
2014 ഒക്ടോബർ മാസം 28-നാണ് ഹരിയാനയിലെ സോനാപത് നഗരത്തിലെ ‘പഞ്ചാബ് നാഷണൽ ബാങ്കിന്റെ’ ശാഖയിൽ നാടിനെ നടുക്കിയ ഒരു ഹൈടെക് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ബാങ്കിന്റെ ലോക്കർ റൂമിൽ എത്തിയ മാനേജർ ദേവേന്ദ്ര മാലിക് ഒരു ഞെട്ടലോടെ ആയിരുന്നു ആ കാഴ്ച കണ്ടത്. ബാങ്കിലെ ഏകദേശം 300 ഓളം വരുന്ന ലോക്കർ റൂമുകൾ എല്ലാം തുറന്ന് കിടക്കുന്നു. ലോക്കറിൽ ഉണ്ടായിരുന്ന സർവ്വ സാധനങ്ങളും നഷ്ടമായിരിക്കുന്നു. മുന്നിൽ രണ്ടു രണ്ടര അടി നീളമുള്ള ഒരു വലിയ കുഴിയും. പരവശനായ അയാൾ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയും, അവർ സംഭവ സ്ഥലത്ത് എത്തി ചേരുകയും ചെയ്തു. അവരും തെല്ലൊരു ഞെട്ടലോടെ ആയിരുന്നു ആ ഒരു കാഴ്ച കണ്ടത്. ഇന്നത്തെ കാലം ആയിരുന്നേൽ സംഗതി നിസ്സാരം. സി.സി.ടി.വി നോക്കിയാൽ എന്തെങ്കിലും ഒരു തുമ്പ് ലഭിക്കാതിരിക്കില്ല. എന്നാൽ അന്ന് സി.സി.ടി.വി കൾ പ്രചാരത്തിൽ വരുന്ന സമയം ആയിരുന്നു. ലോക്കർ റൂമിൽ സി.സി.ടി.വി ഇല്ലായിരുന്നു താനും. വളരെ സങ്കീർണ്ണതകൾ നിറഞ്ഞൊരു അവസ്ഥ.
ലോക്കർ റൂമിൽ നിന്നും മറ്റൊരു തുമ്പും കിട്ടാതെ പോലീസ്, റൂമിൽ ഉണ്ടായിരുന്ന കുഴി കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു. അവർ നേരെ ആ കുഴിയിലേക്കിറങ്ങി. എന്നാൽ ഇറങ്ങിയപ്പോഴാണ് മനസ്സിലായത്. അത് വെറുമൊരു കുഴി അല്ലായിരുന്നു, മറിച്ചു ഒരു തുരങ്കം തന്നെ ആയിരുന്നു എന്ന്. രണ്ട് ആൾക്കാർക്ക് വരെ സുഖമായി നടന്ന് പോകാൻ സാധിക്കുന്ന ഒരു തുരങ്കം. ഏകദേശം 125 അടിയോളം നീളം ഉള്ള ആ തുരങ്കത്തിലൂടെ പോലീസ് ചെന്ന് എത്തിയത് ഒരു കൂറ്റൻ കയറ്റത്തിലായിരുന്നു, ആ കയറ്റം കയറി എത്തിയതോ ഒരു മുറിയിലും. എവിടേക്കാണ് താങ്കൾ ചെന്നെത്തിയത് എന്ന് പോലും അറിയാതെ ഒരു നിമിഷം അവർ ഒന്ന് പകച്ചു നിന്നു. ശേഷം മുറി പരിശോധിക്കാൻ തുടങ്ങി. അതൊരു വീടായിരുന്നു. ഇത്രയും വലിയ തുരങ്കം കുഴിച്ചിട്ടും ആ മുറിയിൽ മണ്ണ് ഒന്നും കാണുന്നുണ്ടായിരുന്നില്ല. മറ്റു മുറികൾ പരിശോധിച്ചപ്പോൾ അതിൽ മൺ കൂമ്പാരങ്ങൾ കണ്ടെത്തി. വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ അത് ഒരു കുറ്റി കാടിന് നടുക്ക് ഒറ്റപ്പെട്ട കിടക്കുന്ന വീടാണെന്ന് പോലീസുകാർ മനസ്സിലാക്കി. കൂടാതെ അടുത്ത് പൂട്ടി കിടക്കുന്ന ഒരു മില്ലും. കുറച്ചകലെ താമസക്കാരുള്ള വീടുകൾ ഉണ്ടായിരുന്നത് പോലീസ് ശ്രദ്ധയിൽപ്പെട്ടു.
