ആട് വളർത്താം ആദായം വളർത്താം


Spread the love

ഇനിയുള്ള കാലം കൃഷിയുടെതാകും എന്ന തിരിച്ചറിവിലാണ് ജനങ്ങളും സർക്കാരും. അത് കൊണ്ട് തന്നെയാണ് കൃഷിക്കും, അനുബന്ധ പ്രവർത്തനങ്ങൾക്കും മുൻഗണന കൊടുത്ത് കൊണ്ട് സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിൽ ഉൾപ്പെടുന്ന ഒന്നാണ് ആട് വളർത്തൽ. ഇതിനു മുൻപും കുടുംബശ്രീ വഴിയും ബി പി എൽ കാർഡ് ഉള്ളവർക്കും മറ്റും ആട് വളർത്താനുള്ള സൗകര്യവും ആനുകൂല്യവും നൽകിയിരുന്നെങ്കിലും ഈ പദ്ധതി അനുബന്ധിച്ചു ബി പി എൽ, എ പി എൽ വിത്യാസമെന്നോ കുടുംബശ്രീ, സ്വയം തൊഴിൽ സംരംഭകൻ എന്നോ വിത്യാസമില്ലാതെ എല്ലാവർക്കും ഒരേ പോലുള്ള സൗകര്യങ്ങൾ നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം.അതിന്റെ ഭാഗമായി 1 ലക്ഷം രൂപ വരെ വായ്പ നൽകുവാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

മറ്റ് കന്നുകാലി വളർത്തലിനെ അപേക്ഷിച്ച് കുറഞ്ഞ ചിലവ്,ആട്ടിറച്ചിയുടെ ഉയർന്ന വില, പാലിന്റെ പോഷക മൂല്യം,ഉയർന്ന ഉല്പാദന ക്ഷമത എന്നിവ ആട് വളർത്തലിന്റെ അനുകൂല ഘടകങ്ങളാണ്. ആടിന്റെ സുരക്ഷിതത്വവും കൂട്ടിനുള്ളിലെ വായുസഞ്ചാരവുമാണ് പ്രധാനമായും ഉറപ്പ് വരുത്തേണ്ടത്. തറയിൽ നിന്നും ഉയർന്നു നിൽക്കുന്ന രീതിയിൽ കൂട് നിർമിക്കാം. മുള, ഓല, മരം എന്നിവക്ക് പകരം ഫെറോസിമന്ന്റ് സ്ലാബുകളും പിവിസി പൈപ്പുകളും പ്ലാസ്റ്റിക് ഷീറ്റുകളും ഉപയോഗിച്ചാൽ ഏറെ കാലം ഈട് നിൽക്കും. അകത്തു ആവശ്യത്തിന് സ്ഥലവും, വെള്ളം കുടിക്കാനുള്ള സജ്ജീകരണങ്ങളും പിവിസി പൈപ്പ് ഉപയോഗിച്ചുള്ള ഡ്രൈനേജും, പുല്ല് അരിഞ്ഞിടാനുള്ള കൂടകളും സ്ഥാപിക്കണം. കമ്പി വളച്ചു കെട്ടിയോ പഴയ ടയറുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ചോ തീറ്റ കൊടുക്കാനുള്ള സ്ഥലം ക്രമീകരിക്കാം. പച്ച പുല്ല്, പ്ലാവില, പയറു വർഗങ്ങളുടെ ഇല കൂടാതെ തവിട്, പിണ്ണാക്ക് തുടങ്ങിയവ തീറ്റയായി നൽകാം.

വളർത്തുവാനുള്ള കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.സർക്കാർ വക പദ്ധതികളിൽ പെണ്ണാടിനെയും മുട്ടനാടിനെയും ഇട കലർത്തിയാണ് നൽകുന്നത്. ഫാമിലേക്കായി വാങ്ങുമ്പോൾ വിത്യസ്ത സ്ഥലങ്ങളിൽ നിന്നും പെണ്ണാടിനെയും മുട്ടനാടിനെയും വാങ്ങുവാൻ ശ്രെദ്ദിക്കുക. രക്ത ബന്ധമുള്ള ആടുകൾക്കിടയിൽ പ്രതിയുല്പാദനം കുറവാകുന്നത് കൊണ്ടാണ് ഒരേ സ്ഥലത്ത് നിന്ന് വാങ്ങരുതെന്ന് പറയുന്നത്. 3-4 മാസം പ്രായമുള്ള ആരോഗ്യമുള്ള പെണ്ണാട്ടിൻ കുട്ടികളെ വാങ്ങാം.12-14 മാസം പ്രായമുള്ള പെണ്ണാടുകളെയും വാങ്ങാവുന്നതാണ്. ആട്ടിൻകുട്ടികളെ ഉല്പാദിപ്പിച്ചു വളർത്താനാണെങ്കിൽ മലബാറി ആടുകളാണ് നല്ലത്. മാംസാവശ്യത്തിനുള്ള ആടുപരിപാലനം കൂടെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ജമ്നാപ്യാരി മുട്ടനാടിനെയും മലബാറി പെണ്ണാടിനെയും ഇണ ചേർക്കുക.ഒന്നാം തലമുറയിലെ ഇവയുടെ വളർച്ച നിരക്ക് അത്ഭുതാവാഹമാണെന്നതിനാൽ മോഹവിലക്കു വിപണനം നടത്തുവാൻ കഴിയും.

ആട്ടിൻകുട്ടികളിലെ മരണ നിരക്ക് കുറയ്ക്കാനായി ജനിച്ചു വീണ് ഒരു മണിക്കൂറിനുള്ളിൽ തള്ളയാടിന്റെ കന്നിപ്പാൽ കുടിപ്പിക്കണം.അത് പോലെ ആടുകളിലെ വിര ശല്യത്തിന് മരുന്ന് നൽകുകയും ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടെങ്കിൽ വെറ്ററിനറി ഡോക്ടറുടെ നിർദേശം തേടുകയും വേണം.ആട്ടിൻ പാലിന് ഔഷധ ഗുണം കൂടുതലായതിനാൽ ആയുർവേദ മരുന്ന് നിർമാതാക്കൾക്കിടയിൽ ഡിമാന്റ് കൂടുതലാണ്. കുട്ടികൾ, ഗർഭിണികൾ, മറ്റ് രോഗികൾ എന്നിവരും ആട്ടിന്പാലിൻറെ ആവശ്യക്കാരാണ്‌. ആട്ടിറച്ചിക്ക് ഔഷധ ഗുണം ഉള്ളതിനാൽ വിപണിയിൽ നല്ല വില ലഭിക്കുന്നുണ്ട്. ബാർബറി, ജമ്‌നാ പ്യാരി തുടങ്ങിയ ഇനങ്ങളാണ് പാൽ ഉല്പാദനത്തിന് ഉപയോഗിക്കുന്നത്. ബീറ്റൽ, സിരോഹി തുടങ്ങിയവയെ മാംസത്തിന് വേണ്ടി വളർത്താം.വീട്ടിൽ ഒന്നോ രണ്ടോ ആടുകളെ വളർത്തുന്നത് വീട്ടമ്മമാർക്ക് ആദായകരമാണ്. നന്നായി പരിചരിക്കുന്നത് വഴി ഫാമുടമകൾക്കും നല്ല രീതിയിൽ ലാഭം നേടാം. കേരള സർക്കാരിന്റെ പിന്തുണ കൂടിയുള്ള ഈ സാഹചര്യത്തിൽ ആർക്കും ആടുവളർത്തലിൽ ഒരു കൈ നോക്കാവുന്നതാണ്.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close