അനാബാസ് കൃഷി രീതിയെ കുറിച്ച് കൂടുതൽ അറിയാം


Spread the love

നിങ്ങൾ മത്സ്യ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാളാണോ? എന്നാൽ തുടക്കക്കാർക്ക് മത്സ്യ കൃഷി ആരംഭിക്കാൻ ഏറ്റവും ഉചിതമായ ഒരു മത്സ്യ ഇനം ആണ് അനാബസ്. നമ്മുടെ നാട്ടിൽ ഒരു വിധം തുടക്കക്കാർ എല്ലാം തങ്ങളുടെ കൃഷി ആരംഭിക്കുന്നത് അനാബസിലൂടെ ആണ്. തെക്ക് ഏഷ്യൻ രാജ്യങ്ങളായ ശ്രിലങ്ക, ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മാർ, തായ്‌ലൻഡ്, സിംഗപ്പൂർ മലേഷ്യ എന്നിവിടങ്ങളിൽ അനാബാസ് വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. 

               മറ്റു മത്സ്യങ്ങളിൽ നിന്നും അനാബസിനെ വ്യത്യസ്തമാക്കുന്നത് അവയുടെ ചില പ്രത്യേകതകൾ ആണ്. ഏത് പ്രതികൂല സാഹചര്യങ്ങളിലും ജീവിക്കുവാനുള്ള കഴിവ് അനാബസ് മത്സ്യങ്ങൾക്ക് ഉണ്ട്. ഉയർന്ന താപനിലയിലും, താഴ്ന്ന താപനിലയിലും അവ ജീവിക്കാറുണ്ട്. അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ ആഗിരണം ചെയ്യാൻ കഴിയുന്ന ചുരുക്കം ചില മീനുകളിൽ ഒന്നാണ് അനാബസ്. അതിനാൽ കുളത്തിലെ വെള്ളത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടായാലും ഇവയ്ക്ക് പിടിച്ചു നിൽക്കുവാൻ സാധിക്കും. ഈ കാരണങ്ങൾ കൊണ്ട് തന്നെ കുറഞ്ഞ സ്ഥലത്ത് വളരെ കൂടുതൽ അനാബസ് മത്സ്യങ്ങളെ വളർത്തുവാനും  സാധിക്കുന്നതാണ്. പടുത കുളത്തിലും, സിമന്റ് ടാങ്കിലും, ചെറിയ കുളങ്ങളിലും എല്ലാം അനാബസിനെ വളർത്താറുണ്ട്. രോഗങ്ങൾ ബാധിക്കുന്നത് കുറവായതിനാൽ ഇവയ്ക്ക് അധികം ശ്രദ്ധയുടെ ആവശ്യകതയും ഇല്ല. അനാബസിന്റെ കുഞ്ഞുങ്ങളുടെ മരണ നിരക്കും കുറവാണ്. അതിനാൽ 100 കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയാണെങ്കിൽ, അല്പം ഒന്ന് ശ്രദ്ധ കൊടുത്താൽ  100 എണ്ണവും വളർത്തുവാൻ സാധിക്കുന്നതാണ്. അങ്ങനെ നഷ്ട സാധ്യത വളരെ കുറവായതിനാലാണ് ഇത് തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ ഒരു മത്സ്യം ആണെന്ന് ആദ്യം തന്നെ സൂചിപ്പിച്ചത്.  

             അനാബസിന്റെ മറ്റൊരു സവിശേഷത ആണ്, ജലത്തിന്റെ പി.എച്ചി ൽ ചെറിയ മാറ്റങ്ങൾ ഉണ്ടായാലും അവ നിലനിന്നു പോകും എന്നുള്ളത്. പി. എച്ച് ന് ചെറിയ മാറ്റം സംഭവിച്ചാലും മീനുകൾ നശിച്ചു പോകുവാറില്ല. സാധാരണ ഗതിയിൽ 4 നും 10 നും ഇടയിലുള്ള പി. എച്ചിൽ അനാബസ് മീനുകൾ വളരാറുണ്ട്. മാത്രമല്ല ഇവ പെട്ടന്ന് വളരുകയും ചെയ്യും. 6 മാസം കൊണ്ട് ഏകദേശം 30 സെന്റിമീറ്റർ വരെ വളർച്ച ഇവ കൈവരിക്കാറുണ്ട് . ഇതൊന്നും കൂടാതെ മണിക്കൂറുകളോളം വെള്ളം ഇല്ലാതെ ജീവിക്കുവാനും അനാബസുകൾക്ക് സാധിക്കാറുണ്ട്. 

