
‘കൊള്ളക്കാരി’ എന്ന് കേൾക്കുമ്പോൾ തന്നെ ഒട്ടു മിക്ക ഇന്ത്യക്കാരുടെയും മനസ്സിൽ ആദ്യം വരുന്ന പേര് ‘ഫൂലൻ ദേവി’ എന്നായിരിക്കും. നാടിനെ വിറപ്പിച്ച ഒരു കൊള്ളക്കാരിയിൽ നിന്നും, ഇന്ത്യൻ പാർലമെന്റ് വരെ എത്തിയ ഫൂലന്റെ കഥ, സിനിമയെ പോലും വെല്ലുന്ന യാതനകളും, സാഹസികതകളും നിറഞ്ഞതാണ്. “പ്രതികാര മൂർത്തി ആയ ദേവി ” എന്ന് തന്നെ വിളിക്കേണ്ടി വരും ഫൂലനെ. ഒരു പക്ഷെ, തന്റെ പ്രതികാരാഗ്നി തന്നെയാണ് ഫൂലനെ മറ്റൊരു പെണ്ണും സഞ്ചരിക്കാത്ത വഴികളിലൂടെ നയിക്കാൻ ഇടായക്കിയതും . ഒരുകാലത്ത് രാജ്യത്തെ കിടു കിടാ വിറപ്പി,ച്ച ചമ്പൽക്കാടിന്റെ കൊള്ളക്കാരി എന്ന് വിളിപ്പേരുള്ള, നമ്മുടെ ഫൂലൻ സഞ്ചരിച്ച വഴികളിലൂടെ നമുക്കൊന്ന് നീങ്ങാം.
1963 ഒക്ടോബർ 10-ന് ഉത്തർപ്രദേശിലെ, ഘുരാ കാ പുർവാ എന്ന കുഗ്രാമത്തിൽ, ഒരു ദളിത് പിന്നോക്ക മല്ല വിഭാഗത്തിൽപ്പെട്ട കുടുംബത്തിലായിരുന്നു ഫൂലൻ ദേവിയുടെ ജനനം. ഫൂലന്റെ കുട്ടിക്കാലം, പീഡനങ്ങളാൽ നിറഞ്ഞതായിരുന്നു. തന്റെ പതിനൊന്നാം വയസ്സിൽ ആയിരുന്നു ഫൂലന്റെ ആദ്യ വിവാഹം. തന്നെക്കാൾ വളരെ അധികം പ്രായവ്യത്യാസം ഉള്ള പുട്ടി ലാൽ എന്ന ആളുമായിയിരുന്നു ആ വിവാഹം. എന്നാൽ, അത് ഫൂലന് ഒരു സന്തുഷ്ട ജീവിതം സമ്മാനിച്ചില്ല. മറിച്ച് ദുഃഖത്തിന്റെയും, ദുരിതത്തിന്റെയും നടുവിലായിരുന്നു നമ്മുടെ കുഞ്ഞു ഫൂലൻ ജീവിച്ചത്. വിവാഹ ദിവസം രാത്രി തന്നെ, അതിക്രൂരമായ പീഡനത്തിനാണ് ആ കുരുന്നു ബാല്യം ഇരയാവേണ്ടി വന്നത്. പിന്നീട് അത് തുടരുകയും ചെയ്തു. ഒടുവിൽ ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ, ഫൂലൻ ആ വീട് വിട്ടിറങ്ങി സ്വന്തം വീട്ടിലേക്ക് എത്തുകയായിരുന്നു.
