മിസൈലുകൾ


Spread the love

ഇന്ത്യയുൾപ്പെടയുള്ള രാജ്യങ്ങൾ തങ്ങളുടെ ശത്രുരാജ്യങ്ങൾക്ക് നൽകുവാനുള്ള  മുന്നറിയിപ്പെന്നവണ്ണം വികസിപ്പിച്ച് തയാറാക്കിവച്ചിരിക്കുന്ന “മിസൈലുകൾ” ഓരോ രാജ്യത്തിന്റെയും വജ്രായുധമാണ്. കുറച്ച് പതിറ്റാണ്ടുകൾക്ക് മുൻപ് വരെ, ലോകം കൂടുതലായി ബാലിസ്റ്റിക് മിസൈലുകളെ മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. ബാലിസ്റ്റിക് മിസൈലുകൾ വളരെയധികം നാശനഷ്ടം ശത്രു പക്ഷത്ത് വരുത്തുമെന്നിരുന്നാലും, ഭൂഗുരുത്വാകർഷണം, ഇനർഷ്യ തുടങ്ങിയവ കൊണ്ടുള്ള പ്രവർത്തനം, കൂടാതെ തൊടുത്ത് വിട്ടതിനുശേഷമുള്ള  മിസൈലിന്റെ ദിശ നിയന്ത്രണങ്ങളിലെ അപര്യാപ്തത തുടങ്ങിയവയാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടടുത്തപ്പോൾ ക്രൂയിസ് മിസൈൽ അഥവ “തൊടുത്തതിന് ശേഷവും പൂർണനിയന്ത്രണ വിധേയമായിരിക്കുന്ന തരം മിസൈലുകൾ” വികസിപ്പിക്കാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ മുൻകൈ എടുത്തു. ക്രൂയിസ് മിസൈൽ യുദ്ധവിമാനങ്ങളിൽ നിന്ന് പോലും തൊടുക്കാൻ കഴിവുള്ളവയാണെങ്കിലും ശത്രുക്കൾക്ക് സർവ്വനാശം വിതയ്ക്കാൻ കൂടുതൽ കഴിവുള്ളത് പരാബൊളിക്കായ്‌ കുതിയ്ക്കുന്ന ബാലിസ്റ്റിക് മിസൈലുകൾക്കാണ്. ആക്രമണശേഷിയുള്ള  ലോകത്തിലെ ചില മിസൈലുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ.

നിർഭയ് മിസൈൽ 

ഇന്ത്യയുടെ ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ കീഴിലുള്ള ഏയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് അഥവ എ.ഡി.ഇ എന്ന പൊതുമേഖല സ്ഥാപനം വികസിപ്പിച്ച, ഏത് കാലാവസ്ഥയിലും തൊടുക്കാൻ കഴിയുന്ന ദീർഘദൂര സബ്‌സോണിക് ക്രൂയിസ് മിസൈലാണ് നിർഭയ്‌. ശത്രുരാജ്യങ്ങളുടെ റഡാർ സംവിധാനങ്ങളെ അതി വിദഗ്ദ്ധമായി കബളിപ്പിക്കുവാൻ കഴിയുന്ന നിർഭയ് മിസൈലുകൾ 4.25 kN ത്രസ്റ്റ് ടർബോഫാൻ എഞ്ചിന്റെ കരുത്തിൽ, 200-300 kg സ്‌ഫോടക സാമഗ്രികളുമായി 1000-1500 കിലോമീറ്ററുകളോളം മാക് 0.7 ശബ്ദ വേഗത്തിൽ, ശത്രുക്കൾക്ക് നാശം വിതയ്ക്കാൻ തക്ക രീതിയിൽ രുപപ്പെടുത്തിയിരിക്കുന്നു. മിസൈൽ തൊടുത്തതിന് ശേഷവുമുള്ള ദിശ നിയന്ത്രണ സംവിധാനം ഇത്തരം ക്രൂയിസ് മിസൈലുകൾക്ക് മുതൽക്കൂട്ടാണ്.

R-36 മിസൈൽ

സോവിയറ്റ് യൂണിയന്റെ കാലത്ത് തന്നെ, യുഴ്നി മെഷീൻ ബിൽഡിംഗ്‌ പ്ലാന്റ് എന്ന അവിടത്തെ ഗവണ്മെന്റ് സ്ഥാപനം വികസിപ്പിച്ച ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലാണ് R-36 എന്ന ഇപ്പോഴത്തെ റഷ്യയുടെ അതിതീവ്ര മിസൈൽ. ലിക്യുഡ് ബൈപ്രൊപോലെന്റിന്റെ കരുത്തിൽ കുതിയ്ക്കുന്ന R-36 മിസൈലുകൾ 10000 km ദൂരപരിധി വളരെ നിഷ്പ്രയാസം താണ്ടുകയും, അവയ്ക്കൊപ്പം ഒരേ സമയം, ശത്രുക്കളുടെ പത്ത് ഭാഗങ്ങളിൽ നാശം വിതയ്ക്കാൻ കഴിവുള്ള തരത്തിലും നിർമ്മിച്ചിരിക്കുന്നു. R36, R36 M2 തുടങ്ങിയവ R36 മിസൈൽ ശ്രേണിയിലുള്ള റഷ്യയുടെ മറ്റ് മിസൈലുകളാണ്.