                 അനാബസ് കൃഷിക്ക് വേണ്ടിയുള്ള കുളം നിർമ്മിക്കുമ്പോൾ, പ്രധാനമായും ശ്രദ്ധിക്കേണ്ടത് നല്ല സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലം നോക്കി തിരഞ്ഞെടുക്കണം എന്നുള്ളതാണ്. ഏകദേശം 8 മണിക്കൂറോളം കുളത്തിൽ സൂര്യ പ്രകാശം ലഭിക്കണം. കുളത്തിനു സമീപം വലിയ വൃക്ഷങ്ങളോ, തണൽ നൽകുന്ന മറ്റെന്തെങ്കിലുമോ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യണം. ശേഷം കുളം നിർമ്മിക്കാവുന്നതാണ്. കുളത്തിനു 4.5 അടിയോളം താഴ്ച ഉള്ളത് നല്ലതായിരിക്കും. കുളം നന്നായി വൃത്തിയാക്കിയതിനു ശേഷം ചെളിയും, മറ്റു അവശിഷ്ടങ്ങും നീക്കം ചെയ്ത് മണൽ വിരിക്കുന്നത് നല്ലതാണ്. ജലത്തിൽ ഉണ്ടാകുന്ന അമോണിയയുടെ അളവ് കുറയുവാനും മറ്റും മണൽ വിരിക്കുന്നത് ഉചിതമാണ്. അതിനു ശേഷം ഹെക്ടറിന് 5 കിലോഗ്രാം ചാണകം, 1 കിലോഗ്രാം കുമ്മായം എന്ന കണക്കിൽ വിതറി വൃത്തിയാക്കുക. വൃത്തിയാക്കിയ ശേഷം ഇതിൽ ജലം നിറയ്ക്കാവുന്നതാണ്. ജലം നിറച്ചു ഒരാഴ്ചയ്ക്ക് ശേഷം 200 ഗ്രാം യൂറിയ കുളത്തിൽ വിതറുന്നത് നല്ലതാണ്. അതിനു ശേഷം 1 ആഴ്ച കഴിഞ്ഞ് കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ടാങ്ക് നിർമിക്കുമ്പോൾ അതിന്റെ അടിത്തട്ട് വൃത്താകൃതിയിൽ നിർമിക്കുന്നത് നല്ലതായിരിക്കും. അതിനാൽ അവശിഷ്ടങ്ങൾ എല്ലാം ഒരിടത്തു തന്നെ അടിഞ്ഞു കൂടും. ശേഷം ഒരു മോട്ടറിന്റെ ‘ഫൂട് വാൽവ്’  ഉപയോഗിച്ച് എളുപ്പത്തിൽ അതിൽ നിന്നും അമോണിയ ഉൾപ്പടെ ഉള്ള മാലിന്യങ്ങൾ ഒഴിവാക്കാവുന്നതാണ്. കുളത്തിൽ രണ്ട് ദിവസം കൂടുമ്പോൾ മോട്ടർ ഉപയോഗിച്ച്  അവ നീക്കം ചെയ്താൽ, കുളത്തിലെ ജലം വൃത്തിയായി പി. എച്ചിന് വ്യത്യാസം വരാതെ സൂക്ഷിക്കാൻ കഴിയും. 

              കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കുന്നതിന് മുൻപ് പ്രധാനമായും ചെയ്യേണ്ട ഒരു കാര്യമുണ്ട്. കുഞ്ഞുങ്ങളെ കൂടുമായി കൊണ്ട് വന്ന് അല്പം നേരം കുളത്തിൽ ഇറക്കി വെയ്ക്കുക. കൂടിനകത്തുള്ള ജലത്തിന്റെ താപനിലയും, കുളത്തിലെ ജലത്തിന്റെ താപനിലയും ക്രമീകരിക്കുവാനാണിത്. അല്ലെങ്കിൽ കുഞ്ഞുങ്ങൾ ചത്തു പോകുവാൻ സാധ്യത കൂടുതൽ ആണ്. ഏകദേശം 10 മിനുട്ടോളം ഇങ്ങനെ ചെയ്യുക. അനാബസിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റു എല്ലാ മൽസ്യങ്ങളുടെ കാര്യത്തിലും ഈ പ്രക്രിയ നിർബന്ധമായും ചെയ്യേണ്ടതാണ്. അതിനു ശേഷം 3 ബക്കറ്റുകളിലായി അതേ കുളത്തിലെ തന്നെ 10 ലിറ്റർ വെള്ളം വീതം എടുക്കുക. ഇതിൽ ഒരു ബക്കറ്റിൽ 100 ഗ്രാം ഉപ്പ് ലയിപ്പിക്കുക (അയഡിൻ അടങ്ങിയിട്ടില്ലാത്ത, കൃഷിക്ക് അനുയോജ്യമായ പരലുപ്പ് ഉപയോഗിക്കുക). അടുത്ത ബക്കറ്റിൽ കുറച്ച് ‘പൊട്ടാസ്യം പെർമാഗനേറ്റ്’ ചേർത്തു ലയിപ്പിക്കുക. ശേഷം മൂന്നാമത്തെ ബക്കറ്റിൽ കുളത്തിലെ ജലം മാത്രം എന്ന ക്രമത്തിൽ സജ്ജീകരിക്കുക. ശേഷം, മീൻ കുഞ്ഞുങ്ങളെ തുറന്ന് അവയെ എല്ലാം ഒരു വലയിൽ എടുക്കുക. അതിനു ശേഷം ആദ്യ ബക്കറ്റിൽ( ഉപ്പ് ലായനിയിൽ )  6 സെക്കന്റ് താഴ്ത്തി വെയ്ക്കുക, പിന്നീട് രണ്ടാം ബക്കറ്റിൽ (പൊട്ടാസ്യം പെർമാഗനേറ്റ് ലായനി) 6 സെക്കന്റ് താഴ്ത്തി വെയ്ക്കുക. ഇതിന് ശേഷം മൂന്നാം ബക്കറ്റിലേക്ക് കുഞ്ഞുങ്ങളെ മാറ്റാം. ഇത് മൂലം കുഞ്ഞുങ്ങൾക്ക് ഉണ്ടാകുവാൻ സാധ്യത ഉള്ള ബാക്ടീരിയ, പൂപ്പൽ അസുഖങ്ങൾ മുതലായവ ഒരു വിധം തടയാനാകും. കൂടാതെ തന്നെ ഇവയുടെ നല്ല വളർച്ചയ്ക്കും ഇത് സഹായകമാകും. ഇതിന് ശേഷം കുഞ്ഞുങ്ങളെ കുളത്തിലേക്ക് നിക്ഷേപിക്കാവുന്നതാണ് . കുളത്തിൽ 1000 ലിറ്റർ വെള്ളത്തിനു ഒരു കിലോഗ്രാം അയഡിൻ രഹിത ഉപ്പ് ചേർക്കുന്നത് അനുയോജ്യമാണ്. ഇത് കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം എയറേഷൻ ആരംഭിക്കാവുന്നതാണ്. 

               അടുത്തതായി ശ്രദ്ധിക്കേണ്ടത് അനാബസിന്റെ തീറ്റയാണ്. ഇവ വളരെ വേഗം വളരുന്ന ഒരു മത്സ്യ ഇനം ആയതിനാൽ, കൃത്യ സമയത്ത് തന്നെ ഇവയ്ക്ക് തീറ്റ നൽകേണ്ടതാണ്. അനാബസ് ഒരു മിശ്ര ഭോജി ആയതുമൂലം, എന്ത് ആഹാരവും ഇവയ്ക്ക് നൽകാവുന്നതാണ്. പോഷക ഗുണമുള്ള ആഹാരം നൽകിയാൽ വളർച്ചാ നിരക്ക് നല്ലതുപോലെ കൂടാറുണ്ട്. സാധാരണ നിലയിൽ നൽകുന്ന പെല്ലറ്റുകളോടൊപ്പം മറ്റു തീറ്റകളും നൽകാവുന്നതാണ്. സാധാരണ ഗതിയിൽ അരി തവിട്, പിണ്ണാക്ക്, കക്കയിറച്ചി, ചെറിയ പ്രാണികൾ, ഒച്ച്, മണ്ണിര, അസോള, പായൽ എന്നിവ എല്ലാം അനാബസ് തീറ്റ ആക്കാറുണ്ട്. ദിവസം രണ്ട് നേരം ആഹാരം നൽകുന്നതാണ് ഉചിതം. ആദ്യ മാസങ്ങളിൽ മാംസ്യം കൂടുതലുള്ള പെല്ലറ്റുകൾ നൽകുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ വളർച്ചയ്ക്ക് സഹായകമാകും. 

