മലാല യൂസഫ്സായ്


Spread the love


മലാല യൂസഫ്സായ് എന്ന പേര് സർവ്വ മനുഷ്യർക്കും സുപരിചിതമാണ്. കൊച്ചു കുട്ടികൾക്ക് പോലും പ്രിയങ്കരിയായ ഒരു വ്യക്തിത്വം തന്നെയാണ് മലാല യൂസഫ്സായിയുടേത്. തന്റെ കൗമാരക്കാലത്ത് തീവ്രവാദി സംഘടനയായ ‘താലിബാ’നോട് പോരാടി നിൽക്കാൻ ചങ്കുറപ്പ് കാട്ടിയവൾ. എന്തിനധികം മരണത്തോടു പോലും മുഖാമുഖം നിന്ന് പൊരുതി ജീവനും, ജീവിതവും തിരിച്ചു പിടിച്ചവൾ. അങ്ങനെ മലാലയെ പറ്റി പറയുവാനാണെങ്കിൽ വിശേഷണങ്ങൾ ഏറെയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ നോബൽ പ്രൈസ് കരസ്ഥമാക്കിയ മലാല ഓരോരുത്തർക്കും ഒരു ഉത്തമ മാതൃകയാണ്.


1997, ജൂലൈ 12-ന്, പാകിസ്ഥാനിലെ സ്വാത് ജില്ലയിൽ, സിയാവുദീൻ യൂസഫ്സായിയുടെയും, ടോർ പെകായ് യൂസഫ്സായിയുടെയും മകളായി മലാല യൂസഫ്സായുടെ ജനനം. മലാല എന്ന പേരിന്റെ അർത്ഥം തന്നെ “ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെൺകുട്ടി” എന്നാണ്. പേരിന്റെ അർത്ഥം സൂചിപ്പിക്കുന്നത് പോലെ തന്നെ അവൾ ഏറെ സന്തോഷവതി ആയിരുന്നു. ഒരു ഡോകടർ ആകണം എന്നതായിരുന്നു അവളുടെ സ്വപ്നം. എന്നാൽ, അവളുടെ സ്വപനങ്ങൾക്ക് എതിരായ സാഹചര്യങ്ങൾ ആയിരുന്നു മാതൃരാജ്യമായ പാകിസ്ഥാനിൽ നിലനിന്നിരുന്നത്. പെൺകുട്ടികൾ പഠിക്കാൻ പോകാൻ പാടില്ല എന്നതായിരുന്നു, അവിടെ തീവ്രവാദികൾ അടിച്ചേൽപ്പിച്ചിരുന്ന നിയമം. അങ്ങനെ തങ്ങളുടെ സ്വപ്നങ്ങൾ ചിറകറ്റ് പോയ പെൺകുട്ടികൾ അവിടെ ഏറെയാണ്. എന്നാൽ, മലാല തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല. അവൾ മുന്നോട്ട് പഠിച്ച്, തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ തന്നെ തീരുമാനിച്ചു. ഒപ്പം,അവളെ എല്ലാ രീതിയിലും പിന്തുണച്ചുകൊണ്ട് കുടുംബം മുന്നിൽ തന്നെ ഉണ്ടായിരുന്നു.