ശൗര്യ മിസൈൽ    

 ഇന്ത്യൻ ആർമിക്ക് വേണ്ടി  ഇന്ത്യയുടെ തന്നെ ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ച ഭൂമിയിൽ നിന്നും ഭൂമിയിലേയ്ക്ക് തൊടുക്കുവാൻ കഴിയുന്ന ദൂരപരിധി കുറഞ്ഞ ടാക്ടിക്കൽ മിസൈലാണ് പേരുപോലെ തന്നെ വീര്യമുള്ള ശൗര്യ മിസൈലുകൾ. ഇന്ത്യയുടെ അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കുന്ന സാഗരിക കെ-15 മിസൈലുകളുടെ അതേ വിഭാഗത്തിൽപ്പെടുന്ന, കരയിൽ  നിന്നും തൊടുക്കുവാൻ കഴിയുന്ന തരം മിസൈലുകളാണ് ശൗര്യ. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലെ ഒളിയിടങ്ങളിൽ  മറഞ്ഞിരുന്ന് യുദ്ധസജ്ജമാവാൻ കഴിവുള്ള ശൗര്യ മിസൈലുകൾക്ക് അതിലൂടെ ശത്രു രാജ്യങ്ങളുടെ ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങളിൽ നിന്നും മറഞ്ഞിരിക്കുവാനും സാധിക്കും. 2 സ്റ്റേജ് സോളിഡ് റോക്കറ്റ് മോട്ടോറിന്റെ കരുത്തിൽ, 200kg മുതൽ 1 ടൺ കിലോഗ്രാം വരെയുള്ള സ്‌ഫോടക വസ്തുക്കളുമായി 700-1900 km വരെ ദൂരെയുള്ള ശത്രുതാവളങ്ങൾ തകർക്കാൻ കഴിവുള്ള ശൗര്യ മിസൈലുകൾക്ക്, മാക് 7.5 എന്ന ശബ്ദ വേഗപരിധിയിൽ കുതിയ്ക്കാനുമാകുന്നു. ആ കുതിപ്പ് ഇന്ത്യയുടെ എതിർ സൈന്യത്തെ നിഷ്ക്രിയരാക്കാൻ പോന്നതാണ്.

LGM-30 മൈന്യൂട്മാൻ      

 ലോകത്തിലെ ഏറ്റവും ശക്തമായ അമേരിക്കൻ സൈന്യത്തിന്റെ  ധൈര്യത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും പ്രധാന ഘടകമാണ് അവരുടെ മിസൈലുകളുടെ കരുത്ത്. അത്തരം മിസൈലുകളിൽ പ്രമുഖ സ്ഥാനമാണ് അമേരിക്കൻ എയർ ഫോഴ്‌സിന്റെ LGM-30 മൈന്യൂട്മാൻ എന്ന ശക്തമായ ഇന്റർകോണ്ടിനെന്റൽ ഗണത്തിൽപ്പെടുന്ന ദീർഘദൂര മിസൈൽ. 3 സ്റ്റേജ് സോളിഡ് ഫ്യൂൽ റോക്കറ്റ് എൻജിനിൽ കുതിയ്ക്കുന്ന LGM-30 മൈന്യൂട്മാൻ മിസൈലുകൾ മാക് 23 എന്ന ശബ്ദ വേഗപരിധിയിൽ 13000 km അപ്പുറമുള്ള ശത്രുസങ്കേതം പോലും തകർക്കാൻ പ്രാപ്തമാണ്.

