ചരക്കു കപ്പലുകളിലൂടെ ഒരു അറിവിന്റെ യാത്ര


Spread the love

ചരിത്രം എഴുതപ്പെട്ട കാലത്തോളം പഴക്കമുണ്ടാകും കടൽമാർഗം കപ്പലുകളിലൂടെയുള്ള ചരക്കുനീക്കത്തിനും. പല വിദേശ രാജ്യക്കാരും  ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ എത്തിച്ചേർന്നത് കപ്പലുകളിലൂടെയുള്ള ചരക്കുനീക്കത്തിന്റെ ഭാഗമായാണ്. ഇന്ന് അത്തരം ചരക്കുനീക്കത്തെ കണ്ടെയ്നർ ഷിപ്പിംഗ്  എന്ന് പറയപ്പെടുന്നു. ചരക്കുകളുടെ പ്രത്യേകതകളനുസരിച്ച് കപ്പലുകളുടെ വലിപ്പവും, സാങ്കേതിക സംവിധാനങ്ങളും, കപ്പലിന്റെ വിഭാഗത്തെ പറയുന്ന പേരുപോലും പലവിധമാകുന്നു. ആധുനിക കാലത്തെ കപ്പൽ അധിഷ്ഠിത  ചരക്കുനീക്ക വ്യവസായത്തെ ലൈനർ ബിസിനസ്, അതായത് പലതരം ചരക്കുകളുമായി വിവിധ ഹാർബറുകളിൽ വ്യത്യസ്ത ഉപഭോക്താക്കൾക്ക് ചരക്കെത്തിക്കുന്ന തരം ബിസിനസ് എന്നും ട്രാംപ്-ടാങ്കർ, അതായത് ഒരുതരം കരാർ വ്യവസ്ഥയിൽ നിർദ്ദിഷ്ട കമ്പനിയ്ക്കായോ വ്യക്തിയ്ക്കായോ മാത്രം ചരക്കെത്തിക്കുന്ന തരം ബിസിനസ് എന്നും തരംതിരിക്കുന്നു. കാർഗോ കപ്പലുകളിൽ പ്രധാനിയായ കണ്ടെയ്നർ കപ്പലുകളിൽ ആയിരക്കണക്കിന് കണ്ടെയ്നറുകൾ വളരെ കൃത്യതയോടെയും കടലിലെ ഏതുതരം മാറ്റങ്ങളിലും സ്ഥാനചലനം സംഭവിക്കാതെയും അണിനിരത്തിയിരിക്കുന്നത് പലപ്പോഴും കാണുന്നവരിൽ അതിശയം ഉളവാക്കുന്നതാണ്. കണ്ടെയ്നറുകൾ ചില പ്രത്യേക രീതിയിൽ ലോക്ക് ചെയ്താണ് കണ്ടെയ്നറുകളെ ഇങ്ങനെ ഉറപ്പിച്ചു നിർതുന്നത്. അതായത്  കപ്പലിന്റെ കണ്ടെയ്നറുകൾ വയ്ക്കുന്നിടത്തെ പ്രതലത്തിൽ ഒരു തരം മെറ്റാലിക് ലോക്ക് ഘടിപ്പിച്ചിട്ടുണ്ട്. ആ ലോക്ക് കണ്ടെയ്നറുകളുടെ അടിഭാഗത്ത് ലളിതമായ മെക്കാനിസത്തിലൂടെ ലോക്ക് ചെയ്യപ്പെടുന്നു. കപ്പലിന്റെ പ്രതലവും കണ്ടെയ്നറുകളും തമ്മിൽ ബന്ധിപ്പിക്കാൻ സിംഗിൾ സൈഡ് ട്വിസ്റ്റ്‌ ലോക്കും,തട്ടുതട്ടായി അടുക്കിവയ്ക്കപ്പെടുന്ന കണ്ടെയ്നറുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഡബിൾ സൈഡ് ട്വിസ്റ്റ്‌ ലോക്കും ഉപയോഗിച്ചു പോരുന്നു. ഫലമായി കടലിലെ ഏത് പ്രതികൂല കാലാവസ്ഥയിലും കണ്ടെയ്നറുകൾ മറിയാതെ ഉറച്ചിരിക്കുന്നു. ചരക്കുകളുടെ പ്രത്യേകതകളനുസരിച്ച് കാർഗോ കപ്പലുകളെ പല തരത്തിൽ തിരിച്ചിരിക്കുന്നു. അവ ചുവടെപ്പറയുന്നു.