2007 മുതൽ 2009 വരെയുള്ള വളരെ കുഞ്ഞു പ്രായത്തിൽ, മലാല ബി.ബി.സി യ്ക്ക് വേണ്ടി ബ്ലോഗുകൾ എഴുതുന്നുണ്ടായിരുന്നു. പാകിസ്ഥാനിൽ സാധാരണക്കാർ നേരിടേണ്ടി വരുന്ന അസമത്വങ്ങൾ തന്നെയായിരുന്നു അതിന്റെ മുഖ്യ പ്രമേയം. പ്രത്യേകിച്ച് പെൺകുട്ടികൾ നേരിടേണ്ടി വരുന്ന പീഡനങ്ങൾ. അച്ഛന്റെ പൂർണ്ണ പിന്തുണയും മലാലയ്ക്ക് ഉണ്ടായിരുന്നു. ‘ഗുൽ മഖായ്’ എന്ന തൂലിക നാമത്തിലായിരുന്നു മലാല അന്ന് ബ്ലോഗുകൾ എഴുതിയിരുന്നത്. എന്നാൽ, ഈ ബ്ലോഗുകൾ ജനശ്രദ്ധ ആകർഷിക്കുകയും അതേ തുടർന്ന്, ജേർണലിസ്റ്റായ ആദം ബി എല്ലിക് മലാലയെ പറ്റി “ടൈം” മാഗസീനിൽ ഒരു ഡോക്യുമെന്ററി തയ്യാറാക്കുകയും ചെയ്യുന്നു. ഇതോടു കൂടി ‘ഗുൽ മഖായ്’ എന്നത് മലാല യൂസഫ്സായ് ആണെന്ന് ലോകമെമ്പാടും അറിയുന്നു. അവളെ “ഇന്റർനാഷണൽ പീസ് പ്രൈസിനു ” വേണ്ടി സാമൂഹിക പ്രവർത്തകൻ ഡെസ്മണ്ട് ടുടു നാമനിർദ്ദേശം ചെയ്തു. അങ്ങനെ മലാല എന്ന കൊച്ചു പെൺകുട്ടി ലോകത്തിന്റെ മൊത്തം ശ്രദ്ധയാർജിക്കാൻ തുടങ്ങി.


കേവലം വിദ്യാഭ്യാസം പോലും അനുവദിച്ചു കൊടുക്കാതിരുന്ന പാകിസ്ഥാൻ സ്ത്രീ സമൂഹത്തിൽ ഒരാൾ തങ്ങളുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി അവയെ നിഷേധിച്ച് ലോകത്തിനു മുന്നിൽ എത്തിയത് താലിബാൻ ഭീകരരുടെ ഉള്ളിൽ അരിശം ജനിപ്പിച്ചു. സ്വാത് താഴ്വരയിൽ ഭീകരർക്ക് എതിരെ ഉയർന്ന ആദ്യ ശബ്ദം ആയിരുന്നു അത്. അതുകൊണ്ട് തന്നെ, ആ ശബ്ദമുയർത്തിയവളെ കൊന്നു തള്ളാൻ തന്നെ അവർ തീരുമാനിച്ചു. അങ്ങനെ, 2012 ഒക്ടോബർ 9-ന്, പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ആ പതിനഞ്ചുകാരിയെ കൊല്ലാൻ, മുഖംമൂടി അണിഞ്ഞ തീവ്രവാദികൾ അവളുടെ ബസിനുള്ളിൽ ചാടിക്കയറുകയായിരുന്നു. അന്ന് “ആരാണ് മലാല ” എന്ന അവരുടെ ചോദ്യത്തിന്, കൂട്ടത്തിൽ നിന്നും ആ കൊച്ച് ധീര മുന്നോട്ട് വന്ന് “ഞാനാണ് മലാല ” എന്ന മറുപടി നൽകി. ഉടൻ തന്നെ തീവ്രവാദി അവൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.തലയിലും, കഴുത്തിലും, തോളത്തുമായി മൂന്ന് വെടിയുണ്ടകൾ അവളുടെ കുഞ്ഞു ശരീരത്തിൽ തുളഞ്ഞു കയറി. ഉടൻ തന്നെ അവളെ റാവൽപിണ്ടി കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിക്കുകയും, ശേഷം വിദഗ്ധ ചികിത്സയ്ക്കായി യു.കെ.യിലെ ബെർമിങ്ഹമിലെ ‘ക്വീൻ എലിസബത് ഹോസ്പിറ്റലിൽ’ പ്രവേശിപ്പിച്ചു. അങ്ങനെ മരണത്തെ മുഖാ മുഖം നിന്ന് പൊരുതി തോൽപ്പിച്ച് ആ പതിനഞ്ച്കാരി ജീവിതത്തിലേക്ക് തിരികെ വന്നു.