               അനാബസ് കൃഷിയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം ആണ്, കുളത്തിന്റെ വശങ്ങളിലും, മുകളിലും ഒക്കെ നന്നായി വല ഉപയോഗിച്ച്  മറയ്ക്കുക എന്നുള്ളത്. മീൻ പിടിക്കുവാൻ വരുന്ന പക്ഷികളെയും, കുളത്തിലേക്ക് വരുന്ന ഇഴ ജന്തുക്കളെയും ഇത് വഴി തടയുവാൻ സാധിക്കും. മാത്രമല്ല അനാബസ് മൽസ്യങ്ങൾ കുളത്തിൽ നിന്നും പുറത്ത് ചാടാൻ സാധ്യത ഏറെയാണ്. വെള്ളമില്ലാതെ തന്നെ മണിക്കൂറുകളോളം ജീവിക്കുവാനും, കിലോമീറ്ററുകളോളം സഞ്ചരിക്കുവാനും ഇവയ്ക്ക് സാധിക്കാറുണ്ട്. അതിനാൽ വല കൊണ്ടുള്ള ഈ സംരക്ഷണം എന്തു കൊണ്ടും നല്ലതാണ്. 

               അനാബസിന്റെ പ്രജനനത്തിനായി 6 മാസം പ്രായമുള്ള ആരോഗ്യമുള്ള മത്സ്യങ്ങളെ ഉപയോഗിക്കാം. 2 ആൺ മത്സ്യവും, ഒരു പെൺ മത്സ്യവും എന്ന രീതിയിൽ പ്രജനനം നടത്താവുന്നതാണ്. ആരോഗ്യമുള്ള പെൺ മൽസ്യങ്ങൾ 400 മുതൽ 500 മുട്ട വരെ ഇടാറുണ്ട്. മുട്ടകൾ ജലത്തിൽ പൊങ്ങി കിടക്കാറാണ് പതിവ്. ഏകദേശം 18 മുതൽ 22 മണിക്കൂർ കൊണ്ട് മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്ത് വരാറുണ്ട്. ‘ഇൻക്യുബേഷൻ’ സമയത്ത് ജലത്തിന്റെ താപനില 28- 32 ഡിഗ്രി സെൽഷ്യസിനിടയിൽ ആയിരിക്കണം. സാധാരണ ഗതിയിൽ 70 മുതൽ 80 ശതമാനം മുട്ടകളും വിരിയാറുണ്ട്. അതിനാൽ നല്ല അളവിൽ കുഞ്ഞുങ്ങളെ ലഭിക്കുന്നതാണ്. 

               സാധാരണയായി 6 മാസം കൊണ്ട് 400 മുതൽ 500 ഗ്രാം വരെ തൂക്കം അനാബസിനു വെക്കാറുണ്ട്. മാർക്കറ്റിൽ ആവശ്യക്കാർ ഏറെ ആയതിനാൽ നല്ല വിലയും ലഭിക്കും. നല്ല സ്വാദും, ഔഷധഗുണവും ഉള്ള മാംസമാണ് അനാബസിന്റെത്. ഇതൊക്കെ കൊണ്ട് തന്നെ തുടക്കക്കാർക്ക് നഷ്ടം കൂടാതെ ചെയ്ത് വിജയിപ്പിക്കാൻ കഴിയുന്ന ഒരു സംരംഭം ആണ് അനാബാസ് കൃഷി. ഏത് സാഹചര്യവും ആയി ഇണങ്ങി ചേരും എന്നുള്ളതും, ഉയർന്ന രോഗ പ്രതിരോധ ശേഷിയും ഇവയെ കർഷകരിലേക്ക് കൂടുതൽ ആകർഷിക്കുന്നു.  

Read also :ചെമ്മീൻ കൃഷി

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close