
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.ഐ നേതാവ് രാജാജി മാത്യു തോമസ്. പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഒരുപോലെയാണെന്ന് രാജാജി ആരോപിച്ചു. എറണാകുളത്ത് സി.പി.ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു രാജാജി.
കടക്ക് പുറത്ത് എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. ആശയ വിനിമയത്തിന് സാമൂഹ്യമാധ്യമങ്ങളെ മാത്രം ഉപയോഗിക്കുന്നത് ആശാസ്യമല്ല. പിണറായി വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് ചോദ്യങ്ങള്‍ ഭയന്നിട്ടാണെന്നും രാജാജി ആരോപിച്ചു. സി.പി.എംസി.പി.ഐ സമ്മേളനങ്ങളില്‍ പരസ്പര വിമര്‍ശനം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ജനയുഗം എഡിറ്റര്‍ രംഗത്ത് വന്നത്.
കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടിയുമായി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമന് രംഗത്ത് വന്നിരുന്നു. സി.പി.എമ്മിന്റെ വീട്ടിലെ വാടക്കാരല്ല സി.പി.ഐയെന്നും വാടകക്കാരാണെങ്കില്‍ നോട്ടീസ് തരാതെ ഒഴിപ്പിക്കാമെന്നും ശിവരാമന് പറഞ്ഞു. കെ.എം മാണിയെ മുന്നണിയില്‍ എടുക്കണമെന്നാണ് സി.പി.എമ്മിന്റെ മാര്‍ക്സിസ്റ്റ് വീക്ഷണമെങ്കില്‍ നല്ല നമസ്കാരം എന്നേ പറയാനുള്ളൂ എന്നും ശിവരാമന് പറഞ്ഞു.