മയക്കുമരുന്ന് കടത്താന്‍ മൃഗങ്ങളും… മയക്കുമരുന്ന് കള്ളക്കടത്തിനിടെ പിടികൂടിയ പൂച്ച ജയില്‍ നിന്നും രക്ഷപ്പെട്ടു


Spread the love

കൊളംബോ : മൃഗങ്ങളെയും പക്ഷികളെയും ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്നത് വര്‍ദ്ധിച്ചുവരുകയാണ്. ശ്രീലങ്കയിലാണ് ഇത്തരത്തില്‍ മൃഗങ്ങളെയും പക്ഷികളെയും ഉപയോഗിച്ച് മയക്കുമരുന്ന്് കടത്തുന്നത്. കഴിഞ്ഞദിവസം മയക്കുമരുന്ന് കടത്തിനിടെ പിടികൂടി ശ്രീലങ്കന്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന പൂച്ച ജയിലില്‍ നിന്നും ചാടിപ്പോയതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് കള്ളക്കടത്തിന്റെ ഭാഗമായ പൂച്ച സെല്‍ ഫോണ്‍ സിമ്മുകളും മയക്കുമരുന്നും ജയിലിനുള്ളിലെ തടവുകാര്‍ക്ക് നല്‍കാന്‍ എത്തിയപ്പോഴാണ് അധികൃതരുടെ വലയിലായത്. ശ്രീലങ്കയിലെ ഏറ്റവും വലുതും ഹൈസെക്യൂരിറ്റി ജയിലുമായ വെലികാഡാ ജയിലില്‍ നിന്നുമാണ് പൂച്ച ചാടിപ്പോയത്. മയക്കുമരുന്ന് വിതരണം ചെയ്യാന്‍ മാഫിയ സംഘങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു പരുന്തിനെ കഴിഞ്ഞാഴ്ച കൊളംബോയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഈ സംഘം തന്നെയാകാം പൂച്ചയ്ക്കും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള പരിശീലനം നല്‍കിയതെന്നാണ് പൊലീസിന്റെ നിഗമനം.
ശനിയാഴ്ചയാണ് ജയില്‍ വളപ്പിനുള്ളില്‍ പ്രവേശിച്ച പൂച്ചയെ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രണ്ട് ഗ്രാം ഹെറോയിനും രണ്ട് മെമ്മറി കാര്‍ഡുകളും ഒരു മൈക്രോ ചിപ്പും അടങ്ങിയ പ്ലാസ്റ്റിക് ബാഗ് കഴുത്തില്‍ തൂക്കിയ നിലയിലാണ് പൂച്ചയെ കണ്ടെത്തിയത്. എന്നാല്‍ ഞായറാഴ്ചയാണ് പൂച്ച അതിനെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തില്‍ ജയില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ കുറേ ആഴ്ചകളായി ജയിലിന്റെ മതിലുകള്‍ക്ക് പുറത്ത് നിന്നും ആളുകള്‍ മയക്കുമരുന്ന് പായ്ക്കറ്റുകളും ഫോണും ചാര്‍ജറുകളും മറ്റും എറിഞ്ഞ് നല്‍കുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
അന്‍ഗോഡ ലോക്ക എന്ന മാഫിയ തലവന്റെ സംഘമാണ് മൃഗങ്ങളെ ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരന്മാര്‍ എന്നാണ് വിവരം. ഇയാള്‍ കഴിഞ്ഞ മാസം ആദ്യം ഒളിവില്‍ കഴിയുന്നതിനിടെ മരിച്ചിരുന്നു. ലോക്കയുടെ മൃതദേഹം അനധികൃതമായി സംസ്‌കരിക്കുന്നതിനിടെ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് കടത്തിയെന്ന പേരില്‍ മൃഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിനോ മറ്റോ നിയമം ഇല്ലെങ്കിലും മയക്കുമരുന്ന് സംഘത്തെ കണ്ടെത്തുന്നതിന് സഹായകമാകും എന്നതിനാലാണ് അധികൃതര്‍ പൂച്ചയെ ജയിലില്‍ തന്നെ തടഞ്ഞുവച്ചിരുന്നത്. ജയില്‍ ജീവനക്കാര്‍ ആഹാരം നല്‍കാനെത്തിയപ്പോഴാണ് പൂച്ച സെല്ലില്‍ നിന്നും പുറത്തുചാടി രക്ഷപ്പെട്ടത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close