലക്ഷമാണെങ്കിലും വിലപേശി എട്ടുലക്ഷത്തില്‍ ഒതുക്കിയെന്നും അവകാശപ്പെടുന്നു.