
സ്വന്തമായി ഒരു സംരംഭം എന്നത് പലരുടെയും സ്വപ്നമാണ്, എന്നാൽ വലിയ മുടക്കുമുതൽ വേണ്ടിവരുന്നത് എല്ലാവരെയും പിന്നോട്ട് വലിക്കുന്നു. വളരെ കുറഞ്ഞ മുടക്കുമുതലിൽ തികച്ചും ലളിതമായി തുടങ്ങാവുന്ന ഒരു സംരംഭം ആണ് ഏത്തക്കായ ചിപ്സ് നിർമാണം. മലയാളികളുടെ എക്കാലത്തെയും പ്രിയ ഭക്ഷ്യ ഉത്പന്നമാണ് ചിപ്സ്. അതുകൊണ്ട് തന്നെ വിപണി കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടാകില്ല. അസംസ്കൃത വസ്തുക്കൾ നമ്മുടെ നാട്ടിൽ തന്നെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ലഭിക്കും എന്നത് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ മേന്മ ആണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഏത്തവാഴ കൃഷി ചെയ്യുന്ന കർഷകരുണ്ട്, അവരെ കണ്ടെത്തി ആവശ്യമുള്ളവ നേരിട്ട് വാങ്ങിക്കുന്നതിലൂടെ സംരംഭകന് ഗുണമേന്മയുള്ള ഏത്തക്കായ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു. ഇത് വിപണി കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകർക്ക് ഏറെ ആശ്വാസകരമാകുന്നു.
സ്വന്തം വീടിന്റെ അടുക്കളപുറം ഉപയോഗപ്പെടുത്തി തന്നെ സംരംഭം ആരംഭിക്കാം. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം ചിപ്സ് നിർമിച്ചു, സാധ്യതകൾ മനസിലാക്കിയ ശേഷം സംരംഭം വിപുലീകരിക്കുക. ചിപ്സ് നിർമാണത്തിൽ അസംസ്കൃത വസ്തുക്കളുടെ എണ്ണം വളരെ കുറവാണ് എന്നത് എടുത്തു പറയേണ്ട മേന്മയാണ്. ചിപ്സ് നിർമാണത്തിന് ആവശ്യമാകുന്നത് ഏത്തക്കായയും, വെളിച്ചെണ്ണയും, ഉപ്പും മാത്രമാണ്.
മികച്ച ഗുണമേന്മ എപ്പോഴും നിലനിർത്തുക എന്നതാണ് ഈ സംരംഭത്തിൽ ഏറെ ശ്രദ്ധിക്കേണ്ടത്. തുടക്കത്തിൽ തന്നെ യന്ത്രങ്ങൾ വാങ്ങി നിർമാണം നടത്തേണ്ട ആവശ്യമില്ല. വീട്ടിലെ അംഗങ്ങളുടെയോ, ജോലിക്കാരുടെയോ സഹായത്തോടെ നിർമാണം തുടങ്ങി വിപണിയിൽ എത്തിക്കാം. വിപണി വികസിക്കുന്നതിന് ഒപ്പം യന്ത്രവത്കരണവും ആവാം.
ഈ സംരംഭത്തിൽ പ്രധാനമായും ആവശ്യമാകുന്ന യന്ത്രം ‘ബനാന സ്ലൈസിങ് മെഷീൻ’ ആണ്. ഒരേ വലിപ്പത്തിൽ ഏത്തക്കായ മുറിച്ചു കിട്ടുവാൻ ഇത് സഹായിക്കുന്നു. സ്ലൈസിങ് മെഷീൻ ഉപയോഗിച്ച് 100-150 കിലോഗ്രാം കായ ഒരു മണിക്കൂറിൽ മുറിക്കുവാൻ സാധിക്കും. മെഷീൻ പ്രവർത്തിപ്പിക്കാൻ 1 HP പവർ ആണ് ആവശ്യമുള്ളത്. ഇതിന്റെ വില ഏകദേശം 10000 രൂപയാണ്. പിന്നീട് ആവശ്യമായത് ‘പാക്കിങ് മെഷീനും’, ‘ഇലക്ട്രോണിക് വെയ്യിങ് മെഷീനുമാണ്’. പാക്കിങ് മെഷീന് വാങ്ങാൻ 3000 രൂപയും, വെയിങ് മെഷീൻ വാങ്ങാൻ 3000 രൂപയും ചിലവ് വരും . കൂടാതെ കായ വറുക്കാൻ ആവശ്യമായ പാത്രങ്ങളും വാങ്ങേണ്ടതുണ്ട്. വിറകടുപ്പ് തന്നെയാണ് ചിപ്സ് നിർമാണത്തിൽ ഏറെ അനുയോജ്യം. ബനാന സ്ലൈസർ ഉപയോഗിക്കുന്നതിലൂടെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുവാനും ഒപ്പം ഉത്പാദനം വർദ്ധിപ്പിക്കുവാനും സാധിക്കും. സ്ലൈസർ ഉപയോഗിച്ച് മുറിച്ചെടുത്ത കായ മഞ്ഞൾ പൊടി കലക്കിയ വെള്ളത്തിൽ ഇട്ടു വയ്ക്കുന്നത് കായയുടെ കറ ഒഴിവാക്കുന്നതിനും, ചിപ്സിന് നിറം ലഭിക്കുവാനും സഹായിക്കുന്നു.
