
പ്രളയം തുടര്‍ സംഭവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അപകട സൂചനാ മുന്നറിയിപ്പ് നല്കുന്ന മുന്‍കരുതല്‍ സംവിധാനം നടപ്പാക്കാനൊരുങ്ങി ആന്ധ്രപ്രദേശ്. എസ്.എം.എസിലൂടെ പ്രളയ ദുരന്ത സാദ്ധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ക്കായാണ് ഇത്തരത്തിലുള്ള അപകട സൂചനാ മുന്നറിയിപ്പ് നല്കുന്ന സംവിധാനം നടപ്പാക്കുന്നത്. 220 കോടി രൂപ ചെലവ് വരുന്ന ആന്ധ്രപ്രദേശ് ദുരന്ത വിമുക്തി പദ്ധതിയിലാണ് എസ് എം എസ് സംവിധാനമുള്ളത്. മലയാളിയായ ഫൈസല്‍ എന്ന ഗവേഷകന്റെ നേതൃത്വത്തിലാണ് ആന്ധ്രപ്രദേശില്‍ പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ തുടരെ രണ്ട് പ്രളയമുണ്ടായപ്പോള്‍ ലോകമെമ്പാടും നിന്നും വന്ന കരുതല്‍ നിര്‍ദേശങ്ങളില്‍ ഒന്നാണ് ഈ സംവിധാനം.
മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ കനത്തമഴയോ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഫോണില്‍ അപകട സൂചന ലഭിക്കുമ്പോള്‍ സൈറണ്‍ മുഴങ്ങും, മൊബൈല്‍ വൈബ്രേറ്റ് ചെയ്യും, ശബ്ദസന്ദേശം വരും. ലോകബാങ്ക് സഹായത്തോടെയാണ് മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാവുന്ന പദ്ധതി തയ്യാറാക്കുന്നത്. രണ്ടു മിനുട്ടിനുള്ളില്‍ സംസ്ഥാനത്തെ മൊത്തം അലര്‍ട്ട് ചെയ്യിക്കാം. ഏത് പ്രദേശത്താണോ ആവശ്യമുള്ളത് അവര്‍ക്ക് മാത്രമാണ് സന്ദേശം ലഭിക്കുക.
അലര്‍ട്ട് നല്‍കുന്നതിനായി ദുരന്തസാദ്ധ്യതാമേഖലയിലുള്ളവരുടെ മൊബൈല്‍ നമ്ബര്‍ ശേഖരിച്ച് വിവിധ വിഭാഗങ്ങളിലായി ഗ്രൂപ്പ് ചെയ്യും. ഒരു പ്രത്യേക സ്ഥലത്ത് നിശ്ചിത അളവില്‍ മഴ പെയ്താല്‍ വെള്ളപ്പൊക്കമോ, മണ്ണിടിച്ചിലോ ഉണ്ടാകുമോ, എവിടെയാണ് വെള്ളം കയറുക, ഒരു പ്രത്യേക ടൗണ്‍ എത്ര സമയത്തിനുള്ളില്‍ വെള്ളത്തിലാകും തുടങ്ങിയ വിവരങ്ങളെല്ലാം നല്‍കാനാകും. ദുരന്തസാദ്ധ്യതയുള്ള സ്ഥലത്ത് വീടുകള്‍ പണിയാന്‍ അനുവദിക്കില്ല.