
ഇന്ത്യയിൽ വാഹന പ്രേമികൾക്ക് ഇടയിൽ നവ തരംഗം സൃഷ്ടിച്ച ഒരു വാഹനം ആണ് മഹിന്ദ്ര താർ. പുറത്തിറങ്ങി കുറഞ്ഞ കാലയളവിൽ തന്നെ അനേകം ബുക്കിങ്ങുകൾ ആണ് മഹിന്ദ്രയുടെ ഈ വാഹനം നേടി എടുത്തത്. പ്രധാനമായും ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമാകും വിധം ശ്രദ്ധ കേന്ദ്രീകരിച്ച് ആണ് മഹിന്ദ്ര ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ മനം മയക്കുന്ന ഡിസൈൻ, ആളുകളെ ഈ വാഹനം കൂടുതലായും ആഡംബരം മുൻനിർത്തി വാങ്ങുവാൻ പ്രേരിപ്പിക്കുന്നു. അത് തന്നെ ആണ് മഹിന്ദ്ര നിരത്തിൽ ഇറക്കിയ താർ എന്ന മോഡലിന് ഇത്രയും ജനപ്രീതി ഏറുവാൻ ഇടയാക്കിയത്.
2020 ൽ ഇവർ പുറത്തിറക്കിയ 3 ഡോർ താറിന് പിന്നാലെ, ഇപ്പോൾ ഇതാ 5 ഡോർ താർ പുറത്തിറക്കുവാൻ പോകുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരിക്കുക ആണ് വാഹന നിർമ്മാതാക്കൾ ആയ മഹിന്ദ്ര. 2023 നും, 2026 നും ഇടയിലുള്ള കാലയളവിൽ ഈ വാഹനം പുറത്തിറക്കും എന്നാണ് ഇവർ അറിയിച്ചിട്ടുള്ളത്. നിലവിൽ ഉള്ള താർ മോഡലിന് തന്നെ വളരെ അധികം ബുക്കിങ്ങുകൾ ആണ് മഹിന്ദ്ര രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാൽ 6 മുതൽ 10 മാസം വരെ കാത്തിരുന്നതിന് ശേഷം മാത്രമേ, ബുക്ക് ചെയ്ത ഉപഭോക്താവിന് വാഹനം എത്തിച്ചു നൽകുവാൻ മഹിന്ദ്രയ്ക്ക് സാധിക്കുന്നുള്ളു. താർ എന്ന മോഡലിനോട് ജനങ്ങൾക്കുള്ള ഈ ഒരു ആവേശം മുന്നിൽ കണ്ടുകൊണ്ടാണ് മഹിന്ദ്ര, ഇതിന്റെ തന്നെ പുതിയ മോഡൽ പുറത്തിറക്കുവാൻ ലക്ഷ്യമിടുന്നത്.
പുതിയതായി പുറത്തിറക്കുവാൻ പോകുന്ന താർ, പഴയ 3 ഡോർ താറിനെക്കാളും, പല തരത്തിലും മികച്ചത് ആയിരിക്കും എന്നത് തർക്കമില്ലാത്ത ഒരു വസ്തുത ആണ്. നിലവിലെ താർ വാഹനത്തിൽ പിൻ സീറ്റുകളിൽ സ്ഥാനമുറപ്പിക്കുക എന്നത് അല്പം ശ്രമകരമായ ദൗത്യം ആണ്. മുൻ വശത്തെ സീറ്റുകൾ അല്പം മുന്നോട്ട് തള്ളി നീക്കിയെങ്കിൽ മാത്രമേ പിൻവശത്തെ സീറ്റിലേക്ക് കയറുവാൻ സാധിക്കുകയുള്ളൂ എന്ന ഘടകം, പ്രായമായവർക്കും കുട്ടികൾക്കും അല്പം പ്രയാസകരം ആയ ദൗത്യം ആയിരുന്നു. എന്നാൽ 5 ഡോർ താർ വരുന്നത്തോട് കൂടി ഈ ഒരു പ്രതിസന്ധി മറികടക്കുവാൻ ആകും എന്നത് ആണ് ഏറ്റവും വലിയ പ്രത്യേകത.
പുതുതായി വരുവാൻ പോകുന്ന താർ വാഹനത്തിന് പഴയതിനേക്കാൾ കുറച്ചധികം വില കൂടുതൽ ആയിരിക്കും എന്നതാണ് മറ്റൊരു വസ്തുത. നിലവിലുള്ള താറിന്റെ വിലയെക്കാൾ 3 മുതൽ 6 ലക്ഷം രൂപ വരെ കൂടുവാൻ ആണ് സാധ്യത. എന്നാൽ ഓഫ് റോഡ് യാത്രകൾക്ക് 5 ഡോർ താർ എത്രത്തോളം പ്രയോജനകരം ആകും എന്നത് ആരാധകരെ ചിന്താകുലർ ആക്കുന്നു. 5 ഡോറുകളോടെ വിപണിയിൽ എത്തുന്ന പുതിയ താറിന് സ്വഭാവികമായും, പഴയതിനേക്കാൾ നീളം കൂടുതൽ ആയിരിക്കും. ആയതിനാൽ തന്നെ ഓഫ് റോഡ് യാത്രകൾക്ക് 3 ഡോർ താർ വാഹനം നൽകുന്ന സൗകര്യം, പുതിയ വാഹനത്തിന് എത്രത്തോളം നൽകുവാൻ സാധിക്കും എന്നറിയുവാൻ കാത്തിരിക്കുക ആണ് വാഹന ആരാധകർ.
5 ഡോർ താർ കൂടാതെ തന്നെ, എൻജിൻ ശേഷി ഉള്ളതും, നിലവിൽ ഉള്ളതിനേക്കാൾ വില കുറഞ്ഞതുമായ താർ വകഭേദവും കമ്പനി പുറത്തിറക്കുവാൻ പോകുന്നു എന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ വരുന്നുണ്ട്. അത് കൂടാതെ തന്നെ സ്കോർപിയോ, ബൊലേറോ തുടങ്ങി 9 ഓളം വാഹനങ്ങൾ സമീപ ഭാവിയിൽ പുറത്തിറക്കും എന്നും മഹിന്ദ്ര അറിയിച്ചിരിക്കുന്നു. അതിനാൽ തന്നെ വാഹന വിപണന മേഖലയിൽ, വരും കാലത്ത് ഒരു വിപ്ലവം തന്നെ മഹിന്ദ്ര ലക്ഷ്യം വെച്ചിരിക്കുകയാണ് എന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.