
വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് നേരെ കല്ലേറും ചീമുട്ടയേറും. കൂറ്റനാട് ഒരു സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു. വി.ടി.ബല്‍റാം. ബല്‍റാം എത്തുന്നതറിഞ്ഞ് നൂറുകണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ഇവരെ നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ സംഘര്‍ഷമായി. എം.എല്‍.എയ്ക്ക് സുരക്ഷാ പ്രശ്നമുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും 20 ഓളം പോലീസുകാര്‍ മാത്രമാണ് പ്രദേശത്ത് ഉണ്ടായിരുന്നത്.
മാപ്പു പറയാതെ ബല്‍റാമിനെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ സി.പി.എമ്മിന്റെ ഗുണ്ടായിസത്തിനു മുന്നില്‍ തളരില്ലെന്നും ജനങ്ങളുടെയും കോണ്‍ഗ്രസിന്റെയും ബലത്തില്‍ മുന്നോട്ടുപോകുമെന്നും ബല്‍റാം പറഞ്ഞു. ബല്‍റാമിനെ ആക്രമിച്ചതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സി.പി.എമ്മിന് സഹിഷ്ണുത നഷ്ടപ്പെട്ടതാണ് കഴിഞ്ഞ കുറച്ചുദിവസമായി ബല്‍റാമിനെതിരെ നടക്കുന്ന ആക്രമണത്തിനു പിന്നില്‍. ബല്‍റാമിനെതിരായ ആക്രമണം നിര്‍ഭാഗ്യകരമാണെന്ന് വി.എം സുധീരനും പ്രതികരിച്ചു. സി.പി.എമ്മിന്റെ പ്രതിഷേധം ഉയരുമ്പോഴും ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമാണ് ബല്‍റാം മടങ്ങിയത്. സി.പി.എമ്മിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരുവിലിറങ്ങി. ഇരുകൂട്ടരും തമ്മില്‍ രൂക്ഷമായ കല്ലേറുമുണ്ടായി. ഇരുപക്ഷത്തും നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസുകാര്‍ക്കും പരുക്കേറ്റു. ബല്‍റാം മടങ്ങിയ ശേഷം സി.പി.എം പ്രവര്‍ത്തകര്‍ പോലീസിനു നേര്‍ക്കും വാക്കേറ്റം ഉണ്ടാക്കി. എം.എല്‍.എയെ സംരക്ഷിക്കുന്ന നിലപാട് പോലീസ് എടുത്തു എന്നാരോപിച്ചായിരുന്നു സംഘര്‍ഷം. സി.പി.എമ്മിന്റെ സമുന്നത നേതാവായിരുന്ന എ.കെ.ഗോപാലനെ കുറിച്ച് ബല്‍റാം നടത്തിയ വിവാദ ഫേസ്ബുക്ക് പരാമര്‍ശമാണ് ആക്രമണത്തിന് പിന്നില്‍.