
മലസ്സാക്ഷി മരവിച്ച കാഴ്ചകളാണ് ഈ അടുത്തകാലത്തായി കേള്‍ക്കുന്ന സംഭവങ്ങള്‍ എല്ലാം തന്നെ. ഇപ്പോള്‍ എല്ലാവരും സ്വന്തം കാര്യം മാത്രം ചിന്തിക്കുകയാണ്. എന്നാല്‍ ആര്‍ക്കും എപ്പോഴും സ്വന്തമായി എല്ലാം ചെയ്യാന്‍ സാധിക്കും എന്ന് കരുതരുത്. ഇവിടെ അസുഖത്തെ തുടര്‍ന്ന് ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മനസ് കാണിക്കാതെ നോക്കിനിന്ന കുറെ മനുഷ്യര്‍. സംഭവത്തിന് സാക്ഷിയായ ഒരു വീട്ടമ്മയുടെ ഇടപെടലിനെ തുടര്‍ന്നാണ് വൈകിയാണെങ്കിലും അപകടത്തില്‍പെട്ടയാളെ ആശുപത്രിയില്‍ എത്തിച്ചു. തിരക്കേറിയ പദ്മ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം സന്ധ്യയ്ക്കാണ് അപകടം നടന്നത്. സമീപത്തെ ഒരു ലോഡ്ജിലെ മൂന്നാംനിലയില്‍ നില്‍ക്കുകയായിരുന്ന തൃശൂര്‍ ഡിവൈന്‍ നഗര്‍ സ്വദേശി സജി തല കറങ്ങിയാണ് താഴേക്ക് വീണത്. താഴെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറില്‍ ഇടിച്ച ശേഷം ഫു്ടപാത്തിലേക്കാണ് വീണത്. സജി വീഴുന്ന സമയത്ത് നിരവധി പേര് അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ആരും തന്നെ സജിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. ചിലര്‍ നോക്കിയ ശേഷം കടന്നുപോയി. മറ്റു ചിലര്‍ കണ്ടില്ലെന്ന് നടിച്ചു. ഇതിനിടെയാണ് ആ വീട്ടമ്മ അവിടേക്ക് വന്നത്. സജിയെ ആശുപത്രിയിലെത്തിക്കാന്‍ കൂടിനിന്നവരോട് സ്ത്രീ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആരും തയ്യാറായില്ല.ഒടുവില്‍ ഒരു ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി, സജിയെ കയറ്റി. എന്നാല്‍ സജിയെ വീണ്ടും റോഡില്‍ തന്നെ കിടത്തി, ഓട്ടോക്കാരന് കടന്നുപോയി. ശേഷം ആ വീട്ടമ്മ തന്നെ ഒരു കാര്‍ തടഞ്ഞു നിര്‍ത്തി സജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.സജിയെ കാറില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.