
കേരളത്തിലെ ഫ്ലാറ്റുകളിൽ 70 ശതമാനത്തോളവും വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടേതാണ്. അവിടങ്ങളിലെ കൊറോണ ബാധ കാരണം ഈ ഫ്ളാറ്റുടമസ്ഥരിൽ മിക്കവരും നാട്ടിലേക്ക് തിരികെ വന്നു കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവരും, ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷനും കൊറോണ ബാധക്കെതിരെ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കൊറോണ അതീവ വേഗതയിൽ പടരുന്ന സ്വഭാവമുള്ള ഒരു രോഗമാണ്. കൊറോണ വൈറസ് ശരീരത്തിൽ കടന്നുകൂടിയാൽ അതിനെ നശിപ്പിക്കുവാൻ തക്ക മരുന്നുകൾ നിലവിലില്ല എന്നത് ഗൗരവകരമായ കാര്യമാണ്. എന്നാൽ സാമൂഹിക അകലം, സാമൂഹിക ശുചിത്വം, സാമൂഹിക മര്യാദകൾ, എന്നിവ പാലിക്കുന്നത് വഴി ഈ രോഗം പിടിപെടാതെ നമുക്ക് നമ്മളെയും, സമൂഹത്തെയും കാത്തുരക്ഷിക്കുവാനാകും. രോഗിയുടെ ശ്വാസകോശ സ്രവങ്ങളിലൂടെയാണ് കോവിഡ് -19 പകരുന്നത്. സാമൂഹിക അകലം പാലിക്കാതിരിക്കുന്നതിനാലും, മുഖം മറക്കാതെയുള്ള ചുമ, തുമ്മൽ എന്നിവയിലൂടെയും ശ്വാസകോശ സ്രവങ്ങൾ സൂക്ഷ്മ കണികകളായി മറ്റുള്ളവരിലേക്കെത്തും. സാധാരണ ശക്തിയിലുള്ള ഒരു തുമ്മലിൽ 30,000 ചെറിയ തുള്ളി ഉമിനീർ വരെ ഉണ്ടാകാം. വൈറസുകളും ബാക്ടീരിയകളുമുള്ള ഈ തുള്ളികളിൽ പലതും മണികൂറിൽ 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുവാൻ കഴിവുള്ളവയാണ്. രോഗമുള്ളയാൾ ഒരു ലിഫ്റ്റിനുള്ളിൽ വെച്ച് ചുമച്ചാൽ ആ ലിഫ്റ്റ് സഞ്ചരിക്കുന്ന നിലകളിലെല്ലാം ഈ സൂക്ഷ്മ കണികകളിലൂടെ വൈറസ് എത്തുന്നു. സാധാരണ വീടുകളിൽ നിന്ന് വ്യത്യസ്തമായി ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ലിഫ്റ്റ്, പൊതുവായ വാതിലുകൾ, ഹാൻഡ് റൈലുകൾ, ക്ലബ് ഹൌസ്, സ്വിമ്മിങ് പൂൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ മുതലായ പൊതുവായി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഒരേ കെട്ടിടത്തിനുള്ളിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നതിനാൽ സൗഹൃദ സന്ദർശനങ്ങളും, സാമൂഹിക ഇടപെടലുകളും കൂടുതലാണ്. അതിനാൽ ഫ്ലാറ്റുകളിൽ കോവിഡ്ഡ് ബാധയുണ്ടായാൽ അത് അതിവേഗം പടരും. ഫ്ലാറ്റുകളിൽ വീട്ടുജോലിക്കായും, ഫുഡ് ഡെലിവറി, ഡ്രൈവർമാർ തുടങ്ങിയ ജോലികൾക്കായി എത്തുന്ന സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെട്ടവരിലും രോഗവ്യാപനത്തിന് ഇത് കാരണമായിത്തീരും. ലോകം പൂർണമായും കൊറോണ വിമുക്തമാകുന്നതു വരെ താഴെ പറയുന്ന കാര്യങ്ങൾ ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട് .