എല്ലാറ്റിനേയും അതിജീവിച്ച് 2013-ൽ, മലാല വീണ്ടും തിരിച്ച്, തന്റെ സ്കൂളിൽ പഠനത്തിനായി എത്തി. 2013-ൽ, ലോകത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ച കൗമാരക്കാരി മലാല യായിരുന്നു. മാത്രമല്ല ഈ സംഭവത്തോട് കൂടി താലിബാനോട് ലോക ജനതയുടെ അരിശം കൂടുകയും ചെയ്തു. എന്നാൽ ഈ നിന്ദകൾക്കെല്ലാം താലിബാൻ മറുപടി നൽകിയത് മറ്റൊരു വധ ഭീഷണിയിലൂടെ ആയിരുന്നു. പക്ഷേ,ഇതിനു ശേഷം വലിയൊരു ശക്തിയായി മലാല ഉയർത്തെഴുനേൽക്കുകയായിരുന്നു. അടിച്ചമർത്തപ്പെടുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി അവൾ അതി ശക്തമായി തന്നെ പ്രവർത്തിച്ചു. മാത്രമല്ല, ഇതിനു വേണ്ടി ബെർമിങ്ഹാം കേന്ദ്രീകരിച്ച് ‘മലാല ഫൗണ്ട്’ എന്ന പ്രസ്ഥാനം സ്ഥാപിച്ചു. ” ഓരോ പെൺകുട്ടികൾക്കും പഠിക്കുവാനും മുന്നേറുവാനും ഉള്ള പ്രയത്നം” ഇതായിരുന്നു പ്രസ്ഥാനത്തിന്റെ ആപ്തവാക്യം. 2012-ൽ പാകിസ്ഥാനിലെ പ്രഥമ ‘ നാഷണൽ യൂത്ത് പീസ് പ്രൈസിനു’ അർഹയായത് മലാല ആയിരുന്നു. കൂടാതെ 2013-ൽ, യൂറോപ്യൻ പാർലമെന്റിന്റെ പ്രത്യേക ബഹുമതിയായ ‘സഖാരോവ് പ്രൈസിനും’ അർഹയായി. 2014-ൽ, തന്റെ പതിനേഴാം വയസ്സിൽ കൈലാഷ് സത്യാർത്ഥിയുമായി മലാല ‘നോബൽ പ്രൈസ്’ പങ്കിട്ടു. അങ്ങനെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ നോബൽ പ്രൈസ് ജേതാവ് എന്ന തലക്കെട്ടിനു അനുയോജ്യയുമായി. ഒരു പാകിസ്ഥാനി കൗമാരക്കാരിയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വളരെ വലിയ നേട്ടങ്ങളായിരുന്നു. വെറുതെ ലഭിച്ച നേട്ടങ്ങൾ ആയിരുന്നില്ല, ജീവൻ പണയം വെച്ച് പൊരുതി നേടിയ നേട്ടങ്ങൾ.