വിവരം കാട്ടുതീ പോലെ പടർന്നു. നാട്ടുകാരും, പത്രക്കാരും കൂടി. അവസാനം ഡൽഹിയിൽ ഇരുന്ന നരേന്ദ്ര മോദി വരെ അറിഞ്ഞു. ലോക്കറിൽ നിന്നും ഏതാണ്ട് നൂറ് കോടി മൂല്യമുള്ള വസ്തുക്കൾ കളവു പോയി എന്ന ഏകദേശ രൂപവും കിട്ടി. മാത്രമല്ല മുതൽ നഷ്ടമായ ജനങ്ങൾ ബാങ്കിനെതിരെ കേസും കൊടുത്തു. സുരക്ഷിതം അല്ലാത്ത രീതിയിൽ ലോക്കർ പണിതത് ബാങ്കിന്റെ അപാകത തന്നെ ആയിരുന്നു. പോലീസ് ഉടൻ തന്നെ കേസെടുത്തു അന്വേഷണവും ആരംഭിച്ചു. പല വിദഗ്ദന്മാരും കേസ് മാറി മാറി പഠിച്ചു. തികച്ചും വ്യത്യസ്തമായൊരു ബാങ്ക് കൊള്ള. അതും ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ. എന്നിരുന്നാലും ഉദ്യോഗസ്ഥന്മാരുടെ ഉള്ളിൽ തുടക്കം മുതലേ ഉണ്ടാക്കിയിരുന്ന ഒരു സംശയം ഉണ്ടായിരിന്നു. ഇത്ര കൃത്യമായി, ദിശ തെറ്റാതെ വീടിനുള്ളിൽ നിന്നും ബാങ്ക് ലോക്കറിനുള്ളിലേക്ക് തന്നെ എങ്ങനെ ഈ തുരങ്കം പണിതു? തീർച്ചയായും ബാങ്കിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയുള്ള ഒരാൾക്ക് മാത്രമേ ഇത് സാധ്യമാകുകയുള്ളൂവെന്ന് അവർ ഉറപ്പിച്ചു.
അന്വേഷണ സംഘം ആ വീടിന്റെ ഉടമസ്ഥനിലേക്ക് തിരിഞ്ഞു. അന്വേഷണത്തിൽ ഒരു മഹിപാൽ ആണ് വീടിന്റെ ഉടമസ്ഥൻ എന്ന് മനസ്സിലാക്കി. എന്നിരുന്നാലും ഈ വീടിനകത്ത് ഇത്രയും പണി നടത്തുമ്പോൾ സമീപവാസികൾ ആരെങ്കിലും ശബ്ദമോ, സംശയാസ്പദമായ ആളുകളെയോ കാണണമല്ലോ. എന്നാൽ ആ രീതിക്കും പോലീസിന് ഒരു തുമ്പും ലഭിച്ചില്ല. ആളുകൾ ആരും അങ്ങനെ സംശയാസ്പദമായി ഒന്നും കണ്ടിട്ടും, കേട്ടിട്ടും ഇല്ലായിരുന്നു. എന്നാൽ ഈ വിഷയമാണെകിൽ ദിനം പ്രതി രൂക്ഷമായിക്കൊണ്ടിരുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് എൻ.എൻ രവി വരെ സ്ഥലത്തെത്തി. ഇത്രയും ഗൗരവമായൊരു ബാങ്ക് കൊള്ള. ഇത്രയും ആസൂത്രിതമായി നടത്തിയ ഈ കൊള്ളയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിന്ന് പോലും ബന്ധം ഉണ്ടോ എന്നുള്ള സംശയങ്ങൾ. അങ്ങനെ അന്വേഷണം കൂടുതൽ ശക്തമായി. ഒരാൾ മാത്രം വിചാരിച്ചാൽ ഒറ്റയ്ക്ക് ഈ തുരങ്കം നിർമ്മിക്കാൻ സാധിക്കില്ല, മാത്രമല്ല ശനി, ഞായർ ദിവസം കൊണ്ടാണ് ഈ തുരങ്കം ബാങ്കിനുള്ളിൽ എത്തിച്ചിരിക്കുന്നത്. ഈ വസ്തുതകൾ എല്ലാം ഒന്നിലധികം പ്രതികൾ ഉണ്ട് എന്ന ഊഹാപോഹങ്ങളിൽ പോലീസിനെ കൊണ്ട് എത്തിച്ചു.