1. എല്ലാ ഫ്ളാറ്റുകളിലും കെട്ടിടത്തിലേക്കുള്ള പ്രധാന പ്രവേശന വാതിലുകൾക്കു സമീപം സോപ്പ് ഉപയോഗിച്ച് കൈ കഴുകുവാനുള്ള സൗകര്യം ഒരുക്കേണ്ടതാണ്. പുറത്തു നിന്നും വരുന്നവർ അകത്തേക്ക് കയറുന്നതിനു മുമ്പായി സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് കൈകൾ കഴുകുന്നതു വഴി ഫ്ലാറ്റിന്റെ അകത്തുള്ളവർക്കു കോവിഡ് വരുന്നതിൽ നിന്നും സംരക്ഷണം ലഭിക്കും, അതേ പോലെ തന്നെ ഫ്ലാറ്റിനു പുറത്തേക്ക് പോകുന്നവർ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നത് സമൂഹത്തിൽ കോവിഡ് വ്യാപനം ഉണ്ടാകുന്നതു തടയുന്നതിന് സഹായകമാകും. ഈ കാര്യങ്ങൾ റെസിഡന്റ്സ് അസോസിയേഷൻ ഉറപ്പ് വരുത്തേണ്ടതുണ്ട്. ഫ്ളാറ്റുകളുടെ പ്രധാന വാതിൽ സെൻസർ ഡോറുകൾ ആണെകിൽ തുറക്കുവാനായി കൈകൾ കൊണ്ട് സ്പർശിക്കേണ്ട ആവശ്യമില്ലാത്തതിനാൽ കൂടുതൽ സുരക്ഷിതമായിരിക്കും.
2. ഫ്ലാറ്റുകളിൽ കൊറോണ രോഗം പകരുവാൻ സാധ്യതയുള്ള സ്ഥലമാണ് ലിഫ്റ്റുകൾ, ലിഫ്റ്റിന്റെ വലിപ്പം അനുസരിച് അതിൽ സഞ്ചരിക്കുന്ന വ്യക്തികള് തമ്മിൽ അകലം പാലിക്കാവുന്ന വിധത്തിൽ മാത്രം കയറുക. ഒരു കുടുംബത്തിലെ അംഗങ്ങൾ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ വ്യക്തികൾ ഒരേസമയം ലിഫ്റ്റിൽ കയറാതിരിക്കുക. ലിഫ്റ്റിന്റെ വാതിലിലോ, ബട്ടണിലോ, ക്യാബിനിനുള്ളിലോ ഒരിടത്തും കൈകൾ കൊണ്ട് സ്പർശിക്കരുത്. സാധാരണയായി ലിഫ്റ്റിന്റെ ബട്ടണുകൾ സ്റ്റൈൻലെസ്സ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമിക്കാറുള്ളത്. സ്റ്റൈൻലെസ്സ് സ്റ്റീലിൽ കൊറോണ വൈറസിന് 6 ദിവസങ്ങളോളം ആയുസ്സുള്ളതായി കണ്ടെത്തിയിട്ടുണ്ട്, എന്നാൽ പേപ്പറിൽ 4 മണിക്കൂർ മാത്രമേ ആയുസുള്ളൂ, അതിനാൽ ലിഫ്റ്റിന്റെ ബട്ടണുകൾ ടിഷ്യു പേപ്പർ അല്ലെങ്കിൽ സ്റ്റിക്കർ പേപ്പർ ഉപയോഗിച്ച് കവർ ചെയ്യുക, ലിഫ്റ്റിന്റെ ബട്ടൺ അമർത്തുവാൻ ഫോട്ടോയിൽ കാണുന്ന വിധത്തിൽ തെർമോക്കോളിൽ കുത്തി വെച്ച റ്റൂത് പിക്കുകൾ ഉപയോഗിക്കുക, ഇവ ഉപയോഗശേഷം വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുകയും പിന്നീട് നശിപ്പിക്കുകയും വേണം.
ഇത് കൊറോണ പ്രതിരോധത്തിനായി ലോകമൊട്ടാകെ പിൻതുടരുന്ന രീതിയാണ്.
3. ഫ്ലാറ്റിന്റെ പ്രധാന വാതിലിന്റെ ഹാൻഡിലുകൾ സ്റ്റൈൻലെസ്സ് സ്റ്റീലിനാൽ നിർമ്മിതമാണെങ്കിൽ വൈറസ് ബാധയുള്ളവരുടെ സ്പർശമേറ്റാൽ 6 ദിവസങ്ങൾ വരെ അവിടം സ്പർശിക്കുന്നവർക്കു വൈറസ് ബാധയേൽക്കാൻ സാധ്യതയുണ്ട്. ഈ വാതിൽ തുറന്നു കൊടുക്കുവാനായി സർജിക്കൽ ഗ്ലൗസ്, മാസ്ക് എന്നിവ ധരിച്ച സുരക്ഷാ ജീവനക്കാരനെ നിയോഗിക്കുന്നത് അന്തേവാസികൾക്ക് രോഗബാധയേൽക്കുന്നതു തടയുവാൻ സഹായിക്കും. സർജിക്കൽ ഗ്ലൗസ് എല്ലാ ദിവസവും മാറ്റി പുതിയ ഗ്ലൗസ, മാസ്ക് എന്നിവ ധരിക്കേണ്ടതുമുണ്ട്. വാതിൽ പാളികളിൽ പ്രവേശിക്കുന്നവർ സ്പർശിക്കുവാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
4. ഫ്ളാറ്റിലെ സന്ദർശകരുടേതു മാത്രമല്ല , ഫ്ളാറ്റിലെ അന്തേവാസികളും കെട്ടിടത്തിലേക്ക് വന്ന സമയവും, പുറത്തേക്കു പോയ സമയവും രെജിസ്റ്ററിൽ എഴുതി സൂക്ഷിച്ചാൽ ആർകെങ്കിലും കുറച്ചു ദിവസങ്ങൾക്കകം രോഗബാധയുണ്ടായാൽ അവരുടെ റൂട്ട് മാപ് തയാറാക്കുവാനും അതുവഴി സമൂഹവ്യാപനം ഉണ്ടാകുന്നതു തടയുവാനും കഴിയും .
