
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം നാലോ, അഞ്ചോ ആയി കുറച്ച് ബാക്കിയുള്ളവ സ്വകാര്യവൽക്കരിക്കുമെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപനം നടത്തിയിട്ട് രണ്ടു മാസം പിന്നിട്ടു കഴിഞ്ഞു. കേന്ദ്ര സർക്കാർ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോവുകയാണ്.
രാജ്യത്തെ സാമ്പത്തിക മേഖലയുടെ തളർച്ചയ്ക്ക് പൊതുമേഖലാ ബാങ്കുകളുടെ കാര്യക്ഷമതയില്ലായ്മ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ സംരംഭങ്ങൾക്കും മറ്റും വായ്പ നൽകാതിരിക്കുക. ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ നൽകുന്നതിൽ വരുന്ന വീഴ്ചകൾ, അഴിമതി എന്നിവ പൊതുമേഖലാ ബാങ്കുകളുടെ ന്യൂനതയായി കണക്കാക്കപ്പെടുന്നു.
ഈ പാളിച്ചകൾ മറികടക്കാനായി സ്വകാര്യവൽക്കരണം അനിവാര്യമാണെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. എന്നാൽ, ഈയിടയ്ക്ക് സ്വകാര്യ ബാങ്കായ യെസ് ബാങ്കിൽ നടന്ന അഴിമതിയും തുടർന്നുള്ള തകർച്ചയും, സ്വകാര്യവൽക്കരണം ഒന്നു കൊണ്ടുമാത്രം ബാങ്കുകളുടെ കാര്യക്ഷമത ഉയരുമെന്ന കാഴ്ചപ്പാട് ശരിയല്ല എന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
രാജ്യത്തെ പ്രമുഖ ധനകാര്യ വിദഗ്ധനും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബോർഡ് മെമ്പറായ സതീഷ് മറാട്ടെയുടെ അഭിപ്രായത്തിൽ രാജ്യത്തെ വികസന നേട്ടങ്ങൾക്കായി പൊതുമേഖലാ ബാങ്കുകൾ പൂർണ്ണമായും സ്വകാര്യവൽക്കരിക്കുന്ന തിനുപകരം ഗവൺമെന്റിന്റെ ഷെയർ 26 ശതമാനമായി കുറയ്ക്കുകയും, ഭൂരിഭാഗം വരുന്ന ഷെയറുകൾ രാജ്യത്തെ സാധാരണ ജനങ്ങൾക്ക് വിൽക്കുന്നതു കൂടുതൽ ഗുണകരമാകുമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തിൽ സമ്പൂർണ്ണമായ മാറ്റം അനിവാര്യമാണ്. ബാങ്കിന്റെ നടപടിക്രമങ്ങൾ, ഉദ്യോഗസ്ഥരുടെ സമീപനം എന്നിവ ക്രിയാത്മകമായി മാറ്റപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.