പോലീസുകാർ വീണ്ടും വീടിന്റെ ഉടമസ്ഥന് നേരെ തിരിഞ്ഞു. എന്നാൽ വീട്ടുടമസ്ഥൻ ആയ മഹിപാൽ അടുത്തെങ്ങും ആ പരിസരത്തു വന്നിട്ടില്ല എന്ന പ്രദേശവാസികളുടെ മൊഴി പോലീസിനെ വീണ്ടും അലട്ടി. എന്നിരുന്നാലും വീട്ടുടമസ്ഥൻ അറിയാതെ ആ വീട്ടിൽ ഇത്രയും വലിയ സംഭവങ്ങൾ അരങ്ങേറുമോ എന്ന സംശയം പോലീസുകാരിൽ ഉടലെടുത്തു. അതുകൊണ്ടു തന്നെ അവർ മഹിപാലിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്തു. എന്നാൽ വീടും, മില്ലും പൂട്ടിയിട്ടിട്ട് കുറേ നാളായി, താൻ അടുത്തിടയ്ക്ക് ഒന്നും അവിടേക്ക് പോയിട്ടില്ല എന്ന മൊഴി ആയിരുന്നു മഹിപാലിൽ നിന്നും പോലീസിന് ലഭിച്ചത്. ശേഷം എപ്പോൾ വിളിച്ചാലും എത്തിച്ചേരണം എന്ന ഉടമ്പടിയോടെ പോലീസ് മഹിപാലിനെ വിട്ടയച്ചു.
തൊട്ട് അടുത്ത ദിവസം പോലീസിനെ കാത്തിരുന്നത് വളരെ വലിയൊരു തുമ്പ് ആയിരുന്നു. സോനാപത് – ഡൽഹി ഹൈവേയിൽ ഒരാൾ അസ്വാഭാവികമായി കിടക്കുന്നു എന്ന ഫോൺ കോൾ പോലീസ് സ്റ്റേഷനിൽ എത്തി. അന്വേഷണത്തിൽ അത് മഹിപാൽ ആണെന്നും, അയാൾ വിഷം കഴിച്ചു ആത്മഹത്യ ചെയ്ത് കിടക്കുകയാണെന്നും മനസ്സിലാക്കി. എന്നാൽ ഈ ആത്മഹത്യ വീണ്ടും പോലീസിന്റെ മനസ്സിൽ സംശയങ്ങൾ ഉടലെടുപ്പിച്ചു. ഒരു പക്ഷേ താൻ പിടിക്കപ്പെടുമോ എന്ന ഭയത്തിൽ ആയിരിക്കുമോ മഹിപാൽ ആത്മഹത്യ ചെയ്തത് എന്ന സംശയം അവരിൽ ദൃഢമായി. അന്വേഷണം ആ ഗതിക്ക് തന്നെ തിരിച്ചു വിടാൻ പോലീസ് തീരുമാനിച്ചു. മഹിപാലിന്റെ ഫോൺ കോൾ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി. ഇതിൽ 4 കോളുകൾ തികച്ചും സംശയാസ്പദമായിരുന്നു. സംഭവ സ്ഥലത്തു നിന്നും ഏകദേശം 5 കിലോമീറ്റർ ചുറ്റളവിൽ ഉള്ള നാല് പേർ. ഈ നാല് പേർക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ട് എന്നത്, ഇവരിലേക്കുള്ള പോലീസിന്റെ സംശയം ഊട്ടിയുറപ്പിച്ചു. ഒരാൾ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ, മറ്റൊരാൾ ലാബ് ടെക്നിഷ്യൻ, ബാക്കി രണ്ട് പേരും കർഷകരും. ഉടൻ തന്നെ ഇവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും, ഇവർ നാല് പേരും അറസ്റ്റിലാകുകയും ചെയ്തു.