5. കൊറോണ നമ്മുടെ രാജ്യത്തുനിന്നും വിട്ടുമാറുന്നതുവരെ ഫ്ളാറ്റുകളിലെ ക്ലബ് ഹൗസുകൾ, ജിംനേഷ്യം, കുട്ടികളുടെ കളിസ്ഥലങ്ങൾ, സ്വിമ്മിങ് പൂൾ തുടങ്ങിയവ ഉപയോഗിക്കുവാൻ പാടില്ല. ലോക്ക് ഡൌൺ കാലയളവിൽ ചീട്ടുകളി, ചെസ്സ്, കാരംസ്, ബില്ലിയേർഡ്സ്, കൂട്ടം കൂടിയിരിക്കൽ തുടങ്ങിയവ പാടില്ല. ഹൈദെരാബാദിലെ ചീട്ടുകളിക്കാരുടെ കൂടെ വെറും 15 മിനിറ്റ് ഒരു കളിക്കായി കൂടിയ ലോറി ഡ്രൈവർ അവിടെയുണ്ടായിരുന്ന 24 പേർക്കാണ് കൊറോണ രോഗം പരത്തിയത്, അതിനാൽ ഇത്തരം വിനോദങ്ങളിൽ നിന്ന് അന്തേവാസികൾ വിട്ടുനിൽക്കണം . അത് പോലെ മറ്റ് ഫ്ളാറ്റുകളിലേക്കുള്ള അനാവശ്യ സന്ദർശനങ്ങളും ഫ്ലാറ്റിൽ നിന്ന് പുറത്തുള്ള അതിഥികളുടെ സന്ദർശനവും പരമാവധി ഒഴിവാക്കുക.
6. ഫ്ളാറ്റുകൾക്കുള്ളിലും മാസ്കുകൾ ഉപയോഗിക്കുക. നമ്മുടെ നാട്ടിൽ പൊതുവെ കണ്ടുവരുന്ന പ്രവണതയാണ് മാസ്കുകൾ കഴുത്തിൽ തുക്കിയിട്ടു കൊണ്ട് നടക്കുക എന്നത്, കഴുത്തിലോ, താടിയിലോ, അല്ല മൂക്ക് പൂർണമായും മറയുന്ന വിധത്തിൽ വേണം മാസ്ക് ധരിക്കുവാൻ. അന്തേവാസികൾ എല്ലാവരും ഇക്കാര്യം പാലിക്കുന്നുണ്ടെന്ന് ഫ്ലാറ്റ് ഉടമസ്ഥരുടെ അസ്സോസിയേഷൻ ഉറപ്പാകേണ്ടതുണ്ട്. ഒരു കുടുംബത്തിലെ അംഗങ്ങൾ ആണെങ്കിൽ പോലും ഒരാൾ ഉപയോഗിച്ച മാസ്ക് വേറൊരാൾ ഉപയോഗിക്കുവാൻ പാടില്ല. ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്, ഇത് അണുബാധ പടരുന്നതിനിടയാക്കും,ഇവയിൽ വൈറസ് 8 ദിവസത്തോളം നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്, ഇവ കൊച്ചു കുട്ടികൾ എടുത്തു കളിച്ചാൽ അണുബാധക്കിടയാക്കും. തുണികൊണ്ട് നിർമിച്ചതോ, നോൺ വോവൻ ഫാബ്രിക് കൊണ്ടോ നിർമിച്ച മാസ്കുകൾ ഉപയോഗ ശേഷം ബ്ലീച്ചിങ് പൌഡർ ലായിനി തളിച്ചു നശിപ്പിക്കുക.
