കോറോണ പ്രതിരോധം ഒരു തായ്‌വാന്‍ രീതി


Spread the love

ഋഷി. റ്റി

ഈയടുത്ത കാലത്തായി നമ്മള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന രണ്ട് വാക്കുകളണല്ലോ ‘കോറോണ’യും പിന്നെ ‘ജാഗ്രത’യും. ഇവരെന്താ ഇരട്ടകളാണോ? ഇവര്‍ ഇരട്ടകളാണോ ശത്രുക്കളാണോ അതൊ മിത്രങ്ങളാണോ എന്നൊക്കെ അറിയാന്‍ തായ്‌വാന്‍ ജനതയോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞുതരും ഇവര്‍ തമ്മിലുള്ള ബന്ധം. അതെ, മറ്റാരെക്കാളുംം തായ്വാന്‍ ജനതയ്ക്കായിരിയ്ക്കും ഇതിനെക്കുറിച്ച് ആധാകാരികമായി പറയാന്‍ സാധിക്കുന്നത്. 2003ല്‍ സാര്‍സ് രോഗത്തിന്റെ തീവ്രത ഏറ്റവും ഭീകരമായി ബാധിച്ച ഒരു രാജ്യമാണ് തായ്‌വാന്‍. ചൂട് വെള്ളത്തില്‍ വീണ പൂച്ച തണുത്ത വെള്ളം കണ്ടാല്‍ പേടിക്കുമെന്നു പറഞ്ഞപോലെ അന്നുമുതല്‍ ഇന്നുവരെ ‘ജാഗ്രത’ വിട്ടൊരു കളി അവര്‍ക്കില്ല.

ലോകം മുഴുവന്‍ കോറോണയുടെ പുറകേയാണല്ലോ? ഒരു കുഞ്ഞന്‍ വയറസ് നമ്മെ കുറച്ചൊന്നുമല്ല വട്ടം ചുറ്റിക്കുന്നത്. നമ്മുടെ തലമുടി 900 ഭാഗങ്ങളായി നെടുവേ മുറിച്ചാല്‍ അതില്‍ ഒരു ഭാഗത്തിന്റെ വീതിയേ ഈ വയറസ്സിനുള്ളൂ എന്നാണ് കേള്‍ക്കുന്നത്.

ഭയമല്ല, മറിച്ച് ജാഗ്രതയാണ് വേണ്ടതെന്ന് നമ്മുടെ സര്‍ക്കാരുകളും, ലോകാരോഗ്യ സംഘടനയും, ആതുരശുശ്രൂക്ഷ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവരും ഒരുപോലെ പറയുമ്പോള്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടോ? കാര്യമുണ്ട് എന്നാണ് തായ്‌വാന്‍ ജനത നമ്മെ പഠിപ്പിക്കുന്നത്.

ഏകദേശം 2.40 കോടി മാത്രം ജനസംഖ്യയുള്ള ഒരു കുഞ്ഞുരാജ്യം. (കേരളത്തിലെ മാത്രം ജനസംഖ്യ 3.45 കോടി.) കൊറോണ വയറസ്സുമൂലമുള്ള രോഗത്തിന്റെ പ്രഭവസ്ഥാനമെന്ന് കരുതുന്ന ചൈനയില്‍ നിന്ന് ഏകദേശം 130 കി.മി (80 മൈല്‍) മാത്രം ദൂരത്തിലാണ് ഇതിന്റെ സ്ഥാനം. ഒരും മാസം ഏകദേശം 5700 വിമാന സര്‍വീസുകളിലായി 1 കോടിയിലധികം യാത്രക്കാരാണ് ചൈനയില്‍ നിന്ന് തായ്വാനിലേയ്ക്കും തിരിച്ചും യാത്രചെയ്യുന്നത്. ഒരു പ്രത്യേക രാജ്യമായി നിലകൊള്ളൂന്നുവെങ്കിലും തായ്‌വാന്‍ ഇപ്പോഴും തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. ചൈനയുടെ സ്വാധീനം കാരണമാകാം തായ്വാനെ ഇപ്പോഴും ഐക്യരാഷ്ട്ര സംഘടനയോ ലോകാരോഗ്യ സംഘടനയോ അവരുടെ അംഗമാക്കിയിട്ടില്ല. അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍!