പിന്നീട്, മലാല കൂടുതൽ നേട്ടങ്ങൾ ആർജിക്കുകയായിരുന്നു. “ഞാൻ മലാല “എന്ന പേരിൽ മലാലയുടെ ജീവിതം ആസ്പദമാക്കി 2015-ൽ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങുകയും, ഓസ്‌കാർ അവാർഡിന് ഇത് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. 2013, 2014, 2015 എന്നീ വർഷങ്ങളിൽ ഇറങ്ങിയ “ടൈം മാഗസീൻ” ആഗോള തലത്തിൽ ഏറ്റവും സ്വാധീനവുള്ള വ്യക്തിയായി അവർ പ്രസിദ്ധീകരിച്ചത് മലാലയെ ആണ്. 2017-ൽ കാനഡ, തങ്ങളുടെ പൗരത്വം നൽകി മലാലയെ ആദരിച്ചു. അങ്ങനെ വളരെ ചെറിയ പ്രായത്തിൽ തന്നെ വളരെ വലിയ നേട്ടങ്ങൾ. ഒരിക്കൽ ഒരു അഭിമുഖത്തിൽ “അനേകം പ്രഗത്ഭർ ആയിട്ടുള്ള ഈ ആൾക്കാരുടെ ഇടയിൽ ഇങ്ങനെ നിൽക്കാൻ പേടി തോന്നുന്നില്ലേ” എന്ന ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി ഇതായിരുന്നു. ” എന്റെ നേരെ വെടിയുതിർത്ത ആ ദിവസം ശരിക്കും അയാൾ നശിപ്പിച്ചത് എന്റെ സ്വപ്നത്തെ യല്ല മറിച്ച് എന്നിലെ ഭയത്തെ ആയിരുന്നു” എന്നാണ്. പഠിക്കാൻ വേണ്ടി പരിശ്രമിച്ചതിനു തീവ്രവാദികൾ മരണക്കിടക്ക വരെ എത്തിച്ച മലാലയിപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സർവ്വകലാശാലയായ ഓക്സ്ഫോർഡിൽ നിന്നും ബിരുദം നേടി, അവൾ അവിടെയും അവരുടെ മുന്നിൽ വിജയിച്ചു കാണിച്ചു.


പറന്നുയരാൻ ശ്രമിച്ചപ്പോൾ ചിറകരിഞ്ഞു വീഴ്ത്തിയവരുടെ മുന്നിൽ ഒരു ഫീനിക്സ് പക്ഷിയെ പോലെയായിരുന്നു മലാല. കിടക്കയിൽ നിന്നും എഴുനേൽക്കില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയവൾ, ഒരിക്കലും സംസാര ശേഷി കിട്ടില്ല എന്ന് വൈദ്യ ശാസ്ത്ര ലോകം തന്നെ മുദ്ര കുത്തിയവൾ. അങ്ങനെ എല്ലാ അതിർവരമ്പുകളും ഭേദിച്ച് അവൾ ഉയർത്തെഴുന്നേറ്റു. കെടുത്താൻ കഴിയാത്ത ഒരു ശക്തിയായി. എങ്ങനെ മാറി? അതിന് ഒറ്റ ഉത്തരമേയുള്ളു. “നിശ്ചയദാർഢ്യം”. കൺ മുന്നിൽ നിന്ന് മരണത്തെ പോലും അവൾ അടിയറവു പറയിപ്പിച്ചത് അവളുടെ മനസ്സിൽ ഊന്നിയുറച്ച ‘വിജയം’ എന്ന ഒരേയൊരു ലക്ഷ്യമായിരുന്നു. മുൾ മുനയിൽ നിന്ന ജീവൻ തിരികെ കിട്ടിയിട്ട് പോലും പതറാതെ അവൾ തനിക്കെതിരെ നിന്ന ശക്തികൾക്കെതിരെ പോരാടി. “ഒരു കുട്ടി, ഒരു അദ്ധ്യാപകൻ, ഒരു ബുക്ക്‌, ഒരു പേന എന്നിവ കൊണ്ട് ലോകം തന്നെ മാറ്റിമറിക്കാം” എന്ന് വിളിച്ചു പറഞ്ഞവൾ. അങ്ങനെ ആ കൊച്ചു മിടുക്കി ഈ ലോകത്ത് തന്നെ ഒരു വിപ്ലവം സൃഷ്ടിച്ചു. നിർഭയം തന്റെ ദൗത്യങ്ങളുമായി ആ 23-കാരി അടി പതറാതെ ഇപ്പോഴും മുന്നോട്ട് പോയികൊണ്ടിരിക്കുന്നു.

Read more: തീവ്രവാദി’കളിൽ നിന്നും രക്ഷപ്പെട്ട് “നോബൽ” സമ്മാനത്തിലേക്ക്. കൂടുതൽ വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു https://exposekerala.com/nobel-prize-winner-nadia-murad/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala


Ad Widget
Ad Widget

Recommended For You

About the Author: admin

Close