7. അക്സസ്സ് കണ്ട്രോൾ സിസ്റ്റം ഉള്ള ഫ്ളാറ്റുകളുടെ എക്സിറ്റ് സ്വിച്ചുകളിൽ അന്തേവാസികളുടെയെല്ലാം കരസ്പർശനം ഏൽക്കുവാൻ സാധ്യതയുള്ള സാധനമാണ്, അതുവഴി വൈറസ് വ്യാപനമുണ്ടാകുവാൻ സാധ്യതയുണ്ട്.പുതിയതരം കോൺടാക്ട് ലെസ്സ് എക്സിറ്റ് സ്വിച്ചുകൾ ലഭ്യമാണ് ഇത്തരം സ്വിച്ചുകളിൽ ഡോർ തുറക്കുവാനായി കൈ കൊണ്ടു സ്പർശിക്കേണ്ട ആവശ്യമില്ല, ഇത്തരം കോൺടാക്ട് ലെസ്സ് സ്വിച്ചുകൾ സ്ഥാപിക്കുകയാണെങ്കിൽ അതുവഴിയുള്ള അണുബാധ തടയുവാൻ കഴിയും. ഇത്തരം സ്വിച്ചുകൾ ലഭ്യമല്ലെങ്കിൽ എക്സിറ് സ്വിച്ചിനു സമീപം 90% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ വെച്ച് അതുപയോഗിച്ചു കൈകൾ വൃത്തിയാകേണ്ടതാണ്.
8. കഴിവതും ഷോപ്പിങ്ങിനായി സൂപ്പർമാർക്കറ്റുകളിൽ പോകാതെയിരിക്കുക, അവിടങ്ങളിലെ ഷോപ്പിംഗ് കാർട്ടുകൾ, ട്രോളികൾ, ക്രെഡിറ് കാർഡ് സ്വൈപ്പിങ് മെഷീനുകൾ തുടങ്ങിയവയെല്ലാം ദിനം പ്രതി വൈറസ് വാഹകരായ അനേകം പേരുടെ കരസ്പർശം ഏൽക്കുവൻ ഇടയുള്ള വസ്തുക്കളാണ്. സൂപ്പർമാർക്കറ്റുകളിൽ പോകുന്നെങ്കിൽ കഴിവതും സാധനം വാങ്ങുവാനായുള്ള കോട്ടൺ ബാഗുകൾ കൊണ്ടുപോകുക. എല്ലാ പേയ്മെന്റുകളും ഗൂഗിൾ / ഫോൺ പേ അല്ലെങ്കിൽ അക്കൗണ്ട് ട്രാൻസ്ഫർ ഇങ്ങനെയുള്ള രീതികളിൽ കൂടെ മാത്രം നൽകുക, കഴിവതും കോയിനുകൾ ക്രെഡിറ് കാർഡുകൾ എന്നിവ ക്യാഷ് കൗണ്ടെറിൽ ഇരിക്കുന്നയാൾക്ക് നൽകാതെയിരിക്കുക, ഇവയിലൊക്കെ വൈറസ് 3 – 4 ദിവസം വരെ നിലനിന്നേക്കാം. ഫ്ളാറ്റുകളിലെ ഒരുമാസത്തേക്കുള്ള ഷോപ്പിങ് ലിസ്റ്റ് മൊത്തമായി എടുത്തു ഏതെങ്കിലും സൂപ്പർമാർകെറ്റിൽ ഏൽപിക്കുകയാണെങ്കിൽ അവർ കുറഞ്ഞ വിലക്ക് ഡോർ ഡെലിവറി നൽകാറുണ്ട്.
9. ഫ്ലാറ്റിലെ അന്തേവാസികൾ എല്ലാവരും അവരുടെ സ്മാർട്ടഫോണിൽ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യുക, ഈ ആപ്പ് കൊറോണബാധിതർ നിങ്ങളുടെ സമീപം എത്തിയാലോ, നിങ്ങൾ കൊറോണ ബാധിത പ്രദേശങ്ങളിൽ പ്രവേശിക്കുകുയാണെങ്കിലോ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും. മാത്രമല്ല നിങ്ങളുടെ ഫ്ലാറ്റിലെ അന്തേവാസികൾക്ക് ആർക്കെങ്കിലും കൊറോണ ബാധിച്ചാൽ അവരുടെ പ്രൈമറി കോൺടാക്റ്സ്, റൂട്ട്മാപ്പ് എന്നിവ ആരോഗ്യസേതു ആപ്പ് ഉപയോഗിച്ച് അനായാസം തയ്യാറാക്കുവാനും സഹായിക്കും.
ആഹാരത്തിലൂടെ എങ്ങനെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു
ആഹാരത്തിലൂടെ എങ്ങനെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2