സംസ്ഥാന സ്‌കൂള്‍ കലോത്സവം: ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍


Spread the love

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് വ്യാജ അപ്പീലുകള്‍ കൂടുന്നു. ഇതുവരെ ബാലാവകാശ കമ്മീഷന്റെ പേരിലുള്ള അപ്പീലുകള്‍ പത്തെണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നൂറുകണക്കിന് വ്യാജ അപ്പീലുകള്‍ പല ജില്ലകളില്‍ ഉള്ളതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ വന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

വ്യാജ ഉത്തരവുകളില്‍ സ്ഥാനമൊഴിഞ്ഞ രണ്ട് അംഗങ്ങളുടെയും ഇപ്പോഴത്തെ ചെയര്‍പേഴ്‌സന്റെയും പേരുകളാണുള്ളത്. ഒപ്പിന്റെ സ്ഥാനത്ത് എട്ടു മാസം മുമ്പ് സ്ഥാനമൊഴിഞ്ഞ രജിസ്ട്രാറുടെ പേരാണ്. സീലും വ്യാജമാണ്.കണ്ടെത്തിയവയില്‍ ഒന്നിന്റെ ക്രമനമ്പര്‍ ഇരുപതും മറ്റൊന്നിന്റേത് 829ഉം ആണ്. ഇതാണ് നൂറുകണക്കിന് വ്യാജ അപ്പീലുകള്‍ വിതരണം ചെയ്ത് വന്‍തുക തട്ടിയെടുത്തതായി സംശയമുണ്ടാക്കുന്നത്.

തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. അടിയന്തരമായി ഇടപെട്ട് ക്രിമിനല്‍ ചട്ടം അനുസരിച്ച് നടപടി എടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.എന്നാല്‍ ഇതുവരെ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടിട്ടില്ല. ചെയര്‍പേഴ്‌സണ്‍ പ്രതികരിക്കാനും തയ്യാറായിട്ടില്ല.

വ്യാജ അപ്പീലുകള്‍ വന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ലോ ഓഫീസറുടെ നേതൃത്വത്തില്‍ എല്ലാ അപ്പീലും ഞായറാഴ്ച രാവിലെ സൂക്ഷ്മമായി പരിശോധിച്ചു. സംഘനൃത്തം, വട്ടപ്പാട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, കേരളനടനം, ഒപ്പന എന്നീ ഇനങ്ങളിലായി ആറ് അപ്പീലുകള്‍കൂടി കണ്ടെത്തി. എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്നുള്ള വ്യാജന്‍മാരെയാണ് കണ്ടെത്തിയിരിക്കുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close