സ്വന്തം വീട്ടിലേക്ക് എത്തിയ ഫൂലന്, അവിടെയും നല്ലതൊന്നുമായിരുനില്ല കാത്തിരുന്നത്. ഭതൃഗൃഹം ഉപേക്ഷിച്ചു വന്ന ഫൂലനെ, നാട്ടുകാർ മോശക്കാരി ആയി മുദ്ര കുത്തി. മാത്രമല്ല, തന്റെ അച്ഛന് സ്വന്തമായി ഉണ്ടായിരുന്ന ഒരു ഏക്കർ കൃഷിഭൂമിയിന്മേൽ, മാതൃ സഹോദന്റെ മകനായ മായാദിൻ കയ്യേറി. എന്നാൽ, ഫൂലൻ ഇത് എതിർത്തു. കൂടാതെ ഇതിനെതിരെ പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുകയും ചെയ്തു. ഈ സംഭവമാണ് ഫൂലന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ ഇടയായത്. സവർണ സൗഹൃദവും, സമ്പത്തും ഉണ്ടായിരുന്ന ഇയാൾ, ഫൂലനെ ഒരു കള്ളക്കേസിൽപ്പെടുത്തി. അങ്ങനെ ഒരു മാസം പോലീസ് കസ്റ്റഡിയിൽ ആയിരുന്നു ഫൂലൻ. ഇതേ തുടർന്ന് ഈ ഒരു മാസം ഫൂലന് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനങ്ങൾ ആയിരുന്നു. പോലീസുകാരുടെ കൂട്ട ബലാൽസംഘത്തിനു പല തവണ അവൾക്ക് ഇരയാകേണ്ടി വന്നു. ഒരു മാസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ഫൂലൻ ക്ഷീണിത ആയിരുന്നു.
എന്നാൽ മായദിന്റെ പ്രതികാരം അതിലും അവസാനിച്ചില്ല. ഗ്രാമത്തിലെ ഒരു കൊള്ളക്കാരനായ ബാബു ഗുജാരയ്ക്ക് പണം നൽകി ഫൂലനെ തട്ടിക്കൊണ്ടു പോകാൻ ഏർപ്പാടാക്കി. അങ്ങനെ ഗുജാരയുടെ കൊള്ളസംഘം അവളെ തട്ടിക്കൊണ്ടു പോയി. പിന്നീട് അവൾക്ക് തുടർച്ചയായ പീഡനങ്ങളുടെ ദിവസമാണ് നേരിടേണ്ടി വന്നത്. മറ്റു കൊള്ളക്കാരുടെ മുന്നിൽ വച്ച് തന്നെ ഓരോരുത്തരായി അവളെ ശാരീരികമായി ഉപയോഗിച്ചു. രാവും പകലും എന്നില്ലാതെ, ക്രൂരമായ പീഡനങ്ങൾക്ക് അവൾ ഇരയായി.
എന്നാൽ ആ കൂട്ടത്തിൽ, വിക്രം മല്ല മസ്താന എന്ന് പേരുള്ള ഒരു കൊള്ളക്കാരന് ഫൂലനോട് സഹതാപം ആയിരുന്നു. ആ സഹതാപം പിന്നീട്, ഫൂലനോടുള്ള പ്രണയത്തിലേക്ക് വഴിമാറി. ഗുജാര ഫൂലനോട് കാണിച്ചുകൊണ്ടിരിക്കുന്ന ക്രൂരത കണ്ട് സഹിക്കവയ്യാതെ വിക്രം മല്ല ഗുജാരയെ വെടിയുതിർത്തു കൊന്നു വെന്ന് മാത്രമല്ല പിന്നീട് ആ സംഘത്തിന്റെ തലവനായും വിക്രം മല്ല മാറി. തുടർന്ന് വിക്രം, ഫൂലനെ തന്റെ ഭാര്യ ആയി സ്വീകരിച്ചു. അങ്ങനെ ഫൂലനും ആ ചമ്പൽ കാട്ടിലെ കൊള്ള സംഘത്തിലെ ഒരു അംഗമായി മാറി.