ജനറൽ കാർഗോ കപ്പലുകൾ:- പലതരം കണ്ടെയ്നറുകളിൽ പല തരത്തിലുള്ള  ചരക്കുകൾ വഹിച്ചുകൊണ്ടുപോകുന്ന കപ്പലുകളാണിവ.

ടാങ്കേർസ് :- പെട്രോളിയം ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ ദ്രാവകരൂപത്തിലുള്ളവ വഹിക്കുന്ന കപ്പലുകളാണിവ.

ഡ്രൈ ബൾക്ക് കേരിയേഴ്സ്:- കൽക്കരി,  ധാന്യം മുതലായ ഒരേതരം ഉത്പന്നങ്ങൾ ഒരേസമയം വഹിക്കുന്ന കപ്പലുകളാണിവ.

മൾട്ടി പർപ്പസ് വെസൽസ്:- ആവശ്യാനുസരണം ഒരേസമയത്ത് പലതരം ചരക്കുകൾ വഹിക്കുന്ന കപ്പലുകളാണിവ.

റീഫർ കപ്പലുകൾ:- പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ പ്രത്യേകതരം താപനിലയിൽ സൂക്ഷിക്കേണ്ട ചരക്കുകൾ വഹിക്കുന്ന കപ്പലുകളാണിവ.

റോൾ ഓൺ/റോൾ ഓഫ് കപ്പലുകൾ:- ഓട്ടോമൊബൈൽ ചരക്കുനീക്ക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കപ്പലുകളാണിവ.  വലിപ്പത്തിന്റെയും വഹിക്കാൻ കഴിയുന്ന ചരക്കുകളുടെ ഭാരത്തിനനുസരിച്ചും വീണ്ടും കപ്പലിനെ പലതരത്തിൽ വേർതിരിച്ചിരിക്കുന്നു. അവയിൽ ചിലതാണ്,

ഹാൻഡിമാക്സ്:- 40000 ടൺ മുതൽ 50000 ടൺ വരെ പരമാവധി ഭാരം വഹിക്കാൻ കഴിയുന്ന കപ്പലുകളാണിവ.

പേനമാക്സ് :- 52000 ടൺ മുതൽ 80000 ടൺ വരെ പരമാവധി ഭാരം വഹിക്കാൻ കഴിയുന്ന കപ്പലുകളാണിവ

നിയോപേനമാക്സ്:-120000 ടൺ വരെ ഭാരം വഹിക്കാൻ കഴിയുന്ന കപ്പലുകളാണിവ

ചൈനാമാക്സ്:- 380000 ടൺ മുതൽ 400000 ടൺ വരെ പരമാവധി ഭാരം വഹിക്കാൻ കഴിയുന്ന കപ്പലുകളാണിവ

സൂയസ്മാക്സ്:-160000 ടൺ വരെ പരമാവധി ഭാരം വഹിക്കാൻ കഴിയുന്ന കപ്പലുകളാണിവ

അൾട്രാ ലാർജ് ക്രൂഡ് ക്യാരിയർ:-320000 ടൺ മുതൽ 550000 ടൺ വരെ പരമാവധി ഭാരം വഹിക്കാൻ കഴിയുന്ന കപ്പലുകളാണിവ
കപ്പലുകളെ അവയുടെ  വീതിയുടെയും, നീളത്തിന്റെയും അടിസ്ഥാനത്തിൽ
ലോകത്തിലെ പല കടലിടുക്കുകൾ തരണം ചെയ്യാൻ പ്രയോജനപ്പെടുത്തുന്നു.

ലോകത്തിലെ പ്രധാന കപ്പൽ നിർമാണ കമ്പനികളാണ്  സൗത്ത് കൊറിയയിലെ ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രിസ്, ദേയിവു ഷിപ് ബിൽഡിംഗ്‌, സാംസങ് ഹെവി ഇൻഡസ്ട്രിസ്,ഹ്യുണ്ടായ് സംഹോ, ഹ്യുണ്ടായ് മയ്പൊ തുടങ്ങിയവ. കൂടാതെ ജാപ്പനീസ്  കമ്പനികളായ മിത്‍സുബുഷി ഹെവി ഇൻഡസ്ട്രീസ്, സുനീഷി ഷിപ് ബിൽഡിംഗ്‌, ഓഷിമ ഷിപ് ബിൽഡിംഗ്‌, ചൈനീസ് കമ്പനിയായ ഷാങ്ങ്ഹായ് വൈഗാവൊക്വിയാവോയും കപ്പൽ നിർമാണ രംഗത്തെ പ്രബല ശക്തികളാണ്.

