ഫോർഡ് മൊട്ടോർ കമ്പനി


Spread the love

സ്വപ്നങ്ങൾക്ക് പുറകേ പോയി അവ യാഥാർത്ഥ്യമാക്കിയവർക്ക് മാത്രമേ ചരിത്രത്തിൽ, അവരുടെ പേര് കാലാതീതമായി പതിപ്പിക്കുവാൻ സാധിച്ചിട്ടുള്ളു. അത്തരത്തിലൊരു പേരാണ് “ഹെൻട്രി ഫോർഡ്” എന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ഫോർഡ് മോട്ടോർ കമ്പനി സ്ഥാപകന്റേത്. അമേരിക്കയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച ഹെന്റി ഫോർഡ് എന്ന ദീർഘവീക്ഷിയുടെ ആത്മവിശ്വാസം കൊണ്ട് മാത്രമാണ് ഫോർഡ് മോട്ടോർസിന് ആഗോള വാഹന ചരിത്രം തിരുത്തികുറിച്ച് കൊണ്ടുള്ള പ്രയാണം സാധ്യമായത്. ചെറുപ്പം മുതലേ എഞ്ചിനീയറിങ്ങിൽ അഭിരുചി കാട്ടിയിരുന്ന ഹെൻട്രി, തന്റെ സ്വകാര്യ പരീക്ഷണശാലയിൽ മോട്ടോർ വാഹനങ്ങളുടെ പരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ആ കാലഘട്ടത്തിലാണ് അദ്ദേഹം പലരുടെയും നിക്ഷേപങ്ങളോട് കൂടി കാഡിലാക് മോട്ടോർ കമ്പനി എന്ന വാഹന നിർമ്മാണ കമ്പനി സ്ഥാപിച്ചത്. അതിൽ തൃപ്തനാകാതെ ഫോർഡ് ആ കമ്പനി ഉപേക്ഷിച്ച് മറ്റു 12 പേരുടെ നിക്ഷേപങ്ങളോടു കൂടി “ഫോർഡ് മോട്ടോർ കമ്പനിക്ക്” രൂപം നൽകി.                              

അങ്ങനെ 1903-ൽ, അമേരിക്കയിൽ സ്ഥാപിതമായ  ഫോർഡ് മോട്ടോർ കമ്പനിയുടെ ജൈത്ര യാത്ര ആരംഭിച്ചു. ആദ്യകാലത്ത് യന്ത്രസാമഗ്രികളും മറ്റും യോജിപ്പിക്കുവാൻ പല പല ശൈലികൾ ഫോർഡ് ആവിഷ്കരിച്ചു, പക്ഷേ അവയെല്ലാം വാഹനത്തിന്റെ നിർമ്മാണ ചിലവ് കൂട്ടും എന്ന് മനസ്സിലാക്കി, അസംബ്ലി ലൈൻ എന്ന ആശയം വാഹന നിർമ്മാണ ലോകത്തേക്ക് ആദ്യമായി അവതരിപ്പിച്ചത് ഫോർഡാണ്. നിർമ്മാണത്തിലിരിക്കുന്ന വാഹനത്തിന്റെ ഭാഗങ്ങൾ  യോജിപ്പിക്കുന്നതിനനുസരിച്ച് ഓരോ നിർമ്മാണ യൂണിറ്റിലൂടെയും സഞ്ചരിച്ച് ആവശ്യമായ കൂട്ടിയോജിപ്പിക്കലുകളോടുകൂടി നിർമ്മാണം പൂർത്തിയായ വാഹനമായി പുറത്തിറങ്ങുന്ന അസംബ്ലി ലൈൻ എന്ന നൂതന ആശയം, അതുവരെ നിലവിലുണ്ടായിരുന്ന വാഹന നിർമ്മാണ രീതികളെ പൊളിച്ചെഴുതി. ആ ആശയം ഫോർഡിസം എന്ന പേരിലും അറിയപ്പെട്ടു. ഇടത്തരം സാമ്പത്തിക ശേഷിയുള്ള ജനങ്ങൾക്കും, കാർ സ്വന്തമാക്കാം എന്ന നില ആ ആശയത്തിലൂടെ രൂപപ്പെട്ടു.