പിന്നീട് വിക്രം മല്ല ഫൂലന് തന്റെ പ്രതികാരത്തിനുള്ള വഴി ഒരുക്കുകയായിരുന്നു. പതിനൊന്നാം വയസ്സിൽ തന്നെ വിവാഹം ചെയ്ത് ജീവിതം തന്നെ ഇല്ലാതാക്കിയ ആദ്യ ഭർത്താവിനെ അയാളുടെ വീട്ടിൽ നിന്ന് പുറത്തേക്കിറക്കി കുത്തി മലർത്തി. അയാളെ അവൾ കൊന്നില്ല. പക്ഷെ ഇനി മറ്റൊരു സ്ത്രീയെയും ലൈംഗികമായി ആക്രമിക്കാൻ കഴിയാത്ത വിധം അയാൾക്ക് പരിക്കുകൾ ഏൽപ്പിച്ച്, ശിഷ്ടകാല ജീവിതം നരകിക്കാൻ വിട്ടു. വിക്രമും, ഫൂലനും തങ്ങളുടെ സംഘവും ചേർന്ന് ഒരുപാട് കൊള്ളകൾ നടത്തി. എന്നാൽ വിധി വീണ്ടും ഫൂലനോട് ക്രൂരത കാണിക്കുകയായിരുന്നു. സവർണനായ ബാബു ഗുജാരയെ കൊന്ന് കൊള്ളത്തലവൻ ആയ അവർണൻ ആയിരുന്നു വിക്രം മല്ല. ഇത് അവരുടെ കൂട്ടത്തിൽ തന്നെ ഉള്ള പലരിലും രസക്കേട് ഉണ്ടാക്കി. ബ്രാഹ്മണർക്ക് തൊട്ടു താഴെയുള്ള ഠാക്കൂർമാരെ ഒരു അവർണൻ നിയന്ത്രിക്കുന്നത് സംഘത്തിൽ ഉള്ള സവർണർക്ക് അംഗീകരിക്കാൻ ആകുമായിരുന്നില്ല. ഒടുവിൽ തക്കം പാർത്തിരുന്ന അവർ, വിക്രം മല്ലയെ ചതിച്ചു കൊന്നു. മാത്രമല്ല, ഫൂലനെ തടവിൽ ആക്കിയ അവർ അവളെ വീണ്ടും അതിക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങി. ഏകദേശം 2 ആഴ്ചയിൽ കൂടുതൽ 22 പേരടങ്ങുന്ന സംഘം അവളെ ബലാൽസംഘത്തിനു ഇരയാക്കി. ഒടുവിൽ മരിക്കാറായ അവളെ കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു.
എന്നാൽ ഫൂലൻ അവിടെയും മരണത്തിനു കീഴടങ്ങിയില്ല. ഒരു പൂജാരിയുടെ സഹായത്തോടെ അവൾ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു. അതിനു ശേഷം തിരിച്ചു വന്ന ഫൂലനിൽ നിറഞ്ഞു നിന്നത് പ്രതികാരാഗ്നി ആയിരുന്നു. ഒരുപക്ഷെ തന്റെ മനസ്സിൽ നിറഞ്ഞു നിന്ന പ്രതികാരം ആയിരിക്കാം അന്ന് ഫൂലനെ മരണത്തിനു വിട്ടു കൊടുക്കാതിരുന്നത്. തന്നെ ദ്രോഹിച്ചവർക്കെതിരെ പ്രതികാരം ചെയ്യാൻ മറ്റൊരു കൊള്ളക്കാരനുമായി ചേർന്ന് പുതിയൊരു സംഘം ഫൂലൻ രൂപപ്പെടുത്തി എടുത്തു. ഒടുവിൽ നീണ്ട 17 മാസത്തെ കാത്തിരിപ്പിന് ശേഷം തന്റെ ഭർത്താവിനെ ചതിച്ചു കൊന്ന്, തന്നെ ജീവച്ഛവം ആക്കിയ ആ 22 പേരെയും ഫൂലൻ വകവരുത്തി.അതിനു ശേഷം ആയിരുന്നു അവളെ ഇന്ത്യ അറിയപ്പെട്ടു തുടങ്ങിയത്. തന്റെ പ്രതികാരം തീർത്ത സംതൃപ്തിയോടെ നിന്ന അവൾക്ക് ജനങ്ങൾ ‘ഫൂലൻ ദേവി’ എന്ന വിളിപ്പേര് നൽകി.