ഇന്ത്യയിലെ കപ്പൽ നിർമാണ കമ്പനികൾ

അഹമ്മദാബാദ് ആസ്ഥാനമായുള്ള  എ.ബി.ജി. ഷിപ്പിയാർഡ് ലിമിറ്റഡ്. മുംബൈ ആസ്ഥാനമായുള്ള   ഭാരതി ഷിപ്പിയാർഡ് ലിമിറ്റഡ്. കൊൽക്കത്ത ആസ്ഥാനമായുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയർസ് ലിമിറ്റഡ്. മുംബൈ ആസ്ഥാനമായുള്ള റിലയൻസ് നേവൽ ആൻഡ് എൻജിനീയറിങ് ലിമിറ്റഡ്.
ചെന്നൈ,സൂറത് തുടങ്ങിയ നഗരങ്ങളിലെ ഷിപ്യാർഡുകൾ ആസ്ഥാനമാക്കി ഇന്ത്യയിലെ ഒന്നാം നിരയിലുള്ള കപ്പൽ നിർമാണ കമ്പനിയായ  ലാർസൺ ആൻഡ് ടൂർബോ ഉൾപ്പെടെ അനവധി കപ്പൽ നിർമ്മാണ കമ്പനികൾ ഇന്ത്യൻ കപ്പൽ നിർമ്മാണ മേഖലയിലെ സജീവസാന്നിധ്യമാണ്.

മറൈൻ എൻജിൻ നിർമാണ കമ്പനികൾ

ജർമനി  ആസ്ഥാനമായ മാൻ
മറൈൻ എൻജിൻ നിർമ്മാണത്തിലെ പ്രമുഖ കമ്പനികളിലൊന്നാണ്. 1980ൽ  മാൻ ഡാനിഷ് ആസ്ഥാനമായുള്ള കമ്പനിയായ ബർമിസ്റ്റർ ആൻഡ് വെയ്നുമായി ചേർന്നതിനു ശേഷം കമ്പനിയുടെ പേര് MAN B&W മറൈൻ ഡീസൽ എൻജിൻ മാനുഫാക്ചർ എന്നായി.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള
സൾസർ എന്ന കമ്പനിയുടെ മറൈൻ ഡീസൽ എൻജിൻ വിഭാഗത്തിന്റെ ന്യൂ സൾസർ ഡീസലിനെ  സ്വന്തമാക്കിക്കൊണ്ട് ഫിൻലാൻഡ് ആസ്ഥാനമായുള്ള വാർട്സില എന്ന കമ്പനി വാർട്സില എൻ.എസ്.ഡി. എന്ന പ്രമുഖ ഡീസൽ എൻജിനുകൾ സൃഷ്ടിച്ചു. കൂടാതെ വാർട്സില എൻ.എസ്.ഡി.  ലോകത്തിലെ തന്നെ എന്നെ ഏറ്റവും വലിയ ഡീസൽ എൻജിനായ വാർട്സില സൾസർ RTA96-C എന്ന 2 സ്ട്രോക്കിലുള്ള ടർബോ ചാർജ്ഡ് ലോ സ്പീഡ് ഡീസൽ എൻജിൻ നിർമ്മിക്കുകയും ചെയ്തു. ഈ എഞ്ചിൻ വളരെ വലിയ ഭാരം വഹിക്കാൻ ശേഷിയുള്ള ചരക്കുകപ്പലുകൾക്ക് വേണ്ടിയാണ് നിർമിച്ചിട്ടുള്ളത്. ലോക വ്യാപാരത്തിലെ 90% ചരക്കുനീക്കവും കപ്പലുകൾ ഉപയോഗിച്ചുള്ള ചരക്കുഗതാഗത  സംവിധാനത്തെ ആശ്രയിച്ചിരിക്കുന്നു. കുറഞ്ഞ ഗതാഗത ചിലവ് തന്നെയാണ് അതിന്റെ പ്രധാന കാരണവും.

Read also:“അന്റനോവ് AN-225” ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം

Ad Widget
Ad Widget

Recommended For You

About the Author: admin

Close