തുടർന്നുള്ള വർഷങ്ങളിൽ, പലതരം മോഡലുകൾ പരീക്ഷിച്ച ഫോർഡ്, മോട്ടോർ വാഹനങ്ങളുടെ ചരിത്രം  തിരുത്തിക്കുറിച്ച “മോഡൽ T” എന്ന വാഹനത്തിന്റെ നിർമ്മാണത്തോടു കൂടി വാണിജ്യപരമായും സാമ്പത്തികപരമായും ഉന്നതങ്ങളിലെത്തി. അസംബ്ലി ലൈനിനെ കൂടാതെ വാഹനലോകത്തെ മറ്റൊരു പൊളിച്ചെഴുത്തായിരുന്നു ഫോർഡിന്റെ “മോഡൽ T”. എഞ്ചിൻ പ്രവർത്തനങ്ങൾ മുഴുവൻ ആവരണം ചെയ്യപ്പെടുകയും, സ്പ്രിങ് ഉപയോഗിച്ച സസ്പെൻഷൻ എന്ന ആശയം കൊണ്ടുവരികയും ചെയ്തു. അവയിൽ പ്രധാനം, മോഡൽ  T-യിൽ സ്റ്റിയറിങ് വീൽ ഇടത്തെ വശത്തായിരുന്നു എന്നുള്ളതാണ്. ആ ഒരു മാതൃക മറ്റ് പല വാഹന നിർമ്മാണ കമ്പനികളും പകർത്തുകയും ചെയ്തു. ജർമ്മനിയുടെ നാസി യുദ്ധങ്ങളിലെ മിലിറ്ററി വാഹന നിർമ്മാണത്തിൽ പങ്കാളിയായ ഫോർഡ് വീണ്ടും പല പരീക്ഷണങ്ങളും വാഹന ലോകത്തേക്ക് കൊണ്ടുവന്നു.

1921-ൽ ലിങ്കൺ മോട്ടോഴ്സ് എന്ന അമേരിക്കൻ വാഹന നിർമ്മാണ കമ്പനിയെ സ്വന്തമാക്കിയ ഫോർഡ്, ആ ലേബലിൽ ആഡംബര  വാഹനങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചു. ജാഗ്വാർ, ലാൻഡ് റോവർ, ആസ്റ്റൺ മാർട്ടിൻ തുടങ്ങിയ വൻകിട നിർമ്മാണ കമ്പനികളെ സ്വന്തമാക്കിയ ഫോർഡ്, പിൽക്കാലത്ത് അവയിൽ ചിലത് വിൽക്കുവാൻ നിർബന്ധിതരായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലൊന്ന് പതറിയ ഫോർഡ് മോട്ടോർ കമ്പനി സമർത്ഥമായ ചില നീക്കങ്ങളിലൂടെ  തുടർ വർഷങ്ങളിൽ വാഹന വിപണിയിൽ വീണ്ടും വിജയം നേടി. ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മഹിന്ദ്രയോടൊപ്പം ചേർന്ന് ഇന്ത്യൻ വാഹന നിർമ്മാണ മേഖലയിലും സജീവ സാന്നിധ്യമായിത്തീർന്ന ഫോർഡിന്റെ ട്രെൻഡിങ് മോഡലുകളായ ഫോർഡ് ഫിഗോ, ഫോർഡ് ഫിയസ്റ്റ, ഫോർഡ് എക്കോസ്പോർട്ട്, ഫോർഡ് എൻഡവർ തുടങ്ങിയവ ഇന്ത്യൻ വാഹന ലോകത്തും ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അങ്ങനെ “ഹെൻട്രി ഫോർഡ്” എന്ന മനുഷ്യൻ തുടങ്ങിവച്ച ഫോർഡ് മോട്ടോർ കമ്പനി, അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കി  പ്രയാണം തുടരുകയാണ്.

Read also:  ടൊയോട്ട ലാൻഡ് ക്രൂസർ പ്രാഡോ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close