ബ്രഹ്മോസ് മിസൈൽ

ഇന്ത്യൻ പ്രതിരോധമേഖലയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈൽ എന്ന ഹ്രസ്വദൂര ഗണത്തിൽ പെടുന്ന സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഇന്ത്യയുടേയും റഷ്യയുടെയും സംയുക്ത പരിശ്രമത്തിലൂടെയാണ് വികസിപ്പിച്ചത്. ഭൂമിയിൽ നിന്ന് മാത്രമല്ല, അന്തർവാഹിനികളിൽ നിന്നും, കപ്പലുകളിൽ നിന്നും,  യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കുവാൻ കഴിയുന്ന ബ്രഹ്മോസ് മിസൈലുകൾ ലോകത്തിലെ വേഗമേറിയ ക്രൂയിസ് വിഭാഗത്തിൽപ്പെടുന്ന മിസൈലാണ്. സോളിഡ് ബൂസ്റ്ററിന്റെയും ലിക്വിഡ് രാംജെറ്റ് എന്ന എയർ കംപ്രസ് ചെയ്ത് വേഗത കൈവരിക്കുന്ന തരത്തിലുമുള്ള എഞ്ചിൻ സംവിധാനത്തിലും, 200-300 kg വരുന്ന സ്‌ഫോടക സാമഗ്രഹികളുമായ് 400-500 km വരുന്ന ദൂരം മാക് 3 എന്ന ശബ്ദ വേഗ പരിധിയിൽ കീഴടക്കാൻ ബ്രഹ്മോസ് മിസൈലുകൾക്കാകുന്നു. ഹൈപ്പർസോണിക് സാങ്കേതികവിദ്യയിൽ അഥവ ശബ്ദ വേഗത്തെ മറികടക്കുന്ന വേഗത്തിൽ ശത്രുസങ്കേതങ്ങളെ തകർക്കാൻ ശക്തിയേകുന്ന തരത്തിൽ ബ്രഹ്മോസ് 2 മിസൈലുകൾ ഇന്ത്യൻ പ്രധിരോധമേഖലയുടെ ആത്മവിശ്വാസവും,  കരുത്തും വർധിപ്പിക്കും വിധം തയാറെടുക്കുകയാണ്. ലോകത്തിലെ മിസൈലുകളെ വേഗതയുടെ അടിസ്ഥാനത്തിൽ ആദ്യ പത്തിലുൾപ്പെടുന്ന ക്രൂയിസ് മിസൈലുകൾ ചുവടെ ചേർക്കുന്നു

ശൗര്യ  (ഇന്ത്യ)

വേഗത : മാക് 7.5
ദൂരപരിധി :700-1900km
കപ്പാസിറ്റി :200-1000kg

ബ്രഹ്മോസ് 2 (ഇന്ത്യ)

വേഗത : മാക് 7
ദൂരപരിധി : 450-700km

AGM-183A ARRW (യു എസ് എ)

വേഗത : മാക് 5-20

പേർഷ്യസ് (ഫ്രാൻസ്, യു കെ)

വേഗത : മാക് 5
ദൂരപരിധി :300km
കപ്പാസിറ്റി :200kg

എയർ-സോൾ മോയിന്നെ പോർട്ടി(ഫ്രാൻസ് )

വേഗത : മാക് 3
ദൂരപരിധി :500km

ബ്രഹ്മോസ്  (ഇന്ത്യ, റഷ്യ )

വേഗത : മാക് 3
ദൂരപരിധി :300-500km
കപ്പാസിറ്റി :300kg

P-700 ഒനിക്സ് (റഷ്യ)

വേഗത : മാക് 2.5
ദൂരപരിധി :625km
കപ്പാസിറ്റി :750kg

P-800 ഒനിക്സ് (റഷ്യ)

വേഗത : മാക് 2.5
ദൂരപരിധി :300km
കപ്പാസിറ്റി :300kg

AGM-28ഹൗണ്ട്ഡോഗ്(യുഎസ്എ) 

വേഗത : മാക് 2.1
ദൂരപരിധി :1263km
കപ്പാസിറ്റി :790kg

KH-101 (റഷ്യ )

വേഗത : മാക് 1.03
ദൂരപരിധി :4500-5500km

ഇന്ത്യയുടെ മറ്റ് പ്രധാന മിസൈലുകളായ അസ്ത്ര, പ്രിത്വി, ആകാശ്, തൃശൂൽ, അഗ്നി, ധനുഷ്, പ്രഹാർ, നാഗ് തുടങ്ങിയ മിസൈലുകളിലൂടെ മിസൈൽ ടെക്നോളജിയിൽ ലോകത്തിലെ തന്നെ മുൻനിരയിലുള്ള രാജ്യമായ് ഇന്ത്യ മാറിക്കഴിഞ്ഞു. ഒപ്പം ലോക രാജ്യങ്ങൾക്ക് മുൻപിൽ തങ്ങളുടെ മിസൈൽ വൈദഗ്ത്യം ഇതിനോടകം തന്നെ തെളിയിച്ച ഇന്ത്യ, 2016-ൽ മിസൈൽ ടെക്നോളജി കണ്ട്രോൾ റെജിമിൽ അംഗമായതുവഴി ദീർഘദൂര മിസൈൽ പരീക്ഷണങ്ങൾ ഉൾപ്പെടെ മിസൈൽ പരീക്ഷണ ശാഖയിൽ കൂടുതൽ സ്വാതന്ത്ര്യവും അവസരങ്ങളും ഇന്ത്യയ്ക്ക് ഉണ്ടാകും. അത്തരം അവസരം ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങളെ വികസിത രാജ്യങ്ങളുടെ മാതൃകയിൽ സുശക്തമാകാൻ വഴിയൊരുക്കും.

Read alsoചരക്കു കപ്പലുകളിലൂടെ ഒരു അറിവിന്റെ യാത്ര

Ad Widget
Ad Widget

Recommended For You

About the Author: admin

Close