ഒടുവിൽ പോലീസുകാർ നടത്തിയ ചോദ്യം ചെയ്യലിൽ കള്ളി വെളിച്ചത്തായി. മഹിപാൽ ഉൾപ്പടെ ഇവർ 5 പേരും ഒന്നിച്ചായിരുന്നു കവർച്ചയുടെ പിന്നിൽ. മറുവശത്തെ മതിൽ ചാടി ആയിരുന്നു ഇവർ വീടിനുള്ളിൽ വന്നിരുന്നത്. വീട് കുറ്റിക്കാട്ടിൽ ആയതിനാൽ ഇവരുടെ സാന്നിധ്യം അതിനുള്ളിൽ പരിസര പ്രദേശികൾ ആരും അറിഞ്ഞതും ഇല്ല. ഏകദേശം 40 ദിവസം കൊണ്ടായിരുന്നു ഇവർ ഈ തുരങ്കം നിർമ്മിച്ചത്. കുഴിച്ചെടുത്ത മണ്ണ് അടുത്ത മുറികളിൽ നിക്ഷേപിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ അയൽവാസികൾക്ക് ഇതിനെ പറ്റി ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഏകദേശം 5 മണിക്കൂറാണ് ഇവർക്ക് ലോക്കറുകൾ തുറന്ന് മോഷണം നടത്താൻ എടുത്തത്. മോഷണ മുതൽ ഒരു ചൂളയിൽ ആയിരുന്നു ഇവർ സൂക്ഷിച്ചു വച്ചിരുന്നത്. പോലീസ് അവിടുന്ന് 40 കിലോഗ്രാം സ്വർണ്ണവും, ഇവരുടെ കയ്യിൽ നിന്നും 60,000 രൂപയും പിടിച്ചെടുത്തു.
മഹിപാലിന്റെ നേതൃത്വത്തിൽ മറ്റു നാല് പേരും കൂടി ചേർന്നായിരുന്നു ഈ മോഷണം നടത്തിയത്. എന്നാൽ പോലീസ് തന്നെ ചോദ്യം ചെയ്തതിനെ തുടർന്ന്, പിടിക്കപ്പെടുമോ എന്ന ഭയം മഹിപാലിന്റെ ആത്മഹത്യയിലേക്ക് നയിച്ചു. എന്നിരുന്നാലും വെറും സാധാരണക്കാരായ ഈ 5 പേർ ചേർന്ന് ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ ഈ ഹൈടെക് ബാങ്ക് കവർച്ച നടത്തി എന്നത് തികച്ചും അത്ഭുതകരമാണ്. മാത്രമല്ല മഹിപാൽ എന്ന വ്യക്തി വെറും ഭയം മൂലം ആത്മഹത്യ ചെയ്യാതിരുന്നു എങ്കിൽ, ഒരു പക്ഷെ പോലീസ് ചരിത്രത്തിലെ അനേകം തെളിയാത്ത കേസുകളിൽ ഒരു കേസ് ആയി മാറിയേനെ ഇതും കൂടി.
Read also: കേരളത്തിന്റെ സ്വപ്ന പാത : സിൽവർ ലൈൻ
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2