ചൈനയില്‍ രോഗബാധിതരുടെയെണ്ണം 81,000 ആകുകയും മരണം 3,100 കഴിഞ്ഞെങ്കിലും ചൈനയുമായി വളരെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന ഈ രാജ്യത്ത് രോഗബാധിതരുടെ എണ്ണം വെറും 53, രോഗബാധമൂലം മരിച്ചതോ കേവലം ഒരാള്‍ മാത്രം. തൊട്ടടുത്ത അയല്‍രാജ്യങ്ങളുടെ കാര്യം നോക്കാം. ജപ്പാന്‍ രോഗബാധിതര്‍ 804, മരണം 22. ദക്ഷിണ കൊറിയ രോഗബാധിതര്‍ 8125, മരണം 75. ഈ കണക്കുകള്‍ തന്നെ പറയും തായ്‌വാന്‍ ആരാണെന്ന്, അവര്‍ കൊറോണയെ നേരിടുന്നതില്‍ വിജയിച്ചൊ ഇല്ലയോ എന്ന്. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയും സഹകരിക്കാതിരിന്നിട്ടും അവര്‍ ഈ വിജയം നേടിയെങ്കില്‍ അതിന്റെ പിന്നിലുള്ള രഹസ്യം എന്താണെന്ന് അറിയാന്‍ എല്ലാപേര്‍ക്കും താല്പര്യമുണ്ടാകും.

* 2003ല്‍ സാര്‍സ് പകര്‍ച്ചവ്യാധിയ്ക്ക് ശേഷം എല്ലാ വിമാനതാവളങ്ങളിലും യാത്രക്കാരുടെ ശരീര താപനില അളക്കുന്നതിനുള്ള സംവിധാനം നിര്‍ബന്ധമാക്കി.

* 31 ഡിസം 2019ല്‍ വുഹാനില്‍ ഇങ്ങനെയൊരു അസുഖം പടര്‍ന്നു പിടിക്കുന്നതായുള്ള വാര്‍ത്ത ചൈന ലോകരോഗ്യ സംഘടനയെ അറിയിച്ചതു മുതല്‍ തന്നെ തായ്വാന്‍ തങ്ങളുടെ രാജ്യത്ത് ഇത് പടര്‍ന്നു പിടിക്കാതിരിക്കനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

* ചൈനയില്‍ നിന്നും കടുത്ത നിസ്സഹരണം നേരിട്ടിട്ടും വുഹാനില്‍ സന്ദര്‍ശനം നടത്തി ഈ അസുഖത്തിന്റെ സ്വഭാവരീതികളെക്കുറിച്ച് പഠിച്ചു. അപ്പോഴും ചൈന രഹസ്യസ്വഭാവം നിലനിര്‍ത്തിയെങ്കിലും ഇവര്‍ക്ക് വേണ്ടതെല്ലാം മനസ്സിലാക്കിയെടുത്തു.

* പെരുമാറ്റ ചട്ടങ്ങള്‍ ഉണ്ടാക്കിയതടക്കം ഏകദേശം 124 സുരക്ഷാ മനദണ്ഡങ്ങള്‍ വെറും അഞ്ച് ആഴ്ചകള്‍ കൊണ്ട് തന്നെ വിഭാവനം ചെയ്യുകയും അത് നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

* ജനുവരി മുതല്‍ തന്നെ വുഹാനില്‍ നിന്ന് വരുന്നവര്‍ക്ക് പ്രവേശനം നിഷേധിച്ചു.

* മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന പരിശോധന വിമാനതാവളങ്ങളില്‍ വച്ച് തന്നെ ചെയ്തുകൊണ്ടിരുന്നു. സംശയമുള്ള യാത്രക്കാരെ ഒറ്റപ്പെട്ട് നില്‍ക്കാന്‍ ആവശ്യപ്പെടുകയും അവര്‍ അങ്ങനെ ചെയ്യുന്നുണ്ടെന്ന് വെറും മൊബൈല്‍ ഫോണിന്റെ സഹായത്തൊടെ നിരീക്ഷിച്ചുകൊണ്ടുമിരുന്നു. നിരന്തരം അവരുമായി വീഡിയോ കോള്‍ ചെയ്യുക, അവര്‍ മറ്റു സ്ഥലങ്ങളില്‍ പോകുന്നില്ല എന്ന് മാപ്പിന്റെ സഹായത്തൊടെ ഉറപ്പു വരുത്തികൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു.

* വളരെയധികം ഈ അസുഖം പടര്‍ന്നു പിടിച്ച രാജ്യങ്ങളില്‍ നിന്നു വരുന്ന എല്ലാപേരും നിര്‍ബന്ധമായും 14 ദിവസം വീട്ടില്‍തന്നെ കഴിയാന്‍ ആവശ്യപ്പെട്ടു. അവര്‍ വീടുകളില്‍ ഇരിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തികൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു.

