
ഷെറിന് മാത്യൂസ് കൊലക്കേസില്‍ വളര്ത്തച്ഛന് വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം. വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് സിനിക്ക് രണ്ടു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. 10,000 യുഎസ് ഡോളര്‍ വരെ പിഴയും ഈടാക്കിയേക്കാം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരങ്ങള്‍ വച്ചാണു കുറ്റം ചാര്‍ത്തിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ഡാല്ലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഫെയ്ത് ജോണ്സണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വെസ്ലിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനുമുള്ള കുറ്റവും ചാര്‍ത്തിയിട്ടുണ്ട്. ദമ്പതികളുടെ നാലുവയസ്സുള്ള മകള്‍ ഇപ്പോള്‍ ശിശു സംരക്ഷണ സേവനകേന്ദ്രത്തിലാണ് കഴിയുന്നത്. കുട്ടിയുടെ സംരക്ഷണ വിഷയം ഈ മാസം അവസാനമെ കോടതി വാദം കേള്‍ക്കൂ. വെസ്ലിക്കും സിനിക്കും കുട്ടിയെ വിട്ടുകൊടുക്കുന്ന കാര്യം സംശയമാണ്. മാതാപിതാക്കളുടെ അവകാശം വരെ കോടതി എടുത്തുമാറ്റിയേക്കാം.