
സംസ്ഥാനത്തെ മുതിര്‍ന്ന സിപിഐഎം നേതാവിന്റെ മകനെതിരെ ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പ് കേസ്. ഇയാള്‍ ഒളിവിലാണെന്നും ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതിന് കമ്ബനി ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ദുബായില്‍ വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനിയാണ് നേതാവിന്റെ മകനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്കും പരാതി നല്‍കിയിരിക്കുകയാണ്.
ഇന്നത്തെ ചില പത്രമാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നത്. സംഭവം വളരെ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിഷയത്തെ കുറിച്ച് സിപിഐഎം വിശദീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോ സിപിഐഎം നേതാക്കളോ വിശദീകരണം നല്‍കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ദുബായി കമ്ബനിയുടെ പരാതി സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരാതി കിട്ടിയെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ആഢംബരകാര്‍ വാങ്ങുന്നതിനും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എനനിവിടങ്ങളില് ബിസിനസ് തുടങ്ങുന്നതിനുമായാണ് കമ്ബനിയില്‍ നിന്ന് തുക കൈപ്പറ്റിയത്. ഓഡി കാര്‍ വാങ്ങുന്നതിന് 53. 61 ലക്ഷം രൂപയും ബിസിനസ് ആവശ്യങ്ങള്‍ക്കായി 7.7 കോടി രൂപയുമാണ് നേതാവിന്റെ മകന് നല്‍കിയതെന്ന് കമ്ബനി വ്യക്തമാക്കുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിന് മുന്‍പ് നല്‍കാമെന്നായിരുന്നു ഉറപ്പെന്നും കമ്ബനി പറയുന്നു.