* അസുഖം കൃത്യമായി അറിയിക്കാതിരിക്കുകയോ രോഗികളോ രോഗമുണ്ടെന്ന് സംശയിക്കുന്നവരോ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടാലോ വളരെ വലിയ പിഴ ഈടാക്കിയിരുന്നു. ഉദാഹരണത്തിന് വുഹാനില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം തനിക്ക് ലക്ഷണങ്ങളുണ്ടെന്ന് അധികാരികളോട് പറയാതെ അടുത്ത ദിവസം ഒരു ഡാന്‍സ് ക്ലബിലേക്ക് പോയ ഒരാള്‍ക്ക് 10,000 ഡോളര്‍ (7,40,000 രൂപ) പിഴ ചുമത്തി.

* മാസ്‌കുകള്‍ കിട്ടാതെ വരുകയും കരിഞ്ചന്തകള്‍ വ്യാപകമാകുകയും ചെയ്തതോടെ ആ യൂണിറ്റുകളെല്ലം തന്നെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലാക്കുകയും പട്ടാളക്കാരെ മാസ്‌ക് നിര്‍മ്മാണ ജോലിക്കായി ഉപയോഗിച്ച് നിര്‍മ്മാണം ത്വരിതഗതിയിലാക്കി.

* മാസ്‌ക് വിതരണത്തില്‍ റേഷന്‍ ഏര്‍പ്പെടുത്തി. ഓരോര്‍ത്തക്കും ഒരാഴ്ചയില്‍ മൂന്നു മാസ്‌കുകള്‍ വീതം മാത്രം വിതരണം ചെയ്തു.

* സ്‌കൂളുകളില്‍ മാസ്‌കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും നെറ്റിയില്‍ വച്ച് ശരീരോഷ്മാവ് അളക്കുന്ന തെര്‍മോമീറ്ററുകളും ലഭ്യമാക്കി.

* കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നതിനു മുന്‍പേ തന്നെ അച്ഛനമ്മാര്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് കുട്ടികളുടെ ശരീരോഷ്മാവളന്ന് സ്‌കൂളധികൃതരെ അറിയിക്കാനാവശ്യപ്പെട്ടു.

* കൈകള്‍ നന്നായി കഴുകണമെന്നും മറ്റുമുള്ള അറിയിപ്പുകള്‍ തുടര്‍ച്ചയായി ജനങ്ങള്‍ക്ക് നല്കികൊണ്ടിരുന്നു. സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ എടുത്താലും ജനങ്ങള്‍ അത് പാലിക്കാതിരുന്നാല്‍ എന്ത് പ്രയോജനം. ജനങ്ങള്‍ അതേക്കുറിച്ച് ബോധവാന്മാരാവുകയും കൃത്യമായി അതു പാലിക്കുകയും ചെയ്തിരുന്നു.

* രോഗമുള്ളവരോ രോഗമുണ്ടെന്ന് സംശയിക്കപ്പെട്ടിട്ടുള്ളവരോട് വീടുകളിലോ അതിനായി പ്രത്യേകം തയാറാക്കിയിരിക്കുന്ന സ്ഥലങ്ങളിലോ കഴിയാന്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും കാരണവശാല്‍ അവര്‍ അത് മറികടന്നാല്‍ അവരുടെ മൊബൈലിലേക്ക് അപ്പോള്‍ തന്നെ സന്ദേശം കൊടുക്കുവാനുള്ള നടപടികള്‍ കൈകൊണ്ടു.

ജാഗ്രത ഒന്നുകൊണ്ടുമാത്രം കൊറോണയെ തോല്പിച്ച ഈ നേട്ടം തായ്വാനു മാത്രം സ്വന്തം. ഏറെക്കുറെ കേരളവും സ്തുത്യര്‍ഹമായ നടപടികള്‍ കൈകൊണ്ടെങ്കിലും നിലപാടുകളില്‍ കര്‍ശന സ്വഭാവം പാലിക്കാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇറ്റലിയില്‍ വന്നിട്ട് ആശുപത്രിയില്‍ എത്തിയ ആളിനെ ഓട്ടോറിക്ഷായില്‍ വീട്ടിലേക്ക് പോകാന്‍ അനുവദിക്കുമായിരുന്നൊ?

march 15

അവലംബം

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close