ഇതിനോടകം തന്നെ ഫൂലൻ അക്രമ വിദ്യകളെല്ലാം നല്ലതു പോലെ തന്നെ പഠിച്ചിരുന്നു. ലക്ഷ്യം വെച്ച് വെടിയുതിർക്കാൻ അവൾക്ക് ഒരു പ്രത്യേക സാമർത്ഥ്യവും, കഴിവും തന്നെ ആയിരുന്നു. പിന്നീട് ഫൂലൻ കൊള്ളയടിയിലേക്ക് സജീവമായി ഇറങ്ങുകയായിരുന്നു. ഉയർന്ന ജാതിയിൽ ഉള്ള സമ്പന്നരെ കൊള്ളയടിച്ചു പാവങ്ങളായ താഴ്ന്ന ജാതിക്കാർക്ക് അവൾ അവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകുമായിരുന്നു. ഇത് ഫൂലനോടുള്ള ജനങ്ങളുടെ പ്രിയം വർധിപ്പിച്ചു. പിന്നീട് 1981-ൽ ഉത്തർ പ്രദേശിലെ ബഹ്മായിലെ ഉയർന്ന ജാതിയിൽപ്പെട്ട 21 ഠാക്കൂർമാരെ അവൾ കൊന്നു, മാത്രമല്ല അവർ ആ ഗ്രാമം മുഴുവൻ കൊള്ളയടിച്ചു നശിപ്പിച്ചു. ഫൂലനോട് പണ്ട് അതിക്രമം കാണിച്ചിരുന്ന ഠാക്കൂർമാർ താമസിച്ചിരുന്ന ഗ്രാമം ആയിരുന്നു അത്. ഇത് ഉത്തർപ്രദേശ് പോലീസിന്റെ തലവേദന കൂട്ടുകയും ചെയ്തു.
ഫൂലൻ തന്റെ കൊള്ള പ്രവർത്തനങ്ങളിൽ മുഴുകിക്കൊണ്ട് ഇരുന്നു. ഒടുവിൽ ദേശീയ മാധ്യമങ്ങൾ അവൾക്ക് ഒരു വിളിപ്പേര് നൽകി. ‘ബാൻഡിത് ക്വീൻ’, അതായത് കൊള്ളക്കാരുടെ റാണി. ബഹ്മായി കൂട്ടക്കൊല നടന്ന്, രണ്ട് വർഷങ്ങൾക്ക് ശേഷം ഫൂലൻ കീഴടങ്ങാൻ ഉള്ള ഒരു മാനസിക അവസ്ഥയിൽ എത്തിയിരുന്നു. ആ സമയത്ത്, അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധി ഒരു സുപ്രധാന തീരുമാനം എടുത്തു. കീഴടങ്ങിയാൽ വധശിക്ഷയിൽ നിന്നും ഒഴിവാക്കും എന്ന്. ഈ ഒരു ഓഫർ കൂടി ആയപ്പോൾ ഫൂലൻ കീഴടങ്ങാൻ തന്നെ തീരുമാനിച്ചു. എന്നാൽ ഉത്തർപ്രദേശ് പോലീസ് കീഴടങ്ങിയാൽ തന്നെ വധിക്കുമോ എന്ന ഭയം ഫൂലന്റെ ഉള്ളിൽ ഉണ്ടായിരുന്നതിനാൽ അവൾ മധ്യ പ്രദേശ് സർക്കാരിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചു. ഠാക്കൂർമാർക്ക് ഉത്തർ പ്രദേശ് പോലീസിൽ ഉണ്ടായിരുന്ന സ്വാധീനം തന്നെ ആയിരുന്നു ഈ ഭയത്തിനു കാരണം.ഒപ്പം തന്നെ കീഴടങ്ങാൻ ചില നിബന്ധനകൾ അവൾ മുന്നോട്ട് വെച്ചു. മഹാത്മാ ഗാന്ധിയുടെയും, ദുർഗാ ദേവിയുടെയും പ്രതിമയുടെ മുന്നിൽ വെച്ചായിരിക്കും തങ്ങളുടെ കീഴടങ്ങൽ. മാത്രമല്ല തന്നെ വധ ശിക്ഷയ്ക്ക് വിധിക്കുകയോ, തന്റെ സംഘത്തിൽ പെട്ടവരെ 8 വർഷത്തിൽ കൂടുതൽ ശിക്ഷിക്കാനോ പാടില്ല. ഇത് കൂടാതെ തന്റെ കുടുംബാംഗങ്ങളെ പ്രത്യേക സുരക്ഷയോടു കൂടി കീഴടങ്ങൽ ചടങ്ങിന് കൊണ്ട് വരണം. ഇതൊക്കെ ആയിരുന്നു ഫൂലൻ മുന്നോട്ട് വെച്ച നിബന്ധനകൾ. അങ്ങനെ 1983-ൽ ഫൂലൻ മധ്യപ്രദേശ് പോലീസിന് മുന്നിൽ കീഴടങ്ങി. 48 കുറ്റങ്ങൾ ചുമത്തി വിചാരണ നേരിട്ട ഫൂലൻ ദേവി ഏകദേശം 11 വർഷത്തോളം ജയിലിൽ കഴിച്ചുകൂട്ടി.
