വളരെ എളുപ്പത്തിൽ ബീഫ് ചോപ്സ് വീട്ടിൽ തയ്യാറാക്കാം.


Spread the love

ബീഫ് മലയാളിയുടെ വികാരം ആണ്. ബീഫ് കൊണ്ട് ഉള്ള ഒരു വെറൈറ്റി വിഭവം ആണ് ബീഫ് ചോപ്സ്. പൊറോട്ടയുടെ കൂടെയും, ചപ്പാത്തിയുടെ കൂടെയും, ഫ്രൈഡ് റൈസിന്റെ കൂടെയും എല്ലാം കഴിക്കാൻ പറ്റുന്ന ഏറ്റവും മികച്ച വിഭവങ്ങളിൽ ഒന്ന് ആണ് ബീഫ് ചോപ്സ്. റെസ്റ്റോറന്റിൽ നിന്നും ലഭിക്കുന്ന പോലെ ഉള്ള നല്ല സ്‌പൈസി ബീഫ് ചോപ്പ്സ് അനായാസം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ.

ബീഫ്: 1 kg
സവാള: 6 എണ്ണം
ചെറിയ ഉള്ളി: 10 എണ്ണം
തക്കാളി: 4 എണ്ണം
മഞ്ഞൾ പൊടി: 2 tsp
കറുവ പട്ട: 4 എണ്ണം
മല്ലി: 1 tsp
മല്ലി പൊടി: 3 ടേബിൾ സ്പൂൺ
കാശ്മീരി മുളക് പൊടി: 3 ടേബിൾ സ്പൂൺ
ഇഞ്ചി: ഒരു വലിയ കഷ്ണം ചതച്ചത്
വെളുത്തുള്ളി: 15 അല്ലി ചതച്ചത്
ജീരകം: ¼ tsp
പച്ച മുളക്: 4 എണ്ണം
എണ്ണ: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

ആദ്യമായി ബീഫ്, ചോപ്സിനു വേണ്ട രീതിയിൽ കഷ്ണങ്ങൾ ആക്കി എടുക്കുക. സാധാരണയിൽ നിന്നും വ്യത്യസ്തമായി കുറച്ചു വലിയ കഷ്ണങ്ങൾ ആണ് ചോപ്സിന് വേണ്ടി ഉപയോഗിക്കുവാറുള്ളത്. കഷ്ണങ്ങൾ ആക്കിയ ശേഷം നല്ല വൃത്തി ആയി കഴുകി എടുക്കുക. കഴുകി എടുത്ത ബീഫിനെ വേവിക്കുവാനായി കുക്കറിൽ വെയ്ക്കുക. ഇതിനോടൊപ്പം 2 കഷ്ണം കറുവ പട്ട, 2 tsp മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈ കൊണ്ട് ഇളക്കി യോജിപ്പിക്കുക. ശേഷം വേവിയ്ക്കുവാൻ വെക്കുക. ബീഫിൽ നിന്നും വെള്ളം ഇറങ്ങുന്നതിനാൽ വെള്ളം ഒഴിക്കേണ്ട ആവശ്യം ഇല്ല (ആവശ്യമെങ്കിൽ ¼ കപ്പ്‌ വെള്ളം കൂടി ഒഴിക്കുക). കുക്കറിൽ 5 മുതൽ 6 വിസിൽ വരുന്നത് വരെ ബീഫ് വേവിക്കുവാൻ വെക്കേണ്ടതാണ്.

ശേഷം ഒരു പാൻ എടുത്ത് 4 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കുവാൻ വെയ്ക്കുക. എണ്ണ ചൂടായതിന് ശേഷം 2 കറുവ പട്ട, 1 tsp മല്ലി, ചതയ്ച്ചു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി ചതയ്ച്ചത്, ¼ tsp ജീരകം എന്നിവ എണ്ണയിലേക്ക് ചേർത്തു മൂപ്പിക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കുക. അതിന് ശേഷം 2 തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുത്തു, തവിട്ട് നിറം ആകുന്നത് വരെ നല്ലത് പോലെ വഴറ്റി എടുക്കുക.

കൂട്ട് നല്ലത് പോലെ വരണ്ട് വന്നതിന് ശേഷം ഇതിലേക്കു 3 ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടി, 3 ടേബിൾ സ്പൂൺ മല്ലിപൊടി, 1tsp കുരുമുളക് പൊടി, ½ tsp ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. പൊടികളുടെ പച്ച മണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിന് ശേഷം ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി കൂടി ചേർത്ത് കൊടുക്കുക. ഇവയെല്ലാം കൂടി 5 മിനുട്ട് ഇളക്കി യോജിപ്പിച്ചതിന് ശേഷം, കുക്കറിൽ വെന്ത ബീഫ് കൂടി ഈ കൂട്ടിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം 1 ഗ്ലാസ്‌ വെള്ളം കൂടി ചേർത്ത് മസാല മുഴുവൻ ബീഫിലേക്ക് ഇളക്കി ചേർത്ത് കൊടുത്ത് , 4 പച്ച മുളക് കീറിയത് കൂടി ഇട്ട് 10 മിനുട്ട് ചെറിയ തീയിൽ വെച്ച് വേവിച്ചെടുക്കുക.

അടുത്തതായി ഒരു പാൻ എടുത്ത് 2 tsp എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് 10 ചെറിയ ഉള്ളി അരിഞ്ഞത്, 8 വെളുത്തുള്ളി അല്ലി അരിഞ്ഞത്, 3 തണ്ട് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചു എടുക്കുക. ഇതിലേക്ക് 1 tsp മുളക് പൊടി കൂടി ചേർത്ത്, തയ്യാറാക്കി വെച്ചിരിക്കുന്ന ബീഫിലേക്ക് താളിക്കുക. നല്ല റെസ്റ്റോറന്റ് സ്റ്റൈൽ ബീഫ് ചോപ്സ് തയ്യാർ.

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: http://bit.ly/3qKLVbK

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close