ഈ സംരംഭം വിജയകരമാക്കുന്നത് ഗുണമേന്മ നിലനിർത്തുന്നതിലൂടെയും, ദിവസ ചിലവ് കുറയ്ക്കുന്നതിലൂടെയും ആണ്. 100 കിലോഗ്രാം കായ വറുക്കാൻ ഏകദേശം 15 ലിറ്റർ വെളിച്ചെണ്ണ ആവശ്യമായി വരും. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാൻ പാടില്ല. ഒരിക്കൽ ഉപയോഗിച്ച എണ്ണ വില നൽകി തിരികെ വാങ്ങുന്ന ഏജൻസികളുണ്ട്, അത്തരക്കാർക്ക് ഉപയോഗിച്ച എണ്ണ നൽകി പ്രവർത്തന ചിലവുകൾ കുറയ്ക്കുവാൻ സാധിക്കും. ഏറെ മത്സരം നേരിടുന്ന ഒരു മേഖല ആണ് ചിപ്സ് നിർമാണം, ഗുണമേന്മയിൽ കുറവ് വരുത്തിയാൽ ഈ സംരംഭം ഒരിക്കലും വിജയിക്കില്ല. ചിപ്സിന്റെ വില പലപ്പോഴും വ്യത്യസ്തമായിരിക്കും എന്നിരുന്നാലും നിർമ്മാതാവിന് ലാഭം ഉറപ്പാണ്.
സ്റ്റേഷനറി കടകൾ, ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഹോൾസെയിൽ കടകൾ തുടങ്ങി നിരവധി ഇടങ്ങളിൽ ചിപ്സ് വിൽക്കാം. വൃത്തിയോടെയും, അളവിൽ കൃത്യതയോടെയും പാക്ക് ചെയ്ത് വേണം ചിപ്സ് വിപണിയിൽ എത്തിക്കാൻ. ആകർഷകമായി ബ്രാൻഡ് ചെയ്ത് ഗുണനിലവാരമുള്ള പാക്കിങ് കവറുകളിൽ ചിപ്സ് വിപണിയിൽ എത്തിച്ചാൽ ആവശ്യക്കാർ കൂടും എന്നത് തീർച്ചയാണ്. ആവശ്യക്കാർ കൂടുന്നതിന് അനുസരിച്ചു ഉത്പാദനം വർദ്ധിപ്പിക്കാം, ഒപ്പം ബിസിനസ്സും വളരും. കൂടുതൽ ലാഭവും ലഭിക്കും.
സംരംഭം തുടങ്ങുന്നതിന് മുന്നേ തന്നെ എഫ്.എസ്.എസ്.എ.ഐ യുടെ ഫുഡ് സേഫ്റ്റി ലൈസൻസ്, ഉത്പന്നം പാക്കറ്റുകളിൽ വിൽക്കുന്നതിനാൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പാക്കിങ് ലൈസൻസ് എന്നിവ നേടിയിരിക്കണം. ഇവയൊക്കെ വളരെ വേഗത്തിൽ ലഭ്യമാകും. കൂടാതെ പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാർ ധാരാളം വായ്പ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മൂലധനത്തെ കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ടി വരില്ല.
പുതിയ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു വഴി ആണ് ചിപ്സ് നിർമാണം. കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം എന്നത് തീർച്ചയാണ്.
Read also :- കുറഞ്ഞ ചിലവിൽ ഡ്രൈ ഫ്രൂട്ട്സ് സംരംഭം തുടങ്ങാം
ഈ അറിവ് നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.http://bitly.ws/8Nk2