
ദേശീയ മെഡിക്കല്‍ അസോസിയേഷന് ഇന്ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയാണ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ചാണ് പണിമുടക്ക്. കേരളത്തിലും പണിമുടക്കുണ്ടാകുമെന്ന് ഐ.എം.എ. സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതര പരിചരണ സേവനങ്ങളും ഒഴികെ എല്ലാ ആശുപത്രി സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മറും സെക്രട്ടറി ഡോ. എന്‍. സുല്‍ഫിയും പറഞ്ഞു.
മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ അധികാരം കുറയ്ക്കുന്ന വ്യവസ്ഥയാണ് ബില്ലില്‍ പ്രധാനമായും എതിര്‍ക്കുന്നത്. 40 ശതമാനം സീറ്റിലേ സര്‍ക്കാരിന് ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ. പണമുണ്ടെങ്കില്‍ മാര്‍ക്ക് വേണ്ടെന്ന സ്ഥിതിയുണ്ടാക്കുന്ന ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നതാണ് ഐ.എം.എ.യുടെ ആവശ്യം.ബില്ലിലെ വിവാദവ്യവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ഐ.എം.എ. അറിയിച്ചിട്ടുണ്ട്. ബില്‍ പാസാക്കാന്‍ തിടുക്കം കാണിക്കുന്നതിനു പകരം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബില്ലിലെ വ്യവസ്ഥകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ്. പഠനം അസാധ്യമാക്കുമെന്ന് സംഘടനയുടെ ദേശീയ അധ്യക്ഷന്‍ രവി വന്‍ഖേദ്കര്‍ കുറ്റപ്പെടുത്തി.
പണിമുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ 11ന് രാജ്ഭവന് മാര്‍ച്ച് നടത്തും. മെഡിക്കല്‍ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ ഒരുവിഭാഗം രാവിലെ ഒരുമണിക്കൂര്‍ ഒ.പി. ബഹിഷ്കരിക്കും. കെ.ജി.എം.ഒ.യുടെ നേതൃത്വത്തില്‍ രാവിലെ ഒമ്ബതുമുതല്‍ പത്തുവരെയാണ് ബഹിഷ്കരണം. സ്വകാര്യ പ്രാക്ടീസും നടത്തില്ല. കേരള ഗവണ്മെന്റ് സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന് ഐ. എം.എ. സമരത്തിന് പിന്തുണയുമായി 12 മണിക്കൂര്‍ സമരത്തില്‍ പങ്കുചേരും. സ്വകാര്യ പ്രാക്ടീസില്‍നിന്ന് വിട്ടുനില്‍ക്കും.