ഒടുവിൽ നിഷാദാ സമുദായത്തിന്റെ സമ്മർദത്തിനു വഴങ്ങി 1994-ൽ മുലായം സിംഗ് ഗവണ്മെന്റ് ഫൂലൻ ദേവിക്ക് എതിരെ ഉള്ള എല്ലാ കേസുകളും എഴുതി തള്ളി. അതിനിടയിൽ ഫൂലൻ ഉമൈദ് സിംഗ് എന്നൊരാളെ വിവാഹം കഴിച്ചു. 1996-ൽ ഫൂലൻ ദേവി മിർസാപ്പൂരിൽ നിന്നും ലോകസഭയിലേക്ക് സമാജ് വാദി പാർട്ടി സീറ്റിൽ മത്സരിച്ചു കയറി. 1999-ൽ നടന്ന തിരഞ്ഞെടുപ്പിൽ അവർ വീണ്ടും ലോക്സഭയിൽ എത്തി. തൊഴിൽ ക്ഷേമ സമിതിയിൽ അംഗവും ആയിരുന്നു അവർ. ഫൂലൻ ദേവിയുടെ ജീവിതം ആസ്പദമാക്കി ശേഖർ കപൂർ സംവിധാനം ചെയ്ത “The bandit queen” എന്ന ചിത്രം ഫൂലന് ആരാധകരെ കൂട്ടി.
പക്ഷെ ഭൂതകാലത്തിലെ പ്രവർത്തികളുടെ ഫലം അവളെ പിടികൂടി. 2001 ജൂലൈ 25 നു ലോകത്തെ നെടുക്കിക്കൊണ്ട് അത് സംഭവിച്ചു. എം. പി മാരുടെ അശോക റോഡിൽ ഉള്ള കോട്ടേർസിനടുത്തു വെച്ച് കാറിനുള്ളിൽ എത്തിയ മൂന്നംഗ സംഘം ഫൂലന് നേരെ നിറയൊഴിച്ചു. കൊലയുമായി ബന്ധപ്പെട്ട് ഷേർ സിംഗ് റാണ എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. 1981-ൽ ഫൂലനും സംഘവും, ഉത്തർ പ്രദേശിലെ ബഹ്മികളെ കൊന്നതിൽ ഉള്ള പ്രതികാരം ആയിരുന്നു ഇത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഷേർ സിംഗ് റാണ അല്ല കൊലപാതകത്തിന് പിന്നിൽ എന്നും പറയപ്പെടുന്നുണ്ട്. അങ്ങനെ ഫൂലൻ ദേവിയുടെ മരണത്തിലും ദുരൂഹതകൾ ഏറെയായി. അങ്ങനെ തന്റെ മുപ്പത്തിയേഴാം വയസ്സിൽ ഇതിഹാസ നായിക “ഫൂലൻ ദേവി” ലോകത്തോട് വിട പറഞ്ഞു.
അധോലോക നായകൻ ചാൾസ് ശോഭരാജിനെ കുറിച്ച് കൂടുതൽ വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു
https://exposekerala.com/charls-shobharaj/
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala