
ചൈനീസ് സ്ഥാപനങ്ങളായ ടിക് ടോക്, ഹുവായ് എന്നിവയ്ക്കെതിരെ കർശനമായ നടപടി എടുക്കണമെന്ന് യു.എസ് ഉപരാഷ്ട്രപതി മൈക്ക് പെൻസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇവ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ആകുമെന്നാണ് അദ്ദേഹം ആരോപിച്ചത്.
യു. എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ അമേരിക്കയിൽ ചൈനീസ് സാമൂഹ്യമാധ്യമ ആപ്പുകൾ നിരോധിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് അറിയിച്ചിരുന്നു. ഈ ആപ്പുകൾ പ്രധാനപ്പെട്ട വിവരങ്ങൾ ചൈനീസ് സർക്കാരിന് നൽകുന്നു എന്നായിരുന്നു അദ്ദേഹം അറിയിച്ചത്. ഇതിന്റെ ആധാരത്തിലാണ് ഫോക്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പെൻസ് സർക്കാരിനോട് ആപ്പുകൾ നിരോധിക്കാൻ ആവശ്യപ്പെട്ടത്. ഹുവായ്, ടിക് ടോക് തുടങ്ങിയ ചൈനീസ് കമ്പനികൾ തങ്ങളുടെ രാജ്യത്തിന്റെ സ്വകാര്യതയ്ക്കും, സുരക്ഷയ്ക്കും ഭീഷണി ആയതുകൊണ്ട് തങ്ങൾ ഇതിനെതിരെ കർശനമായ നടപടി എടുക്കുമെന്ന് പെൻസ് അറിയിച്ചു.
യു. എസ്സിലെ നിയമ നിർമാതാക്കൾ ദേശീയ സുരക്ഷയിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. ടിക് ടോക് പോലുള്ള ആപ്പുകൾ ഉപഭോക്താവിന്റെ വിവരങ്ങൾ ശേഖരിക്കാറുണ്ട്. എന്നാൽ ചൈനീസ് നിയമം അനുസരിച്ചു സ്വദേശീയ കമ്പനികൾ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന രഹസ്യാന്വേഷണ വിഭാഗത്തിന് സഹായവും, സഹകരണവും നൽകണം. ആയതിനാൽ ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗപ്പെടുത്തുമെന്ന് യു.എസ് നിയമ നിർമാതാക്കൾ ആശങ്കപ്പെടുന്നു.
യു. എസ് ജസ്റ്റിസ് ഡിപ്പാർട്മെന്റും ചൈനീസ് വീഡിയോ ആപ്പായ ബൈറ്റ് ഡാൻസും തമ്മിലുള്ള 2019 ലെ ഉടമ്പടി പ്രകാരമുള്ള കുട്ടികളുടെ സ്വകാര്യതയെ സംരക്ഷിക്കാൻ സാധിക്കാതെ പോയി എന്ന ആരോപണത്തിൽ പരിശോദിക്കുമെന്നും അറിയിച്ചു.