
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പുറത്ത്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ സ്കോര്‍ 307 റണ്‍സിലെത്തി. ഇന്ത്യന്‍ മുന്‍നിര ബാറ്റ്സ്മാന്മാര് കൂടാരം കയറിയപ്പോഴും തകരാതെ പിടിച്ച് നിന്ന ക്യാപ്റ്റന്‍ കൊഹ്ലിയുടെ ബാറ്റിംഗാണ് ഇന്ത്യയെ 300 കടത്തിയത്. 217 പന്തുകള്‍ നേരിട്ട് 153 റണ്‍സെടുത്ത കൊഹ്ലി തന്റെ കരിയറിലെ 21ാം സെഞ്ച്വറി തികച്ചു.
മൂന്നാം ദിനം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 15റണ്‍സെടുത്ത പാണ്ഡ്യ റണ്ണൗട്ടാവുകയായിരുന്നു. പിന്നീട് ക്രീസിലേക്കിറങ്ങിയ അശ്വനുമായി ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോര്‍ക്കല്‍ നാല് വിക്കറ്റുകള്‍ വീഴത്തി. മഹാരാജ്, ഫിലാന്‍ഡര്‍, റബാഡ, എന്‍ഗിഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ച്വറി നേടിയ മാര്‍ക്രത്തിന്റെയും അംലയുടെയും ഡു പ്ലെസിസിന്റെയും ബാറ്റിങ്ങ് മികവില്‍ 335 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയെടുത്തത്.